അറബിക്കടലും ഹിമാലയവും അതിസുന്ദരം, രാത്രി ബഹിരാകാശത്ത് നിന്ന് നോക്കുമ്പോള്‍ ഇന്ത്യ ഇങ്ങനെ

Published : Mar 11, 2026, 12:52 PM IST
India from Space

Synopsis

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പകർത്തിയ ഇന്ത്യയുടെ മനോഹരമായ രാത്രികാല ദൃശ്യങ്ങൾ നാസ പുറത്തുവിട്ടു. അറബിക്കടലിനും ഹിമാലയത്തിനും മുകളിലൂടെ ഐഎസ്എസ് സഞ്ചരിക്കുമ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളാണിത്. 

എല്ലാവര്‍ക്കും കൗതുകമാണ് ബഹിരാകാശം. ചന്ദ്രനെ, നക്ഷത്രങ്ങളെ ഒക്കെ ഒരിക്കലെങ്കിലും നോക്കാത്തവര്‍ ഭൂമിയിലുണ്ടാവില്ല. അത്രത്തോളം ആകാംക്ഷ നിറയ്ക്കുന്നതാണ് ബഹിരാകാശം എന്ന വിശാലദേശവും അതിലെ വസ്‌തുക്കളും നിഗൂഢതകളും. ആ ബഹിരാകാശത്ത് നമ്മുടെ ഭൂമി ഒരു ചെറിയ പൊട്ടുപോലെ മാത്രമാണ്. എന്നാല്‍, കുറച്ചുകൂടി അടുത്തുനിന്ന് നോക്കിയാല്‍ ഭൂമി കൂടുതല്‍ വ്യക്തതയില്‍ കാണാനാകും. ഇങ്ങനെ നോക്കുമ്പോള്‍ നമ്മുടെ സ്വന്തം ഇന്ത്യയെ എങ്ങനെയിരിക്കും കാണുക, എത്ര മനോഹരമായിരിക്കും ബഹിരാകാശത്ത് നിന്നുള്ള ഇന്ത്യന്‍ കാഴ്‌ച.

ബഹിരാകാശത്ത് നിന്നുള്ള ഇന്ത്യന്‍ ചന്തം 

ഭൂമിയെ വലംവെച്ച് ബഹിരാകാശത്ത് കൂടി കറങ്ങുന്ന അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) നിന്ന് പകര്‍ത്തിയ ഇന്ത്യയുടെ മൂന്ന് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നാസ. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിന്‍റെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലാണ് ഈ തകര്‍പ്പന്‍ ഫോട്ടോകള്‍ ഷെയര്‍ ചെയ്‌തിരിക്കുന്നത്. അറബിക്കടലിനും ഹിമാലയത്തിനും മുകളിലൂടെ പറക്കുമ്പോൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ചിത്രീകരിച്ച ഇന്ത്യയുടെ രാത്രികാല നഗരദൃശ്യം- എന്ന കുറിപ്പോടെയാണ് എക്‌സ് പോസ്റ്റ്. ഇന്ത്യയുടെ രാത്രികാല ദീപങ്ങളും അറബിക്കടലിന്‍റെയും ഹിമാലയന്‍റെയും മനോഹാരിതയും ഈ ചിത്രങ്ങളില്‍ വ്യക്തം.

 

 

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തെ കുറിച്ച് കൂടുതലറിയാം

താഴ്ന്ന ഭൂ-ഭ്രമണപഥത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതും മനുഷ്യവാസയോഗ്യവുമായ ഒരു ബഹിരാകാശ ഗവേഷണശാലയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം അഥവാ ഐഎസ്എസ്. ഭൗമോപരിതലത്തിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ ഉയരത്തിൽ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന ഐഎസ്എസ് മണിക്കൂറിൽ 27,000 കിലോമീറ്റർ വേഗത്തില്‍ സഞ്ചരിക്കുന്നു. ബഹിരാകാശ നിലയം ഒരു ദിവസം 15.54 തവണ ഭൂമിയെ വലംവെക്കുന്നുണ്ട്. ഒരു ഫുട്ബോൾ സ്റ്റേഡിയത്തിന്‍റെ വലിപ്പമുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് 109 മീറ്റർ നീളവും 73 മീറ്റർ വീതിയുമാണുള്ളത്. ഭൂഭ്രമണപഥത്തിലുള്ള ഏറ്റവും വലിയ മനുഷ്യ നിര്‍മ്മിത വസ്‌തുവായ ഐഎസ്എസിന്‍റെ ഭാരം 4.5 ലക്ഷം കിലോഗ്രാമാണ്. യൂനിറ്റി , സ്വാര്യാ, സ്വെ‌സ്‌ഡാ എന്നീ ഭാഗങ്ങളാണ് നിലയത്തിനുള്ളത്.

അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയാണ് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിന് നേതൃത്വം കൊടുക്കുന്നത്. നാസയ്‌ക്ക് പുറമെ റഷ്യ (RKA), ജപ്പാൻ (JAXA), കാനഡ (CSA) തുടങ്ങിയ രാജ്യങ്ങളും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പങ്കാളികളാണ്. 1998-ല്‍ നിര്‍മ്മാണം തുടങ്ങിയ അന്താരാഷ്‌ട്ര ബഹിരാകാശ നിലയം 2030-ഓടെ ഡീഓര്‍ബിറ്റ് ചെയ്‌ത് പ്രവര്‍ത്തനരഹിതമാക്കും.

PREV
Read more Articles on
click me!

Recommended Stories

ലോകം കാത്തിരുന്ന വാര്‍ത്തയെത്തി; 2032-ല്‍ ചന്ദ്രനുമായി വൈആര്‍4 ഛിന്നഗ്രഹം കൂട്ടിയിടിക്കില്ലെന്ന് ഉറപ്പിച്ച് നാസ
ദ്വന്ദ്വനക്ഷത്രങ്ങള്‍ നക്ഷത്രകൂട്ടങ്ങളുടെ വളർച്ചയെ സ്വാധീനിക്കുന്നു; പുതിയ തെളിവുമായി നാസയുടെ ഹബ്ബിള്‍ ചിത്രങ്ങള്‍