ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്കുകിഴക്കൻ ഭാഗത്തുള്ള 'ഡയമന്റിന ഫ്രാക്ചർ സോൺ' എന്നറിയപ്പെടുന്ന അഗാധമായ മലനിരകളും കിടങ്ങുകളും നിറഞ്ഞ മേഖലയിലാണ് ഇവർ പ്രത്യേക അന്തർവാഹിനി ഉപയോഗിച്ച് പര്യവേക്ഷണം നടത്തിയത്

പിസ: 50 ലക്ഷം വർഷങ്ങൾ പഴക്കമുള്ള ഫോസിലുകൾ നിറഞ്ഞ ചരിത്രത്തിലെ ഏറ്റവും പഴക്കമേറിയ തിമിംഗല ശ്മശാനം കണ്ടെത്തി ഗവേഷകർ. ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്ക് കിഴക്കൻ ഭാഗത്താണ് വർഷങ്ങൾ പഴക്കമുള്ള ഫോസിലുകൾ കണ്ടെത്തിയത്. ചത്തു വീഴുന്ന തിമിംഗലങ്ങളുടെ അവശിഷ്ടങ്ങൾ സാധാരണയായി സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് നാല് കിലോമീറ്ററിൽ താഴെ ആഴത്തിലാണ് കണ്ടെത്താറുള്ളത്. എന്നാൽ പുതുതായി കണ്ടെത്തിയ ഈ സമുദ്ര ശ്മശാനം ഏഴ് കിലോമീറ്ററിലധികം ആഴത്തിലാണ് സ്ഥിതി ചെയ്യുന്നത്. മാത്രമല്ല ഇത് കടലിന്റെ അടിത്തട്ടിൽ നൂറുകണക്കിന് മൈലുകൾ നീളത്തിൽ വ്യാപിച്ചുകിടക്കുന്നുവെന്നാണ് ഗവേഷകർ വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഈ അത്യഗാധമായ സമുദ്രമേഖലകളിൽ ഇപ്പോഴും ജീർണ്ണിച്ചുകൊണ്ടിരിക്കുന്ന തിമിംഗലങ്ങളുടെ ശരീര അവശിഷ്ടങ്ങൾ ധാരാളമായി ഉണ്ടെന്നും അവയെ ആശ്രയിച്ച് വലിയൊരു ജീവലോകം തന്നെ അവിടെ വളരുന്നുണ്ടെന്നും ഗവേഷകർ കണ്ടെത്തിയിട്ടുള്ളത്. ഇതുവരെ ആരും പര്യവേക്ഷണം നടത്താത്ത ഇത്തരം വിചിത്രമായ പാരിസ്ഥിതിക സാഹചര്യങ്ങളിലും ശാസ്ത്രത്തിന് ഇതുവരെ തിരിച്ചറിയാൻ കഴിയാത്ത വൈവിധ്യമാർന്ന ജീവിവർഗ്ഗങ്ങൾ വസിക്കുന്നുണ്ടെന്നാണ് ഇറ്റലിയിലെ പിസ സർവകലാശാലയിലെ ഗവേഷകനായ ഡോ ജിയോവാനി ബിയാനുച്ചി വ്യക്തമാക്കുന്നത്. പ്രകാശത്തിന്റെ പൂർണ്ണമായ അസാന്നിധ്യത്തിലും അതിശക്തമായ മർദ്ദത്തിലും പോലും ജീവന് എങ്ങനെ അതിജീവിക്കാനും പരിണമിക്കാനും സാധിക്കുമെന്ന് ഈ കണ്ടെത്തൽ തെളിയിക്കുന്നു.

ചൈന, ഇറ്റലി, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരുടെ സംയുക്ത സംഘമാണ് ഈ സുപ്രധാന കണ്ടെത്തലിന് പിന്നിൽ പ്രവർത്തിച്ചത്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്കുകിഴക്കൻ ഭാഗത്തുള്ള 'ഡയമന്റിന ഫ്രാക്ചർ സോൺ' എന്നറിയപ്പെടുന്ന അഗാധമായ മലനിരകളും കിടങ്ങുകളും നിറഞ്ഞ മേഖലയിലാണ് ഇവർ പ്രത്യേക അന്തർവാഹിനി ഉപയോഗിച്ച് പര്യവേക്ഷണം നടത്തിയത്. ഏകദേശം 50 മുതൽ 60 മില്യൺ വർഷങ്ങൾക്ക് മുമ്പ് ഓസ്‌ട്രേലിയൻ, അന്റാർട്ടിക് ഭൂഖണ്ഡങ്ങൾ തമ്മിൽ വേർപിരിഞ്ഞപ്പോഴാണ് ഈ പ്രദേശം രൂപപ്പെട്ടത്.

