
ടെക്സസ്: മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലുതും കരുത്തുറ്റതും ഭാരമേറിയതുമായ സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്‍റെ ഒമ്പതാം പരീക്ഷണ വിക്ഷേപണത്തിനായി തയ്യാറെടുക്കുകയാണ് ഇലോണ്‍ മസ്കിന്‍റെ സ്പേസ് എക്സ് കമ്പനി. അവസാന രണ്ട് സ്റ്റാര്‍ഷിപ്പ് പരീക്ഷണങ്ങളും വന്‍ പൊട്ടിത്തെറിയിലാണ് അവസാനിച്ചത് എന്നതിനാല്‍ ആശങ്കകള്‍ സജീവമാണ്. വീണ്ടും സ്റ്റാര്‍ഷിപ്പിന്‍റെ മുകളില്‍ ഭാഗം അഗ്നിഗോളമാകുമോ, ഇത് വ്യോമ ഗതാഗതം താറുമാറാക്കുമോ, മനുഷ്യന് നേരിട്ട് ഹാനികരമാകുമോ എന്നീ ആശങ്കകളാണ് നിലനില്‍ക്കുന്നത്.
9-ാം പരീക്ഷണത്തിന് കൂടുതല്‍ സുരക്ഷ
അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്ത് ഗള്‍ഫ് ഓഫ് മെക്‌സിക്കോ തീരത്ത് സ്ഥിതി ചെയ്യുന്ന ബൊക്കാ ചിക്കയിലെ സ്റ്റാര്‍ബേസില്‍ നിന്നാണ് സ്റ്റാര്‍ഷിപ്പ് പരീക്ഷണങ്ങള്‍ സ്പേസ് എക്സ് നടത്തുന്നത്. മെയ് 27ന് സ്റ്റാര്‍ഷിപ്പ് ഒമ്പതാം പരീക്ഷണം നടക്കുന്നതും ബൊക്കാ ചിക്കയിലാണ്. ഇവിടെ നടന്ന ഏഴ്, എട്ട് സ്റ്റാര്‍ഷിപ്പ് വിക്ഷേപണ പരീക്ഷണങ്ങള്‍ പരാജയമാവുകയും റോക്കറ്റിന്‍റെ മുകള്‍ഭാഗമായ സ്പേസ്‌ക്രാഫ്റ്റ് പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു. ഇത് വലിയ പ്രത്യാഘാതങ്ങള്‍ക്കാണ് അന്ന് വഴിവെച്ചത്. മാര്‍ച്ച് ആറിന് നടന്ന എട്ടാം പരീക്ഷണത്തില്‍ സ്റ്റാര്‍ഷിപ്പ് അഗ്നിഗോളമായതോടെ സമീപത്തെ നാല് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ടിവന്നിരുന്നു. 240 വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടപ്പോള്‍ രണ്ട് ഡസനിലധികം വിമാനങ്ങള്‍ വഴിതിരിച്ച് വിടേണ്ടിയും വന്നു. മാത്രമല്ല, സ്റ്റാര്‍ഷിപ്പിന്‍റെ അവശിഷ്ടങ്ങള്‍ ബഹാമാസ്, ടർക്സ്-കൈകോസ് ദ്വീപുകള്‍ക്കും മുകളില്‍ പ്രത്യക്ഷപ്പെട്ടത് വലിയ ഭീതി പരത്തുകയും ചെയ്തു.
