
കാലിഫോര്‍ണിയ: ബഹിരാകാശ പര്യവേഷണ രംഗത്ത് വമ്പന്‍ വിക്ഷേപണങ്ങള്‍ നടത്തി നാസ. 450 ദശലക്ഷം ഗ്യാലക്സികളെ കുറിച്ചും ക്ഷീരപഥത്തിലെ 100 മില്യണിലധികം നക്ഷത്രങ്ങളെ കുറിച്ചും പഠിക്കാന്‍ SPHEREx ബഹിരാകാശ ടെലിസ്കോപ്പും, സൂര്യനെ കുറിച്ച് പഠിക്കാനുള്ള PUNCH Solar Probes ദൗത്യത്തിലെ നാല് കൃത്രിമ ഉപഗ്രഹങ്ങളും സ്പേസ് എക്സിന്‍റെ സഹായത്തോടെ നാസ വിജയകരമായി വിക്ഷേപിച്ചു. പേടകങ്ങളില്‍ നിന്നുള്ള സിഗ്നലുകള്‍ക്കായി കാത്തിരിക്കുന്നതായി നാസ അറിയിച്ചു.
മോശം കാലാവസ്ഥ കാരണം ദൗത്യം പലകുറി മാറ്റിവച്ച സ്‌ഫിയർ-എക്‌സ് ബഹിരാകാശ ടെലിസ്കോപ്പിന്‍റെയും പഞ്ച് സോളാര്‍ പ്രോബിന്‍റെയും വിക്ഷേപണം ഒടുവില്‍ നാസ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. കാലിഫോര്‍ണിയയിലെ വാണ്ടന്‍ബെര്‍ഗ് സ്പേസ് ഫോഴ്‌സ് ബേസില്‍ നിന്ന് ഇന്ന് ഈ പേടകങ്ങളുമായി കുതിച്ചുയര്‍ന്ന സ്പേസ് എക്സിന്‍റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് വിക്ഷേപണം വിജയമാക്കി. സ്‌ഫിയർ-എക്‌സ് സ്പേസ് ടെലിസ്കോപ്പും, പഞ്ച് സോളാര്‍ പ്രോബിലെ നാല് സാറ്റ്‌ലൈറ്റുകളും വിജയകരമായി വിന്യസിക്കാന്‍ നാസയ്ക്കും സ്പേസ് എക്സിനുമായി. SPHEREx-നെ ബഹിരാകാശത്ത് എത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് നാസയുടെ ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോറട്ടറിയിലെ പ്രധാന ഫ്ലൈറ്റ് സിസ്റ്റം എഞ്ചിനീയറായ ഫാറ അലിബേ പറഞ്ഞു.
എന്താണ് സ്‌ഫിയർ-എക്‌സ്?
പ്രപഞ്ചരഹസ്യങ്ങളുടെ ചുരുളഴിക്കുന്ന നാസയുടെ വിഖ്യാത ജെയിംസ് വെബ് ടെലിസ്കോപ്പ് പോലുള്ള മറ്റൊരു ബഹിരാകാശ ദൂരദര്‍ശിനിയാണ് SPHEREx. ഏകദേശം 450 ദശലക്ഷം താരാപഥങ്ങളുടെ ഇൻഫ്രാറെഡ് സ്പെക്ട്രത്തെ വിശകലനം ചെയ്യാനായി ഇൻഫ്രാറെഡ് തരംഗങ്ങൾ ഉപയോഗിച്ച് ആകാശ നിരീക്ഷണം നടത്തുന്ന ബഹിരാകാശ ദൂരദർശിനിയാണ് സ്‌ഫിയർ-എക്‌സ്. 'Spectro-Photometer for the History of the Universe, Epoch of Reionization, and Ices Explorer' എന്നതാണ് SPHEREx-ന്‍റെ പൂര്‍ണരൂപം. ആകാശം മുഴുവൻ നാല് തവണ മാപ്പ് ചെയ്യുവാൻ സാധിക്കുന്ന ലീനിയർ വേരിയബിൾ ഫിൽട്ടര്‍ ഈ ബഹിരാകാശ പേടകത്തിലുണ്ട്. പ്രപഞ്ച വികാസത്തിന്‍റെ കാരണവും, ഗാലക്സികളുടെ ഉത്ഭവവും ചരിത്രവും വിശദീകരിക്കാൻ സ്‌ഫിയർ-എക്‌സ് ബഹിരാകാശ ദൂരദര്‍ശിനിക്ക് കഴിയുമെന്നാണ് നാസയുടെ പ്രതീക്ഷ. 488 ദശലക്ഷം ഡോളറാണ് സ്‌ഫിയർ-എക്‌സ് ദൗത്യത്തിന്‍റെ ചിലവ് എന്നാണ് സ്പേസ് ഡോട്ട് കോമിന്‍റെ റിപ്പോര്‍ട്ട്.
എന്താണ് പഞ്ച്?
'പോളാരിമീറ്റർ ടു യൂണിഫൈ ദി കൊറോണ ആൻഡ് ഹീലിയോസ്‍ഫിയർ' എന്നാണ് പഞ്ചിന്‍റെ പൂര്‍ണ രൂപം. സൂര്യനെ കുറിച്ച് പഠിക്കാന്‍ നാസയുടെ നാല് ചെറിയ കൃത്രിമ ഉപഗ്രഹങ്ങളാണ് പഞ്ച് സോളാര്‍ പ്രോബ് ദൗത്യത്തിലുള്ളത്. 63.5 കിലോഗ്രാം വീതം മാത്രം ഭാരമുള്ള ഈ ഉപഗ്രഹങ്ങള്‍ സൂര്യന്‍റെ ഉയർന്ന റെസല്യൂഷനിലുള്ള ചിത്രങ്ങള്‍ പകര്‍ത്തും. സൂര്യന്‍റെ ഉപരിതലത്തേക്കാൾ ഏറെ മടങ്ങ് ചൂടുള്ള കൊറോണ എന്ന പുറംപാളിയെ കുറിച്ച് പഠിക്കുകയാണ് പഞ്ചിന്‍റെ പ്രധാന ലക്ഷ്യം. സൂര്യന്‍റെ ഹീലിയോസ്‌ഫിയറിനെയും പഞ്ച് സാറ്റ്‌ലൈറ്റുകള്‍ പഠിക്കും. നാല് ഉപഗ്രഹങ്ങളും ഒന്നിച്ച് സൂര്യനെ ചുറ്റുന്നതിനിടയിൽ അതിന്‍റെ വിശദമായ ചിത്രങ്ങൾ അയയ്ക്കും. സൗരവാതങ്ങൾ, കൊറോണ മാസ് എജക്ഷൻസ് (CME), ബഹിരാകാശ കാലാവസ്ഥ എന്നിവയെക്കുറിച്ച് പുത്തന്‍ അറിവുകള്‍ പഞ്ച് നല്‍കുമെന്നാണ് പ്രതീക്ഷ. 165 ദശലക്ഷം ഡോളറാണ് പഞ്ച് ദൗത്യത്തിന്‍റെ ചിലവ്.
Read more: സൂര്യന്‍റെ ഉപരിതലത്തേക്കാള്‍ ചുട്ടുപഴുത്ത കൊറോണ! ആ രഹസ്യത്തിന്‍റെ ചുരുളഴിക്കാന്‍ 'പഞ്ച് ദൗത്യം'
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം