
ഗാലക്സികളുടെ വളർച്ച തടയുന്നതിൽ സൂപ്പർമാസീവ് ബ്ലാക്ക് ഹോളുകൾക്ക് നിർണായക പങ്കുണ്ടെന്ന് കണ്ടെത്തി ശാസ്ത്രജ്ഞർ. ബ്ലാക്ക് ഹോളുകളിൽനിന്ന് അതിശക്തമായി പുറത്തേക്ക് പായുന്ന പ്ലാസ്മ ജെറ്റുകൾ ഗാലക്സികൾക്ക് ചുറ്റുമുള്ള വാതകത്തെ ചൂടാക്കുകയും നക്ഷത്രരൂപീകരണം തടയുകയും ചെയ്യുന്നതായാണ് പുതിയ പഠനത്തിലെ കണ്ടെത്തൽ. ഇതോടെ ഗാലക്സികൾക്ക് പ്രതീക്ഷിക്കുന്നതിലും കുറച്ച് നക്ഷത്രങ്ങൾ മാത്രമുള്ളതിന്റെ ദീർഘകാല രഹസ്യത്തിനും ഉത്തരം ലഭിക്കുകയാണ്. പഠനം ആസ്ട്രോഫിസിക്കൽ ജേണൽ ലെറ്റേഴ്സിൽ പ്രസിദ്ധീകരിച്ചു.
വലിയ ഗാലക്സികളെ ചുറ്റിപ്പറ്റി വാതകവും പൊടിപടലങ്ങളും നിറഞ്ഞ വലിയ മേഖലകളുണ്ട്. നക്ഷത്രങ്ങൾ രൂപപ്പെടുന്നതിനുള്ള അസംസ്കൃത വസ്തുക്കളാണ് ഇവ. സാധാരണയായി ഈ വാതകം ഗാലക്സികളിലേക്ക് എത്തി തണുത്ത് കൂടിച്ചേർന്നാണ് പുതിയ നക്ഷത്രങ്ങൾക്ക് രൂപം നൽകുന്നത്. എന്നാൽ സൂപ്പർമാസീവ് ബ്ലാക്ക് ഹോളുകൾ സജീവമാകുമ്പോൾ അവയിൽനിന്ന് അതിശക്തമായ പ്ലാസ്മ ജെറ്റുകൾ പുറത്തേക്ക് പായും. ഇവ ഗാലക്സിയുടെ കേന്ദ്രത്തിനപ്പുറത്തേക്കും പുറംമേഖലകളിലേക്കും എത്തി ചുറ്റുമുള്ള വാതകത്തെ ചൂടാക്കുകയും അസ്വസ്ഥമാക്കുകയും ചെയ്യുന്നു. ഇതോടെ നക്ഷത്രരൂപീകരണത്തിന് ആവശ്യമായ വാതകം തണുത്ത് കൂടിച്ചേരുന്നത് തടയപ്പെടുന്നു.
ബ്ലാക്ക് ഹോളുകൾ ഗാലക്സികളെ അപേക്ഷിച്ച് വളരെ ചെറുതാണെങ്കിലും അവയുടെ സ്വാധീനം അതിവിശാലമാണെന്ന് ഗവേഷകർ പറയുന്നു. പ്ലാസ്മ ജെറ്റുകൾ ഗാലക്സിയുടെ പുറംഭാഗങ്ങളിലേക്കും അതിനപ്പുറമുള്ള വാതകമേഖലയിലേക്കും എത്തുന്നതായി നിരീക്ഷണങ്ങളിൽ കണ്ടെത്തി. നൂറുകണക്കിന് ഗാലക്സികളിലെ വിവരങ്ങളും റേഡിയോ നിരീക്ഷണങ്ങളും പരിശോധിച്ചാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. ജെറ്റുകൾ ചുറ്റുമുള്ള വാതകക്കൂട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ അവയെ ഊർജസ്വലമാക്കുന്നതായും കണ്ടെത്തി.
നക്ഷത്രങ്ങൾ രൂപപ്പെടാൻ ആവശ്യമായ വാതകത്തെ ബ്ലാക്ക് ഹോളുകളിൽനിന്നുള്ള ജെറ്റുകൾ തടസ്സപ്പെടുത്തുന്നതോടെ ഗാലക്സികളുടെ വളർച്ച മന്ദഗതിയിലാകുന്നു. ഇതാണ് ഗാലക്സികൾക്ക് 'മരണം' സംഭവിക്കുന്നതിലേക്ക് നയിക്കുന്ന പ്രധാന പ്രക്രിയകളിലൊന്നാകാമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. ഗാലക്സികളും അവയുടെ കേന്ദ്രത്തിലുള്ള സൂപ്പർമാസീവ് ബ്ലാക്ക് ഹോളുകളും തമ്മിലുള്ള ബന്ധം മനസിലാക്കുന്നതിൽ നിർണായക കണ്ടെത്തലാണിതെന്ന് ഗവേഷകർ വ്യക്തമാക്കി.