ചരിത്രത്തിലാദ്യം; ചൈനയുടെ ടിയാൻഗോംഗ് ബഹിരാകാശ നിലയത്തിൽ പുതിയ ഇനം ബാക്ടീരിയ കണ്ടെത്തി

Published : May 23, 2025, 01:06 PM ISTUpdated : May 23, 2025, 01:09 PM IST
ചരിത്രത്തിലാദ്യം; ചൈനയുടെ ടിയാൻഗോംഗ് ബഹിരാകാശ നിലയത്തിൽ പുതിയ ഇനം ബാക്ടീരിയ കണ്ടെത്തി

Synopsis

പുതിയ ബാക്ടീരിയയെ തിരിച്ചറിഞ്ഞത് ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങളിൽ സഹായകമായേക്കാവുന്ന നിര്‍ണായക കണ്ടെത്തലായാണ് ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്

ചൈനയുടെ ടിയാൻഗോംഗ് ബഹിരാകാശ നിലയത്തിനുള്ളിൽ ഭൂമിയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പുതിയ സൂക്ഷ്‍മാണുവിനെ ശാസ്ത്രജ്ഞർ കണ്ടെത്തി. 2023 ജൂണിൽ ഭൂമിയിൽ തിരിച്ചെത്തിയ ഷെൻഷോ 15 ക്രൂഡ് ദൗത്യത്തിനിടെ ടിയാൻഗോംഗിന്‍റെ ഉപരിതലത്തിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിലാണ് പുതിയ ബാക്‌ടീരിയ സ്ട്രെയിനിനെ കണ്ടെത്തിയത്. ഇതിന് ഔദ്യോഗികമായി 'നിയാലിയ ടിയാൻഗോൻജെൻസിസ്' എന്ന് പേരിട്ടു. ഈ സൂക്ഷ്‌മാണുവിനെ കുറിച്ചുള്ള പഠനം ഇന്‍റർനാഷണൽ ജേണൽ ഓഫ് സിസ്റ്റമാറ്റിക് ആൻഡ് എവല്യൂഷണറി മൈക്രോബയോളജി ജേണലിൽ പ്രസിദ്ധീകരിച്ചു. 

പുതിയ ബാക്‌ടീരിയ ഒരു വടിയുടെ ആകൃതിയിലുള്ളതാണെന്ന് ഇന്‍റർനാഷണൽ ജേണൽ ഓഫ് സിസ്റ്റമാറ്റിക് ആൻഡ് എവല്യൂഷണറി മൈക്രോബയോളജി ജേണലിലെ പിയർ-റിവ്യൂഡ് പേപ്പറില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. താഴ്ന്ന ഭൂമിയുടെ ഭ്രമണപഥത്തിലെ മൂന്ന് മൊഡ്യൂൾ ബഹിരാകാശ നിലയമായ ടിയാൻഗോംഗിൽ ഒരു പുതിയ ഇനം ബാക്ടീരിയ കണ്ടെത്തുന്നത് ഇതാദ്യമാണ്. 

ടിയാൻഗോംഗ് ബഹിരാകാശ നിലയത്തില്‍ നിന്ന് 2023-ൽ ഷെൻഷോ-15 ദൗത്യത്തിലെ ബഹിരാകാശ സഞ്ചാരികള്‍ ശേഖരിച്ച സാമ്പിളുകളിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. ഭൂമിയിൽ മണ്ണിലും മാലിന്യത്തിലും കാണപ്പെടുന്ന ഒരു സ്പീഷീസുമായി ഏറ്റവും അടുത്ത ബന്ധമുള്ളതാണ് ഈ പുതിയ ബാക്ടീരിയ എന്നാണ് ഗവേഷകരുടെ പക്ഷം. ഇവ മനുഷ്യന് ഹാനികരമാകുന്നതാണോ എന്ന കാര്യത്തില്‍ തുടര്‍ പഠനങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു. ബഹിരാകാശ യാത്രികരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ബഹിരാകാശ പേടകങ്ങളുടെ പ്രവർത്തനക്ഷമത നിലനിർത്തുന്നതിനും ദീർഘകാല ബഹിരാകാശ ദൗത്യങ്ങളിൽ സൂക്ഷ്‍മാണുക്കളുടെ സവിശേഷതകൾ മനസിലാക്കേണ്ടത് അത്യാവശ്യമാണെന്ന് ഗവേഷകർ വ്യക്തമാക്കി. 

എന്തായാലും, രൂപാന്തര നിരീക്ഷണം, ജീനോം സീക്വൻസിംഗ്, ഫൈലോജെനെറ്റിക് വിശകലനം, മെറ്റബോളിക് പ്രൊഫൈലിംഗ് തുടങ്ങിയവയിലൂടെ ഇതൊരു പുതിയ സ്‍പീഷീസ് ബാക്ടീരിയയാണെന്ന് നിർണ്ണയിക്കപ്പെട്ടിട്ടുണ്ട്. അതേസമയം, നമ്മുടെ ഗ്രഹത്തിനപ്പുറം അതിജീവിക്കാൻ കഴിയുന്നതായി തിരിച്ചറിയപ്പെട്ട ആദ്യത്തെ സൂക്ഷ്മജീവി അല്ല ഇത്. 2018-ൽ നാസ ശാസ്ത്രജ്ഞർ മുമ്പ് അറിയപ്പെടാത്ത നാല് ആന്‍റിബയോട്ടിക് പ്രതിരോധശേഷിയുള്ള ബാക്ടീരിയകൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ ടോയ്‌ലറ്റുകളില്‍ നിന്ന് കണ്ടെത്തിയിരുന്നു.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ
വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