തമോഗർത്തത്തിന്‍റെ ലോകത്തിലെ ആദ്യ ചിത്രം പുറത്ത് വിട്ട് ശാസ്ത്രജ്ഞർ

By Web TeamFirst Published Apr 10, 2019, 9:49 PM IST
Highlights

വളരെ ഉയര്‍ന്ന മാസുള്ള നക്ഷത്രങ്ങളാണ് തമോഗര്‍ത്തങ്ങളായി മാറുന്നത്. ഇവയ്ക്ക് പ്രകാശിക്കാൻ സാധിക്കില്ല. ഇത് ബഹിരാകാശത്തിലെ വലിയൊരു ചുഴിയാണ്. ഇതിന്റെ പരിധിയിൽ എത്തുന്ന എല്ലാ വസ്തുക്കളെയും തമോ​ഗർത്തം വലിച്ചെടുക്കും

പാരിസ്: തമോർഗത്തത്തിന്‍റെ ആദ്യ ചിത്രം പുറത്ത് വിട്ട് ശാസ്ത്രലോകം. ഇരുണ്ട മദ്ധ്യഭാഗത്തിന് ചുറ്റും ഓറഞ്ച് നിറത്തിലുള്ള പ്ലാസ്മ വലയം ചെയ്ത നിലയിലാണ് ചിത്രം. പതിനെട്ടാം നൂറ്റാണ്ട് മുതൽ ശാസ്ത്രജ്ഞർ തമോഗർത്തങ്ങളെക്കുറിച്ച് പഠിക്കുന്നുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു തമോഗർത്തത്തിന്‍റെ ചിത്രം എടുക്കുന്നത്. ലോകത്തിന്‍റെ വിവിധ കോണുകളിലായി സ്ഥാപിച്ച എട്ട് ദൂരദർശിനികളുടെ സഹായത്തോടെയാണ് തമോഗർത്തിന്‍റെ ചിത്രം എടുത്തത്. 

വളരെ ഉയര്‍ന്ന മാസുള്ള നക്ഷത്രങ്ങളാണ് തമോഗര്‍ത്തങ്ങളായി മാറുന്നത്. ഇവയ്ക്ക് പ്രകാശിക്കാൻ സാധിക്കില്ല. ഇത് ബഹിരാകാശത്തിലെ വലിയൊരു ചുഴിയാണ്. ഇതിന്റെ പരിധിയിൽ എത്തുന്ന എല്ലാ വസ്തുക്കളെയും തമോ​ഗർത്തം വലിച്ചെടുക്കും. ഇവയുടെ സ്വാധീന മേഖലയ്ക്ക് പുറത്താണെങ്കിൽ വസ്തുക്കൾക്ക് ഭീഷണിയില്ല. തമോ​ഗർത്തങ്ങളുടെ സ്വാധീന പരിധിയെ ഇവന്റ് ഹൊറൈസന്‍ എന്നാണ് ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്.

എം87 എന്നു പേരായ ഗാലക്സിയിൽ സ്ഥിതി ചെയ്യുന്ന തമോ​ഗ‍ർത്തത്തിന്റെ ചിത്രമാണ് ഇപ്പോൾ പകർത്തിയത്. ഭൂമിയിൽ നിന്നും 500 മില്യൺ ട്രില്യൺ കിലോമീറ്ററുകൾക്കകലെയുള്ളതാണ് ഈ തമോ​ഗ‍ർത്തം. ആസ്ട്രോഫിസിക്കൽ ജേണൽ ലെറ്റേഴ്സിലാണ് ഈ ​ഗവേഷണ വിജയത്തെ കുറിച്ചുള്ള റിപ്പോ‍ർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

സൗരയൂഥത്തേക്കാൾ വലിപ്പമുള്ളതാണ് ഈ തമോ​ഗർത്തമെന്ന് ​ഗവേഷകർ പറയുന്നു. സൂര്യനെക്കാൾ 6.5 ബില്യൺ മടങ്ങ് അധികമാണ് ഈ തമോ​ഗർത്തത്തിന്റെ പിണ്ഡം. മറ്റൊരർത്ഥത്തിൽ പ്രപഞ്ചത്തിൽ ഇതുവരെ കണ്ടെത്തിയ തമോ​ഗർത്തങ്ങളിൽ വച്ച് ഏറ്റവും വലിപ്പമേറിയതാണിത്.

ബഹിരാകാശ പര്യവേഷണ രം​ഗത്ത് നാഴികക്കല്ലാണ് ഈ നേട്ടം. ഭൂമിയിൽ പല സ്ഥലങ്ങളിലായി സ്ഥാപിച്ച എട്ട് ടെലസ്കോപ്പുകളുടെ സഹായത്തോടെയാണ് ചിത്രം പക‌‍‍ർത്തിയത്.

click me!