
ദില്ലി: പ്രശസ്ത ജാപ്പനീസ് മാധ്യമപ്രവർത്തകനും ബഹിരാകാശ സഞ്ചാരിയുമായ ടൊയോഹിരോ അകിയാമ അന്തരിച്ചു. 84 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. 1990 ഡിസംബറിലാണ് അദ്ദേഹം സോവിയറ്റ് യൂണിയന്റെ സോയൂസ് ബോണറ്റിൽ ബഹിരാകാശത്തേക്ക് പറന്നുയർന്ന് ചരിത്രത്തിലിടം നേടിയത്.
ടോക്കിയോ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റത്തിൽ (TBS) മാധ്യമപ്രവർത്തകനായിരുന്ന അകിയാമയെ, സ്ഥാപനത്തിന്റെ 40-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് സോവിയറ്റ് യൂണിയനുമായി സഹകരിച്ച് ബഹിരാകാശത്തേക്ക് അയച്ചത്. സോവിയറ്റ് യൂണിയന്റെ 'മിർ' ബഹിരാകാശ നിലയത്തിൽ ഏഴ് ദിവസത്തിലേറെ ചെലവഴിച്ച അദ്ദേഹം, ബഹിരാകാശത്തുനിന്ന് തത്സമയ വാർത്താ സംപ്രേക്ഷണം നടത്തിയ ലോകത്തിലെ ആദ്യത്തെ മാധ്യമപ്രവർത്തകൻ കൂടിയാണ്.
ബഹിരാകാശ ദൗത്യത്തിനു ശേഷം മാധ്യമപ്രവർത്തന രംഗത്തുനിന്ന് വിരമിച്ച അകിയാമ, ജപ്പാനിലെ ഫുകുഷിമയിൽ ജൈവകർഷകനായി പ്രവർത്തിച്ചു വരികയായിരുന്നു. പിന്നീട് പ്രകൃതിദുരന്തത്തെ തുടർന്ന് കൃഷി ഉപേക്ഷിക്കേണ്ടിവന്ന അദ്ദേഹം ക്യോട്ടോ സർവകലാശാലയിൽ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.