സൈന്‍സ്; ദേശീയ ‍ഡോക്യുമെന്‍ററി, ഹ്രസ്വ ചലച്ചിത്രമേളയിലേക്ക് ചിത്രങ്ങള്‍ ക്ഷണിച്ചു

Published : Nov 01, 2025, 03:33 PM IST
entries invited for 18th edition of signs documentary and short film festival

Synopsis

2026 ഫെബ്രുവരി 6 മുതൽ 10 വരെ ഷൊർണൂരിൽ നടക്കുന്ന മേളയിൽ, 2023 ജനുവരി ഒന്നിന് ശേഷം നിർമ്മിച്ച ചിത്രങ്ങളാണ് സമർപ്പിക്കേണ്ടത്. 

സൈന്‍സ് ദേശീയ ‍ഡോക്യുമെന്ററി, ഹ്രസ്വ ചലച്ചിത്രമേളയിലേക്ക് ചിത്രങ്ങള്‍ ക്ഷണിച്ചു. 2026 ഫെബ്രുവരി 6 മുതല്‍ 10 വരെ ഷൊര്‍ണൂര്‍ അനുരാഗ് സിനിമാസിലാണ് ഫെസ്റ്റിവല്‍ നടക്കുക. മേളയുടെ മല്‍സരവിഭാഗത്തിലേക്കാണ് ചിത്രങ്ങള്‍ ക്ഷണിച്ചിരിക്കുന്നത്. ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരള ഘടകമാണ് മേള സംഘടിപ്പിക്കുന്നത്. 2005 ല്‍ ആരംഭിച്ച മേളയുടെ 18-ാമത് എഡിഷനാണ് ഇപ്പോള്‍ നടക്കുന്നത്. 2023 ജനുവരി ഒന്നിന് ശേഷം നിര്‍മ്മിച്ച ‍ഡോക്യുമെന്ററികളും ഹ്രസ്വ ചലച്ചിത്രങ്ങളുമാണ് മേളയിലേക്ക് സമര്‍പ്പിക്കേണ്ടത്.

ഇന്ത്യയ്ക്ക് അകത്തോ പുറത്തോ പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരായ സംവിധായകര്‍ സംവിധാനം ചെയ്തതോ വിദേശികളായ സംവിധായകരുടെ ഇന്ത്യയുമായി ബന്ധപ്പെട്ട ഉള്ളടക്കമുള്ള ചിത്രങ്ങളോ സമര്‍പ്പിക്കാം. ഹ്രസ്വചലച്ചിത്രങ്ങളുടെ പരമാവധി ദൈര്‍ഘ്യം 70 മിനിറ്റ് ആണ്. ഡോക്യുമെന്ററികള്‍ക്ക് ദൈര്‍ഘ്യത്തിന് പരിധി ഇല്ല. മുന്‍ വര്‍ഷങ്ങളില്‍ സൈന്‍സില്‍ സമര്‍പ്പിച്ച ചിത്രങ്ങള്‍ വീണ്ടും സമര്‍പ്പിക്കാന്‍ പാടില്ല. ഏത് ഭാഷയിലും ഉള്ള ചിത്രങ്ങള്‍ ഇംഗ്ലീഷ് സബ്ടൈറ്റിലോടെയോ ഇംഗ്ലീഷിലേക്ക് ഡബ് ചെയ്തോ സമര്‍പ്പിക്കാം. ഡിസംബര്‍ 6 ആണ് ആണ് ചിത്രങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാനതീയതി. ഓരോ ചിത്രത്തിനും 1500 രൂപ എന്‍ട്രി ഫീസ് ഉണ്ട്. എന്‍ട്രി ഫീസ് തിരികെ നല്‍കുന്നതല്ല. ചിത്രങ്ങള്‍ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.signsfestival.in എന്ന വെബ്‍സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

മികച്ച ഡോക്യുമെന്ററിയ്ക്കും മികച്ച ഹ്രസ്വ ചലചിത്രത്തിനും ജോൺ ഏബ്രഹാം പുരസ്കാരങ്ങൾക്കൊപ്പം സിനിമ എക്സ്പിരിമെന്റ, ഫിലിം ഓഫ് റെസിസ്റ്റൻസ് എന്നീ ദേശീയ പുരസ്കാരങ്ങളും മികച്ച മലയാള ചിത്രത്തിന് FFSI പുരസ്കാരവും നൽകും. 50000 രൂപയും പ്രശസ്തിപത്രവും പ്രശസ്ത ചിത്രകാരനും ശില്‍പിയുമായിരുന്ന സി എൻ കരുണാകരൻ രൂപകല്പന ചെയ്ത ശില്പവുമാണ് ജോൺ ഏബ്രഹാം പുരസ്കാരം. ദേശീയ തലത്തിൽ തന്നെ ഡിജിറ്റല്‍ ഡോക്യുമെന്ററികൾക്കും ഹ്രസ്വചിത്രങ്ങൾക്കും വേണ്ടി സംഘടിപ്പിക്കുന്ന മേളകളിൽ സുപ്രധാനമായ ഒന്നാണ് സൈൻസ്. മലയാളത്തിലെ ജനകീയ സിനിമാ പ്രവർത്തനങ്ങളുടെ ഊർജമായിരുന്ന ജോൺ ഏബ്രഹാമിന്റെ ഓർമ്മയ്ക്കായി 1999 ലാണ് ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരള ഘടകം ജോൺ ഏബ്രഹാം പുരസ്കാരം ഏർപ്പെടുത്തിയത്. 2005 ൽ ഡിജിറ്റൽ വീഡിയോ ഡോക്യുമെന്ററികള്‍ക്കും ഹ്രസ്വ ചിത്രങ്ങള്‍ക്കും പ്രാധാന്യം കൊടുത്തുകൊണ്ട് ദേശീയ മത്സര വിഭാഗം ഉൾപ്പെടുത്തിയാണ് സൈൻസിന് രൂപം കൊടുത്തത്.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പ്രിവ്യൂ ഷോയിൽ കൈയ്യടി നേടി 'ഡാർക്ക് എന്റ്': കാര്‍ത്തിക് പ്രസാദും ധ്വനി ലക്ഷ്മിയും അഭിനയിച്ച സായ് പ്രിയന്റെ ഹ്രസ്വചിത്രം റിലീസിന്
മമ്മൂട്ടി കമ്പനിയുടെ ആദ്യ ഷോര്‍ട് ഫിലിം, മഞ്ജു വാര്യര്‍- ശ്യാമ പ്രസാദ് ചിത്രം 'ആരോ' റിലീസ് ചെയ്തു