മലയാളിപ്പെരുമ അങ്ങ് ബഹിരാകാശ നിലയത്തിലും; ആക്സിയം 4 ദൗത്യത്തില്‍ 'സ്വീറ്റ് റൈഡ്' പ്രമേഹ ഗവേഷണവും, പിന്നില്‍ ഡോ. ഷംഷീര്‍ വയലില്‍

Published : Jun 25, 2025, 04:07 PM ISTUpdated : Jun 25, 2025, 04:24 PM IST
Suite Ride Research by Dr. Shamsheer Vayalil

Synopsis

ആരോഗ്യ, ബഹിരാകാശ രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന പരീക്ഷണവുമായി ബുർജീൽ ഹോൾഡിംഗ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ വിഭാവനം ചെയ്ത 'സ്വീറ്റ് റൈഡ്' (Suite Ride) എന്ന ഗവേഷണം 

കെന്നഡി സ്പേസ് സെന്‍റർ: നീണ്ട 41 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു ഇന്ത്യക്കാരന്‍ ശുഭാംശു ശുക്ലയിലൂടെ ബഹിരാകാശത്തേക്ക് കുതിച്ചപ്പോള്‍ മലയാളികള്‍ക്ക് ഇരട്ടി അഭിമാനം. ആരോഗ്യ സംരംഭ മേഖലയിലെ കരുത്തുറ്റ മലയാളി സാന്നിധ്യമായ ഡോ. ഷംഷീർ വയലിൽ വിഭാവനം ചെയ്ത 'സ്വീറ്റ് റൈഡ്' (Suite Ride) എന്ന പ്രമേഹ ഗവേഷണവും ആക്സിയം 4 ദൗത്യത്തിനൊപ്പം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്രയായി.

ഡോ. ഷംഷീർ സ്ഥാപകനും ചെയർമാനുമായ ബുർജീൽ ഹോൾഡിംഗ്സ്, അമേരിക്കന്‍ സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ആക്‌സിയം സ്പേസുമായി സഹകരിച്ച് നടത്തുന്ന ഗവേഷണമാണ് 'സ്വീറ്റ് റൈഡ്'. ബഹിരാകാശത്തും ഭൂമിയിലും പ്രമേഹത്തിന്‍റെ പരിമിതികളെ മറികടക്കുന്നതിനുള്ള അത്യാധുനിക മൈക്രോഗ്രാവിറ്റി ഗവേഷണമാണ് സ്വീറ്റ് റൈഡ് പരീക്ഷണം ലക്ഷ്യമിടുന്നത്. നാസ അടക്കമുള്ള സ്ഥാപനങ്ങളുടെ സഹായത്തോടെ നടപ്പിലാക്കുന്ന ഗവേഷണം ബഹിരാകാശ ദൗത്യത്തിന് നിലവിൽ പ്രമേഹ ബാധിതർക്കുള്ള നിയന്ത്രങ്ങൾ നീക്കുന്നതിന് വഴിയൊരുക്കും. ഇതിന് പുറമെ ഭൂമിയിലും ഈ ഗവേഷണ ഫലം ചരിത്രമെഴുതും. ഭൂമിയിൽ പ്രമേഹരോഗ ചികിത്സയിൽ വന്‍ വിപ്ലവത്തിന് വഴിയൊരുക്കിയേക്കാവുന്ന ഗവേഷണ പദ്ധതി കൂടിയാണ് ബുർജീൽ ഹോൾഡിംഗ് നേതൃത്വം നല്‍കുന്ന സ്വീറ്റ് റൈഡ്.

ശുഭാംശു ശുക്ല അടങ്ങുന്ന ആക്സിയം 4 ദൗത്യസംഘം 14 ദിവസമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തങ്ങുന്നത്. ദൗത്യത്തിലുടനീളം  മൈക്രോഗ്രാവിറ്റിയിൽ ശരീരത്തിലെ ഗ്ളൂക്കോസ് മെറ്റബോളിസത്തെക്കുറിച്ച് വിദഗ്‌ധ മെഡിക്കൽ സംഘം പഠിക്കും. ഇതിന്‍റെ ഫലങ്ങള്‍ പ്രമേഹ ചികില്‍സയിലും പ്രമേഹരോഗികളുടെ ബഹിരാകാശ യാത്രയിലും പുത്തന്‍ വാതായനങ്ങള്‍ തുറക്കും.

'സ്വീറ്റ് റൈഡ്'- പരീക്ഷണം എങ്ങനെ?

പ്രമേഹ രോഗികളിൽ ഗ്ളൂക്കോസ് ലെവൽ കണ്ടെത്തുന്നതിന് ഉപയോഗിക്കുന്ന കണ്ടിന്യുസ് ഗ്ളൂക്കോസ് മോണിറ്ററുകളുടെ (Continuous Glucose Monitor) കൃത്യത സമഗ്രമായ പ്രീഫ്ലൈറ്റ്, ഇൻഫ്ലൈറ്റ്, പോസ്റ്റ്ഫ്ലൈറ്റ് പ്രോട്ടോകോളുകളിലൂടെ മൈക്രോഗ്രാവിറ്റിയിൽ പരീക്ഷിക്കും. ഒന്നോ അതിലധികമോ ബഹിരാകാശ യാത്രികർ മിഷനിലുടനീളം ഇത് ധരിക്കും. ഇതിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ ആക്‌സിയത്തിന്‍റെയും ബുർജീലിന്‍റേയും വിദഗ്ധർ വിശകലനം ചെയ്യും. ഇൻസുലിൻ ഉപയോഗിക്കുന്ന ബഹിരാകാശ യാത്രികരുടെ ആരോഗ്യം ഉറപ്പുവരുത്താന്‍ ഈ പരീക്ഷണത്തിലൂടെ ഭാവിയില്‍ സാധിക്കുമെന്ന് ബുർജീലിന്‍റെ സ്വീറ്റ് റൈഡ് ക്ലിനിക്കൽ ലീഡ് ഡോ. മുഹമ്മദ്‌ ഫിത്യാൻ പറഞ്ഞു. മെറ്റബോളിക് രോഗങ്ങളുടെ ചികിത്സയിൽ വിദഗ്ധനായ ഫിത്യാൻ ഉൾപ്പെടുന്ന ടീമാണ് തത്സമയം ഭൂമിയിലിരുന്ന് ഐഎസ്എസില്‍ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്യുന്നത്.

ഗ്ലൂക്കോസിന്റെ അളവ് തിട്ടപ്പെടുത്തുന്നതിനായി യാത്ര സമയത്ത്  പോയിന്റ്-ഓഫ്-കെയർ രക്ത സാമ്പിളുകൾ ശേഖരിക്കും. ഇതിനായുള്ള ലാൻസെറ്റുകൾ, സൂചികൾ, ബ്ലഡ് ഗ്ലൂക്കോസ് മെഷീനുകൾ (i-STAT) എന്നിവ ബുർജീലാണ് നൽകിയിരിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ
ബഹിരാകാശ രംഗത്ത് റഷ്യയുമായി വൻ ഇടപാടിന് ഇന്ത്യ; ആർഡി-191 സെമി ക്രയോജനിക് എഞ്ചിനുകൾ വാങ്ങും