'നേച്ചർ' എന്ന ശാസ്ത്രമാസികയിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ഈ മേഖലയിൽ സമുദ്രനിരപ്പിൽ നിന്ന് 7002 മീറ്റർ വരെ ആഴത്തിലാണ് തിമിംഗലങ്ങളുടെ ഫോസിലുകൾ കണ്ടെത്തിയത്. കടലിന്റെ അടിത്തട്ടിലേക്ക് നടത്തിയ 32 ഓളം ഡൈവിംഗുകളിലൂടെ 485 ഫോസിൽ കേന്ദ്രങ്ങളും, നിലവിൽ ജീർണ്ണിച്ചുകൊണ്ടിരിക്കുന്ന അഞ്ച് പുതിയ തിമിംഗല ശരീരങ്ങളും ശാസ്ത്രജ്ഞർ കണ്ടെത്തി. ഏകദേശം 1200 കിലോമീറ്റർ നീളത്തിൽ വടക്കുപടിഞ്ഞാറ് മുതൽ തെക്കുകിഴക്ക് വരെയുള്ള ഒരു പ്രത്യേക ദിശയിലാണ് ഈ അവശിഷ്ടങ്ങൾ കിടക്കുന്നത്. അതുകൊണ്ട് തന്നെ ഇത് തിമിംഗലങ്ങളുടെ സഞ്ചാരപഥവുമായി ബന്ധപ്പെട്ട ഒരു വലിയ സൂപ്പർ കോറിഡോർ ആകാനാണ് സാധ്യതയെന്ന് ഗവേഷകർ വിലയിരുത്തുന്നത്.

ഇവിടെ നിന്ന് കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലിയ അവശിഷ്ടം അന്റാർട്ടിക് മിൻകെ തിമിംഗലത്തിന്റെ അഞ്ച് മീറ്റർ നീളമുള്ള അസ്ഥികൂടമാണ്. ഇതിന് പുറമെ, വംശനാശം സംഭവിച്ച ചില അപൂർവ്വ ഇനം തിമിംഗലങ്ങളുടെ തലയോട്ടികളും ഇവിടെ നിന്ന് ഫോസിൽ രൂപത്തിൽ ലഭിച്ചിട്ടുണ്ട്. ഇതിൽ 5.3 മില്യൺ വർഷം പഴക്കമുള്ളതും ശാസ്ത്രലോകം 'റ്റെറോസെറ്റസ് ഡയമന്റിനെ' എന്ന് പുതിയതായി പേരിട്ടതുമായ ചില തിമിംഗല വർഗ്ഗങ്ങളും ഉൾപ്പെടുന്നു. ചത്തു ജീർണ്ണിക്കുന്ന ഈ തിമിംഗല ശരീരങ്ങളിൽ ഞണ്ടുകൾ, കക്കകൾ, അസ്ഥികൾ തിന്നു ജീവിക്കുന്ന പ്രത്യേകതരം പുഴുക്കൾ, കടൽ നക്ഷത്രങ്ങൾ തുടങ്ങിയ നിരവധി ജീവികൾ വസിക്കുന്നുണ്ട്. ഇവയിൽ ഭൂരിഭാഗവും ശാസ്ത്രത്തിന് ഇതുവരെ അപരിചിതമായ പുതിയ ജീവിവർഗ്ഗങ്ങൾ ആകാനാണ് സാധ്യത.

യുകെയിലെ സൗതാംപ്ടൺ സർവകലാശാലയിലെ സമുദ്ര പര്യവേക്ഷണ പ്രൊഫസറായ ജോൺ കോപ്ലി ഈ കണ്ടെത്തലിനെ സമുദ്രശാസ്ത്രത്തിലെ അതിശയകരമായ ഒന്നായാണ് വിലയിരുത്തുന്നത്. ഇത്രയധികം ആഴത്തിൽ ഇത്തരമൊരു കോളനി കണ്ടെത്തുന്നത് ഇതാദ്യമായാണ്. ഒരു ചതുരശ്ര കിലോമീറ്ററിൽ എണ്ണൂറോളം അസ്ഥികൂടങ്ങൾ കാണപ്പെടുന്നത് ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തുന്നുണ്ട്. ആഴം കുറഞ്ഞ കടലിൽ ജീവിക്കുന്ന മിൻകെ തിമിംഗലങ്ങളുടെയും, ഇര തേടി കടലിന്റെ ആഴങ്ങളിലേക്ക് പോകുന്ന ബീക്ക്ഡ് തിമിംഗലങ്ങളുടെയും അവശിഷ്ടങ്ങൾ ഒരേ സ്ഥലത്ത് കാണപ്പെടുന്നത് കൗതുകകരമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം