
കെന്നഡി സ്പേസ് സെന്‍റര്‍: ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല അടക്കമുള്ള ആക്‌സിയം 4 ദൗത്യ സംഘത്തെ വഹിച്ചുകൊണ്ടുള്ള 'ഗ്രേസ്' ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) ഡോക്ക് ചെയ്യുന്നത് കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എല്ലാവരും. ഇന്ന് ഇന്ത്യന്‍ സമയം വൈകിട്ട് നാലരയ്ക്കാണ് ഡോക്കിംഗ് നടക്കുക. വിക്ഷേപണം കഴിഞ്ഞ് ഏകദേശം 28 മണിക്കൂര്‍ സമയമെടുത്താണ് ഗ്രേസ് പേടകം ബഹിരാകാശ നിലയത്തിലെത്തുന്നത്. ഡോക്കിംഗ് പ്രക്രിയ എങ്ങനെ തത്സമയം കാണാമെന്ന് നോക്കാം.
ഗ്രേസ് ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്യുന്നത് നാസ + ഉം, സ്പേസ് എക്സും ആക്സിയം സ്പേസും തത്സമയം സ്ട്രീമിങ് ചെയ്യും. ഡോക്കിംഗ് അപ്‌ഡേറ്റുകള്‍ ഏഷ്യാനെറ്റ് ന്യൂസിലൂടെയും തത്സമയം പ്രേക്ഷകര്‍ക്ക് അറിയാം.
ഡോക്കിംഗ്- ലൈവ് സ്‌ട്രീമിംഗ്
സ്വകാര്യ കമ്പനിയായ ആക്സിയം സ്പേസ്, നാസയും സ്പേസ് എക്‌സുമായി സഹകരിച്ചാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആക്സിയം 4 ദൗത്യം നടത്തുന്നത്. ആക്സിയം 4 ദൗത്യം ഇന്നലെ ഉച്ചയ്ക്ക് 12.01നാണ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിലുള്ള ലോഞ്ച് കോംപ്ലക്സ് 39എ-യില്‍ നിന്ന് വിക്ഷേപിച്ചത്. സ്പേസ് എക്‌സിന്‍റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയ്‌ക്ക് പുറമെ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്‌സിയം 4 ദൗത്യ സംഘത്തിലുള്ളത്. പെഗ്ഗിയാണ് ദൗത്യ കമാന്‍ഡര്‍. ദൗത്യം നയിക്കുന്ന മിഷന്‍ പൈലറ്റ് ശുഭാംശു ശുക്ലയാണ്.
ആക്‌സിയം സംഘത്തിലെ നാല് പേരും സുരക്ഷിതരാണ്. ദൗത്യ സംഘം ബഹിരാകാശ നിലയത്തിൽ 14 ദിവസം ചെലവഴിക്കും. ഇവര്‍ ഇന്ത്യയില്‍ നിന്നുള്ള ഏഴെണ്ണം അടക്കം 60 പരീക്ഷണങ്ങൾ ഐഎസ്എസില്‍ നടത്തും. ബഹിരാകാശ നിലയത്തിലെത്തിയ ശേഷം ശുഭാംശു ശുക്ല അടക്കമുള്ളവര്‍ ലോകത്തോട് സംസാരിക്കും എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. ഇന്നലെ ഡ്രാഗണ്‍ പേടകത്തില്‍ വച്ച് ഇന്ത്യയെ ശുഭാംശു അഭിസംബോധന ചെയ്തിരുന്നു. നീണ്ട 41 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ഇന്ത്യക്കാരന്‍ ബഹിരാകാശത്ത് എത്തുന്നത്. ഒരിന്ത്യക്കാരന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തുന്നത് ഇതാദ്യവും.