മലയാളിയുടെ ഹിന്ദി ഹൊറര്‍ ഷോര്‍ട്ട് ഫിലിം ആമസോണ്‍ പ്രൈമില്‍; 'പീക്കാബൂ' ശ്രദ്ധ നേടുന്നു

By Web TeamFirst Published Sep 1, 2021, 3:24 PM IST
Highlights

മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍റെ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'ചാര്‍ലി' ചിത്രീകരിച്ച അതേ വീടാണ് ഹ്രസ്വചിത്രത്തില്‍ ഹോസ്റ്റലായി രൂപാന്തരം പ്രാപിച്ചിരിക്കുന്നത്


മലയാളിയായ നവാഗത സംവിധായകന്‍ ഹിന്ദിയില്‍ ഒരുക്കിയ ഹൊറര്‍ ത്രില്ലര്‍ ഷോര്‍ട്ട് ഫിലിം ആമസോണ്‍ പ്രൈം ഉള്‍പ്പെടെയുള്ള ഒടിടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ആയി. ഷമല്‍ ചാക്കോ സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രത്തിന് 'പീക്കാബൂ' എന്നാണ് പേരിട്ടിരിക്കുന്നത്. 'രാവി' എന്ന പെണ്‍കുട്ടിയെ ചുറ്റിപ്പറ്റിയാണ് 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം പുരോഗമിക്കുന്നത്. പെണ്‍കുട്ടികളുടെ ആത്മഹത്യയുടെ പേരില്‍ വാര്‍ത്താപ്രാധാന്യം നേടിയ ഒരു കോണ്‍വെന്‍റ് ഹോസ്റ്റല്‍ ആണ് കഥാപശ്ചാത്തലം.

ഗോവയിലെ പനാജിയാണ് പശ്ചാത്തലമായി ചിത്രത്തില്‍ കാണിച്ചിരിക്കുന്നതെങ്കിലും കോണ്‍വെന്‍റ് ഹോസ്റ്റല്‍ സംവിധായകന്‍ ചിത്രീകരിച്ചിരിക്കുന്നത് മട്ടാഞ്ചേരിയിലാണ്. മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍റെ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'ചാര്‍ലി' ചിത്രീകരിച്ച അതേ വീടാണ് ഹോസ്റ്റലായി രൂപാന്തരം പ്രാപിച്ചിരിക്കുന്നത്. അപ്പു ഭട്ടതിരി, അരവിന്ദ് മന്മഥന്‍ എന്നീ എഡിറ്റര്‍മാരുടെ അസോസിയേറ്റ് ആയിരുന്ന ആളാണ് ഷമല്‍ ചാക്കോ. 

രാവി കിഷോര്‍, പൂര്‍ണ്ണിമ ശങ്കര്‍, നീന കെ തമ്പി, ജിസ മേരി ജോണ്‍, ഷൈജാസ് കെ എം തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. രചനയും എഡിറ്റിംഗും സംവിധായകന്‍റേതാണ്. ഛായാഗ്രഹണം രാകേഷ് ധരന്‍. സംഗീതം വര്‍ക്കി. 

ആമസോണ്‍ പ്രൈമില്‍ ഇന്ത്യയ്ക്ക് പുറത്തുമാത്രമാണ് ചിത്രം കാണാനാവുക. എന്നാല്‍ ആപ്പിള്‍ ഐ ട്യൂണ്‍സ് ഉള്‍പ്പെടെ നിരവധി പ്ലാറ്റ്ഫോമുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. നീസ്ട്രീം, സൈന പ്ലേ, കേവ്, ജയ്ഹോ മൂവീസ്, തീയറ്റര്‍ പ്ലേ, മെയിന്‍സ്ട്രീം ടിവി, റൂട്ട്സ്, ഫസ്റ്റ് ഷോസ്, ലൈം ലൈറ്റ്, ഹൈ ഹോപ്പ്സ്, സിനിയ, സോഫി ടിവി എന്നീ പ്ലാറ്റ്ഫോമുകളിലും ചിത്രം കാണാം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!