സ്പേസ് ഡോക്കിംഗ് പരീക്ഷണം നടത്താനുപയോഗിച്ച ഉപഗ്രഹങ്ങൾ തിരികെ ഭൂമിയിലെത്തി

Published : Oct 18, 2026, 07:05 PM IST
Spadex undocking

Synopsis

ഐഎസ്ആർഒയുടെ സ്പേഡെക്സ് ദൗത്യത്തിലെ എസ്ഡിഎക്സ്01, എസ്ഡിഎക്സ്02 ഉപഗ്രഹങ്ങൾ കാലാവധി പൂർത്തിയാക്കി ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ച് കത്തിത്തീർന്നു. ബഹിരാകാശത്ത് വച്ച് രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കുന്ന ഡോക്കിംഗ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് ഇവയുടെ മടക്കം.

സ്പേഡെക്സ് ദൗത്യത്തിൽ സ്പേസ് ഡോക്കിംഗ് പരീക്ഷണം നടത്താനുപയോഗിച്ച ഉപഗ്രഹങ്ങൾ തിരികെ ഭൂമിയിലെത്തി. എസ്ഡിഎക്സ്01, എസ്ഡിഎക്സ്02 ഉപഗ്രഹങ്ങള്‍ സുരക്ഷിതമായി ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ച് കത്തി തീർന്നു. ഒക്ടോബർ പന്ത്രണ്ടിനും പതിമൂന്നിനുമാണ് ഉപഗ്രഹങ്ങൾ അന്തരീക്ഷത്തിൽ പ്രവേശിച്ചത്. ഏഴ് മണിക്കൂർ ഇടവേളയിലായിരുന്നു രണ്ട് ഉപഗ്രഹങ്ങളുടെ തിരിച്ചുവരവ്. ഒന്നാം ഉപഗ്രഹം പന്ത്രണ്ടാം തീയതി രാത്രി തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിൽ ഓസ്ട്രേലിയയുടെ പടിഞ്ഞാറ് ഭാഗത്ത് വന്ന് വീണു. പതിമൂന്നിന് പുലർച്ചെ വടക്കൻ പസഫിക് സമുദ്രത്തിന് മുകളിലാണ് രണ്ടാം ഉപഗ്രഹം എത്തിയത്.

ബഹിരാകാശത്ത് വച്ച് രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കുന്ന പരീക്ഷണമായിരുന്നു സ്പേഡെക്സ്. 2024 ഡിസംബർ മുപ്പതിനായിരുന്നു വിക്ഷേപണം. 2025 ജനുവരി പതിനാറിനായിരുന്നു ഉപഗ്രഹങ്ങളുടെ ആദ്യ ഡോക്കിംഗ്. രണ്ട് വട്ടം ഡോക്കിങ്ങും അൺഡോക്കിങ്ങും പൂർത്തിയാക്കിയിരുന്നു. കാലാവധി പൂർത്തിയാക്കിയാണ് ഉപഗ്രഹങ്ങളുടെ മടക്കം.

2024 ഡിസംബര്‍ 30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് പിഎസ്എല്‍വി-സി60 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ച സ്പേഡെക്സ് ദൗത്യത്തില്‍ എസ്‌ഡിഎക്സ് 01, എസ്ഡിഎക്സ് 02 എന്നീ രണ്ട് ഉപഗ്രഹങ്ങളാണുണ്ടായിരുന്നത്. ഈ സാറ്റലൈറ്റുകളെ ബഹിരാകാശത്ത് വച്ച് കൂട്ടിച്ചേര്‍ക്കുകയും ഊര്‍ജ്ജക്കൈമാറ്റം നടത്തുകയും വേര്‍പെടുത്തുകയുമാണ് സ്പേഡെക്സ് ദൗത്യത്തില്‍ ഐഎസ്ആര്‍ഒ പദ്ധതിയിട്ടത്. 2025 ജനുവരി 16ന് രാജ്യത്തിന്‍റെ ചരിത്രത്തിലെ കന്നി സ്പേസ് ഡോക്കിംഗ് ഐഎസ്ആര്‍ഒ വിജയകരമായി നടത്തി. അന്ന് കൂട്ടിച്ചേര്‍ത്ത എസ്ഡിഎക്സ് 01, എസ്ഡിഎക്സ് 02 എന്നീ ഉപഗ്രഹങ്ങളെ പിന്നീട് വിജയകരമായി ബഹിരാകാശത്ത് വച്ച് വേര്‍പ്പെടുത്തി. ഐഎസ്ആര്‍ഒയുടെ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍, ചന്ദ്രയാന്‍ 4, ഗഗന്‍യാന്‍ എന്ന സ്വപ്ന ദൗത്യങ്ങള്‍ക്ക് നിര്‍ണായകമാണ് ഈ ഡോക്കിംഗ് ആന്‍ഡ് ഡീ-ഡോക്കിംഗ് സാങ്കേതികവിദ്യ.

PREV
Read more Articles on
click me!

Recommended Stories

ചുട്ടുപൊള്ളുന്ന ‘പഞ്ഞിമിഠായി ’ ഗ്രഹത്തിൽ രത്‌നങ്ങൾ! കണ്ടെത്തലുമായി ശാസ്ത്രജ്ഞർ
എഐയുടെ വളർച്ചയ്ക്ക് ഇനി തടസം ചിപ്പ് ക്ഷാമമല്ല, പണച്ചെലവ്; മുന്നറിയിപ്പുമായി ഇൻ്റൽ, ബ്രോഡ്കോം മേധാവികൾ