143 കോടി ഇന്ത്യക്കാര്‍ക്കും അഭിവാദ്യം; നിറപുഞ്ചിരിയോടെ കൈവീശി പേടകത്തിന് പുറത്തിറങ്ങി ശുഭാംശു- ആദ്യ ദൃശ്യങ്ങള്‍

Published : Jul 15, 2025, 05:02 PM ISTUpdated : Jul 15, 2025, 05:06 PM IST
Shubhanshu Shukla

Synopsis

ശുഭാംശു ശുക്ല സ്പേസ് എക്‌സിന്‍റെ ക്രൂ ഡ്രാഗണ്‍ ഗ്രേസ് പേടകത്തിന് പുറത്തേക്കുവന്നത് കൈവീശി അഭിവാദ്യം ചെയ്ത്

കാലിഫോര്‍ണിയ: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) 18 ദിവസം നീണ്ട ദൗത്യം പൂര്‍ത്തിയാക്കി ഭൂമിയില്‍ മടങ്ങിയെത്തിയ ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല പേടകത്തിന് പുറത്തേക്ക് വന്നത് കൈവീശി അഭിവാദ്യം ചെയ്ത്. ശുഭാംശു ഉള്‍പ്പടെയുള്ള നാലംഗ സംഘം സ്വകാര്യ ആക്സിയം 4 ദൗത്യത്തിലാണ് ബഹിരാകാശ നിലയത്തിലേക്ക് പോയത്. ഇവരെ വഹിച്ചുകൊണ്ട് സ്പേസ് എക്‌സിന്‍റെ ക്രൂ ഡ്രാഗണ്‍ ഗ്രേസ് പേടകം കാലിഫോര്‍ണിയ തീരത്ത് ഇന്ന് ഉച്ചകഴിഞ്ഞ് ഇന്ത്യന്‍ സമയം മൂന്ന് മണിയോടെ സുരക്ഷിതമായി സ്‌പ്ലാഷ്‌ഡ‍ൗണ്‍ ചെയ്യുകയായിരുന്നു. നിറപുഞ്ചിരികളോടെ, കൈവീശി ഏവരെയും അഭിവാദ്യം ചെയ്‌താണ് ശുഭാംശു ഗ്രേസ് പേടകത്തിന് പുറത്തിറങ്ങിയത്.

 

 

ജൂൺ 26-നാണ് ആക്സിയം 4 ദൗത്യ സംഘം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. ശുഭാംശു ശുക്ലയ്ക്ക് പുറമെ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ദൗത്യത്തിലുണ്ടായിരുന്നത്. ബഹിരാകാശ നിലയത്തില്‍ ലക്ഷ്യമിട്ട 60 പരീക്ഷണങ്ങളും പൂർത്തിയാക്കാൻ ആക്സിയം 4 സംഘത്തിന് കഴിഞ്ഞു. കേരളത്തില്‍ നിന്ന് കൊണ്ടുപോയ ആറ് വിത്തിനങ്ങളുടെ പരീക്ഷണമടക്കം നിരവധി ഗവേഷണങ്ങള്‍ ഐഎസ്എസില്‍ ശുഭാംശു ശുക്ലയുടെ മേല്‍നോട്ടത്തില്‍ നടന്നു. ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെയും അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദര്‍ശിക്കുന്ന ആദ്യത്തെയും ഇന്ത്യക്കാരന്‍ എന്ന നേട്ടം ഈ യാത്രയില്‍ ശുഭാംശു സ്വന്തമാക്കി.

ഭൂമിയില്‍ തിരിച്ചെത്തിയ ആക്സിയം 4 ദൗത്യ സംഘത്തിന് ഏഴ് ദിവസം ഹൂസ്റ്റണിലെ ജോൺസൺ സ്‌പേസ് സെന്‍ററില്‍ പോസ്റ്റ്-ഫ്ലൈറ്റ് റീഹാബിലിറ്റേഷനാണ്. അത് പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ശുഭാംശു ശുക്ല ഇന്ത്യയിലേക്ക് വരികയുള്ളൂ. രണ്ടാഴ്‌ചത്തെ ദൗത്യം കഴിഞ്ഞ് ബഹിരാകാശത്ത് നിന്നെത്തുന്നതിനാല്‍ ഭൂമിയിലെ ഗുരുത്വബലം ഉൾപ്പെടെയുള്ള സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാണ് യാത്രികര്‍ക്ക് ഈ വിശ്രമം. ഇതിനിടെ ശുഭാംശു യാത്രാനുഭവം പങ്കുവെക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ പരീക്ഷണങ്ങളുടെ ഭാഗമായ സാമ്പിളുകളടക്കം 236 കിലോഗ്രാം കാർഗോ ഗ്രേസ് പേടകത്തില്‍ ഭൂമിയിലേക്ക് മടക്കിക്കൊണ്ടുവന്നിട്ടുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ
ബഹിരാകാശ രംഗത്ത് റഷ്യയുമായി വൻ ഇടപാടിന് ഇന്ത്യ; ആർഡി-191 സെമി ക്രയോജനിക് എഞ്ചിനുകൾ വാങ്ങും