
ഭൂമിയിൽ നിന്ന് 1,300 പ്രകാശവർഷം അകലെയുള്ള വിചിത്ര ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ രത്നങ്ങളോട് സാമ്യമുള്ള ഘടനകൾ കണ്ടെത്തി ശാസ്ത്രജ്ഞർ. ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയുടെ സഹായത്തോടെ നടത്തിയ പഠനത്തിലാണ് ഡബ്ല്യുഎഎസ്പി-17ബി എന്ന ഗ്രഹത്തിന്റെ അന്തരീക്ഷത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ലഭിച്ചത്. മാർഷ്മലോ അഥവാ പഞ്ഞിമിഠായി പോലെ കുറഞ്ഞ സാന്ദ്രതയുള്ള ഈ ഗ്രഹം അത്യധികം ചൂടുള്ളതുമാണ്.
വ്യാഴത്തിന്റെ പിണ്ഡത്തിന്റെ ഏകദേശം 0.8 മടങ്ങ് പിണ്ഡമുള്ള ഡബ്ല്യുഎഎസ്പി-17ബി മാർഷ്മലോ അഥവാ സ്പോഞ്ച് പോലെയുള്ള ഗ്രഹമാണെന്നാണ് ഗവേഷകർ പറയുന്നത്. ഇത് വ്യാഴത്തിന്റെ ഇരട്ടി വീതിയുള്ള ഗ്രഹമാണ്. കുറഞ്ഞ സാന്ദ്രത കാരണം ഇതിനെ ‘സൂപ്പർ പഫ്’ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മാതൃനക്ഷത്രത്തോട് വളരെ അടുത്തായതിനാൽ നാല് ഭൂമിദിവസങ്ങൾക്കുള്ളിൽ ഗ്രഹം ഒരു ഭ്രമണം പൂർത്തിയാക്കും. നക്ഷത്രത്തിൽ നിന്നുള്ള തീവ്രമായ ചൂട് കാരണം ഗ്രഹത്തിന്റെ അന്തരീക്ഷത്തിലും അസാധാരണമായ മാറ്റങ്ങളുണ്ട്.
‘ട്രാൻസ്മിഷൻ സ്ട്രിങ്സ്’ എന്ന പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഗവേഷകർ ഗ്രഹത്തിന്റെ അന്തരീക്ഷം പഠിച്ചത്. അന്തരീക്ഷം വളയത്തിന്റെ ആകൃതിയിലാണെന്നും ചില ഭാഗങ്ങളിൽ രത്നങ്ങൾ ഉയർന്നുനിൽക്കുന്നതുപോലുള്ള ഘടനകളുണ്ടെന്നും പഠനത്തിൽ കണ്ടെത്തി. ഗ്രഹത്തിന്റെ ഒരു വശം എപ്പോഴും മാതൃനക്ഷത്രത്തിന് അഭിമുഖമായിരിക്കും. ഈ പകൽവശം ശക്തമായ വികിരണത്തിന് വിധേയമാകുമ്പോൾ മറുവശത്തുള്ള രാത്രിവശം താരതമ്യേന തണുപ്പുള്ളതാണ്. ചൂടുള്ള കാറ്റുകൾ ഗ്രഹത്തിന്റെ ഭൂമധ്യരേഖയിലേക്കും രാത്രിവശത്തേക്കും എത്തുന്നതാണ് അന്തരീക്ഷത്തിലെ ഈ സവിശേഷ ഘടനകൾക്ക് കാരണമാകുന്നതെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. തണുപ്പുള്ള രാത്രിവശത്ത് അന്തരീക്ഷം വികസിക്കുന്നതായും കണ്ടെത്തി.
സാധാരണ പഠനരീതികളിൽ അന്തരീക്ഷത്തിന്റെ അരികിൽനിന്നുള്ള പ്രകാശത്തെ ശരാശരിയായി കണക്കാക്കുമ്പോൾ, പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഓരോ ഭാഗത്തെയും വ്യത്യാസങ്ങൾ പ്രത്യേകം പരിശോധിക്കാനാകും. ഇതുവഴി ഗ്രഹത്തിന്റെ അന്തരീക്ഷത്തിലെ താപനിലയിലും രാസഘടനയിലുമുള്ള മാറ്റങ്ങൾ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചു. ആറായിരത്തിലധികം അന്യഗ്രഹങ്ങളുടെ അന്തരീക്ഷം പഠിക്കുന്നതിനും അവയുടെ ഘടന മനസ്സിലാക്കുന്നതിനും ഈ രീതി സഹായകമാകുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ബ്രിസ്റ്റോൾ സർവകലാശാല, കോർണൽ സർവകലാശാല തുടങ്ങിയിടങ്ങളിലെ ഗവേഷക സംഘത്തിന്റെ പഠനം ഒക്ടോബർ 14ന് ‘നേച്ചർ ആസ്ട്രോണമി’ ജേണലിൽ പ്രസിദ്ധീകരിച്ചു.