സ്റ്റാര്‍ഷിപ്പിന്‍റെ ഒമ്പതാം പരീക്ഷണത്തിന് സ്പേസ് എക്സ് തയ്യാറെടുക്കുന്നത് യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്‌മിനിസ്ട്രേഷന്‍റെ (എഫ്എഎ) നിര്‍ദേശപ്രകാരം റോക്കറ്റില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയാണ്. എങ്കിലും സ്റ്റാര്‍ഷിപ്പിന്‍റെ അവസാന രണ്ട് പരീക്ഷണങ്ങളും പൊട്ടിത്തെറിയില്‍ അവസാനിച്ചതോടെ ആശങ്കകള്‍ സജീവം. ഇക്കുറി സ്റ്റാര്‍ഷിപ്പ് പരീക്ഷണത്തിനുള്ള നിയന്ത്രിത മേഖല സ്പേസ് എക്സിന് ഫെഡറല്‍ ഏവിയേഷന്‍ അഡ്‌മിനിസ്ട്രേഷന്‍ വര്‍ധിപ്പിച്ചു നല്‍കിയിട്ടുണ്ട്. സ്റ്റാര്‍ഷിപ്പ് ഫ്ലൈറ്റ് എട്ടിന് 885 നോട്ടിക്കല്‍ മൈലായിരുന്നു എയര്‍ക്രാഫ്റ്റ് ഹസാര്‍ഡ് സോണ്‍ (AHA) എങ്കില്‍ ഒമ്പതാം പരീക്ഷണത്തിന് ഇത് 1,600 നോട്ടിക്കല്‍ മൈലാണ്. വ്യോമ ട്രാഫിക് കുറവുള്ള സമയത്ത് വേണം വിക്ഷേപണം നടത്താന്‍ എന്ന നിര്‍ദേശവും എഫ്‌എഎ സ്പേസ് എക്സിന് നല്‍കിയിട്ടുണ്ട്.
എന്താണ് സ്റ്റാര്‍ഷിപ്പ്? എന്തൊക്കെയാണ് പ്രത്യേകതകള്‍
ഇരുവരെ നിര്‍മ്മിക്കപ്പെട്ട ഏറ്റവും വലുതും ഭാരമുള്ളതും ഭാരം വഹിക്കാനാവുന്നതുമായ ബഹിരാകാശ വിക്ഷേപണ വാഹനമാണ് 403 അടി അഥവാ 123 മീറ്റര്‍ ഉയരമുള്ള സ്റ്റാര്‍ഷിപ്പ്. മനുഷ്യനെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും അയക്കുക ലക്ഷ്യമിട്ട് ഇലോണ്‍ മസ്കിന്‍റെ സ്പേസ് എക്സ് നിര്‍മ്മിക്കുന്ന ഈ ഭീമന്‍ റോക്കറ്റിന് ബൂസ്റ്റര്‍, സ്റ്റാര്‍ഷിപ്പ് സ്പേസ്‌ക്രാഫ്റ്റ് എന്നിങ്ങനെ രണ്ട് ഭാഗങ്ങളാണുള്ളത്. സൂപ്പര്‍ ഹെവി ബൂസ്റ്ററിന് മാത്രം 71 മീറ്ററാണ് ഉയരം. 33 റാപ്റ്റര്‍ എഞ്ചിനുകളാണ് ബൂസ്റ്ററിന്‍റെ കരുത്ത്. ഈ കൂറ്റന്‍ ബൂസ്റ്ററിനെ വിക്ഷേപണത്തിന് ശേഷം ഭീമന്‍ യന്ത്രക്കൈയിലേക്ക് തിരികെ വിജയകരമായി ലാന്‍ഡ് ചെയ്യിക്കാന്‍ സ്പേസ് എക്സിന് ഇതിനകമായിട്ടുണ്ട്. എന്നാല്‍ മുകളിലെ സ്പേസ്‌ക്രാഫ്റ്റ് ഭാഗം വിജയമായില്ല. 52 മീറ്ററാണ് സ്പേസ്‌ക്രാഫ്റ്റിന്‍റെ ഉയരം. ഈ രണ്ട് ഭാഗങ്ങളും വിക്ഷേപണത്തിന് ശേഷം പുനരുപയോഗിക്കാനാവുന്ന തരത്തിലാണ് സ്പേസ് എക്സ് ഡിസൈന്‍ ചെയ്യുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം