ഒരു സിഡി കൊണ്ട് മന്ത്രിസഭയെ പിടിച്ചുകുലുക്കിയ, ഇലക്ഷനെ സ്വാധീനിച്ച 'ഭംവരി ദേവി'

By Babu RamachandranFirst Published Mar 19, 2019, 12:01 PM IST
Highlights

രാജസ്ഥാനിലെ  വിദൂരസ്ഥമായ ഒരു കുഗ്രാമത്തിലെ ഒരേയൊരു സർക്കാർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ 'മിഡ്‌വൈഫ്‌ ' ആയി ജോലിചെയ്തിരുന്ന ഒരു നഴ്‌സായിരുന്ന ഭംവരി ദേവി, തനിക്കു കിട്ടിയ സസ്‌പെൻഷൻ റദ്ദാക്കാൻ വേണ്ടിയാണ്  ആദ്യമായി രാഷ്ട്രീയക്കാരെ സമീപിക്കുന്നത്. കാര്യം നടന്നുകിട്ടാൻ, വിട്ടുവീഴ്ചകൾക്ക് തയ്യാറാവാനും അവർ മടിച്ചില്ല...

  ദിവ്യ മഡേർന എന്ന പേര് ഇപ്പോൾ  മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്.രാജസ്ഥാനിലെ ഓസിയാൻ നിയോജക മണ്ഡലത്തിൽ നിന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ്സ് എംഎൽഎയാണ് ദിവ്യ.  ചന്ദു ദേവി എന്ന വനിതാ സർപഞ്ചിനെ, വേദിയിൽ തന്റെയരികിൽ കസേരയിൽ ഇരിക്കുന്നതിൽ നിന്നും വിലക്കി, താഴെ നിലത്ത് മറ്റു ഗ്രാമീണരോടൊപ്പം ഇരിക്കാൻ പറഞ്ഞ് അപമാനിച്ചു,  ദിവ്യ  രണ്ടു ദിവസം മുമ്പ്.  മാർച്ച് 16 നായിരുന്നു വിവാദ സംഭവം.  മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മികച്ച വിജയം ലഭിച്ചതിൽ സന്തുഷ്ടയായ  ദിവ്യ, പഞ്ചായത്ത് സർപഞ്ചുമാരോട് നന്ദി പറയാനായി വിളിച്ചു കൂട്ടിയ സമ്മേളനത്തിനിടെയാണ് സംഭവം നടന്നത്. പ്രസ്തുത സമ്മേളനത്തിൽ സ്വാഗത പ്രാസംഗികയായിരുന്ന ചന്ദു ദേവി, തന്റെ ഊഴം കഴിഞ്ഞ്, വേദിയിൽ ദിവ്യയുടെ തൊട്ടടുത്തുകിടന്ന കസേരയിൽ ചെന്നിരിക്കാൻ ശ്രമിച്ചു. അതിൽ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട്, അവർ ചന്ദു ദേവിയെ കസേരയിൽ നിന്നും എഴുന്നേൽപ്പിച്ചു വിടുകയും താഴെ നിലത്ത് മറ്റുള്ള ഗ്രാമീണരോടൊപ്പം ഇരിക്കാൻ പറയുകയും ചെയ്തു.

ഇത് ജാതീയമായ ആക്ഷേപമാണെന്നാണ് പരക്കെ ഉയർന്ന വിമർശനം. ഇതിനു മുമ്പും തന്റെ അപമര്യാദയായ പെരുമാറ്റം കൊണ്ട് വിവാദങ്ങളിൽ ചെന്നുപെട്ട ചരിത്രമുണ്ട് ദിവ്യ മഡേർനയ്ക്ക്. ഒരു പൊലീസ് ഓഫീസറെ കടുത്ത ഭാഷയിൽ അവർ ശകാരിക്കുന്നതിന്റെ ദൃശ്യങ്ങൾ മുമ്പ് വൈറലായിരുന്നു. 

 

'ദിവ്യ മഡേർന രാഹുൽ ഗാന്ധിക്കൊപ്പം' 

'മഡേർന' എന്ന പേര് രാജസ്ഥാൻ രാഷ്ട്രീയത്തിൽ ചർച്ചാവിഷയമാവുന്നത് ഇതാദ്യമായിട്ടല്ല. പ്രമാദമായൊരു കൊലപാതകക്കേസിൽ ശിക്ഷയനുഭവിച്ചുകൊണ്ട്  ജയിലിൽ കഴിയുകയാണിപ്പോൾ ദിവ്യയുടെ അച്ഛനും ഗെഹ്‌ലോട്ട് സർക്കാരിലെ മുൻ മന്ത്രിയുമായിരുന്ന  മഹിപാൽ മഡേർന. രാജസ്ഥാനിലെ സർക്കാരിനെ പിടിച്ചു കുലുക്കിക്കൊണ്ട് 2011  -ൽ നടന്ന ഒരു കൊലപാതകമായിരുന്നു അത്.  ഭംവരി ദേവി എന്നൊരു നഴ്‌സായിരുന്നു അന്ന് വാടകക്കൊലയാളികളാൽ കൊല്ലപ്പെട്ടത്.  ജോധ്പൂരിൽ നിന്നും 120  കിലോമീറ്റർ അകലെയുള്ള ജാലിവാഡാ ഗ്രാമത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മിഡ്‌വൈഫായി ജോലി നോക്കുകയായിരുന്നു ഭംവരി. വിവാഹിതയായിരുന്നെങ്കിലും ദേവി മോഡലിംഗിലും രാജസ്ഥാനി ആൽബങ്ങളിലും മുഖം കാണിച്ചുകൊണ്ട് സിനിമയിലേക്ക് പ്രവേശിക്കാനുള്ള താത്പര്യം ഉള്ളിൽ കൊണ്ട് നടന്നിരുന്നു അവർ. രാജസ്ഥാനിലെ വിദൂരസ്ഥമായ ഒരു കുഗ്രാമത്തിലെ ഒരേയൊരു സർക്കാർ നേഴ്സ്, അതും മിഡ്‌വൈഫ്‌ ആയിരുന്നിട്ടുകൂടി ഡ്യൂട്ടിയ്ക്കുവരാതെ തന്റെ മോഡലിങ്ങ് തിരക്കുകളുടെ നാടുചുറ്റി ഭംവരി. സഹികെട്ടൊടുവിൽ ഗ്രാമീണർ പരാതിയുമായി അവരുടെ മേലധികാരികളെ സമീപിച്ചു. അവർ സസ്പെൻഷനിലായ. അതാണ് ഭംവരി ദേവിയുടെ ജീവിതത്തിലെ സുപ്രധാന വഴിത്തിരിവ്.

പോകെപ്പോകെ രാജസ്ഥാനിലെ ആരോഗ്യവകുപ്പിൽ ആർക്കു പ്രൊമോഷൻ വേണമെങ്കിലും, ട്രാൻസ്ഫർ വേണമെങ്കിലും ഭംവരി ദേവി മനസ്സുവെച്ചാൽ സാധിക്കും എന്ന അവസ്ഥയായി.

തൻറെ സസ്‌പെൻഷൻ നീക്കിക്കിട്ടാനുള്ള പരിശ്രമങ്ങളുമായാണ് അവർ കോൺഗ്രസിലെ ചില പ്രാദേശിക നേതാക്കളെ സമീപിക്കുന്നത്. അതിനുവേണ്ടി നടത്തിയ ചരടുവലികൾക്കിടയിൽ അവർക്ക് പല വിട്ടുവീഴ്‌ചകളും ചെയ്യേണ്ടി വന്നു. പക്ഷേ, അവർ ആ വിട്ടുവീഴ്ചകളുടെ 'പവർ' തിരിച്ചറിഞ്ഞു. തനിക്കു വേണ്ടിടത്ത് പോസ്റ്റിങ്ങ്‌ കിട്ടാൻ അവർ തന്റെ ശരീരം പലർക്കും കാഴ്ചവെച്ചു. പിന്നീടത് മറ്റുള്ളവരുടെ കാര്യങ്ങൾ സാധിച്ചെടുക്കാൻ  വേണ്ടിയായി. രാഷ്ട്രീയത്തിൽ 'സെക്സി'നുള്ള പിടിപാട്  വളരെയെളുപ്പം തിരിച്ചറിഞ്ഞ അവർ അതിനെ പ്രൊഫഷണലായി മുതലെടുക്കാൻ വളരെപ്പെട്ടെന്ന് പഠിച്ചു. പോകെപ്പോകെ രാജസ്ഥാനിലെ ആരോഗ്യവകുപ്പിൽ ആർക്കു പ്രൊമോഷൻ വേണമെങ്കിലും, ട്രാൻസ്ഫർ വേണമെങ്കിലും ഭംവരി ദേവി മനസ്സുവെച്ചാൽ സാധിക്കും എന്ന അവസ്ഥയായി. അവരിൽ നിന്നൊക്കെ പണം വസൂലാക്കി, തന്റെ സ്വാധീനം ഉപയോഗിച്ചുകൊണ്ട്, ഭംവരി ദേവി കാര്യങ്ങളൊക്കെ നടപ്പിലാക്കിത്തുടങ്ങി. അങ്ങനെ, അവർ ഒരു പ്രൈമറി ഹെൽത്ത് സെന്റർ മിഡ്‌വൈഫിന് സാധാരണനിലയ്ക്ക്  കിട്ടാവുന്നതിന്റെ എത്രയോ മടങ്ങ് സമ്പത്താർജ്ജിച്ചു കൂട്ടി. വളരെ ചുരുങ്ങിയ ഒരു കാലം കൊണ്ട്  നിരവധി ബംഗ്ലാവുകളും ലക്ഷ്വറി വാഹനങ്ങളും സ്വർണ്ണാഭരണങ്ങളും അവർ വാങ്ങിക്കൂട്ടി. 
 
അങ്ങനെ കാര്യങ്ങളൊക്കെ വളരെ സുഗമമായി നടന്നുപോയ്ക്കൊണ്ടിരിക്കുന്നതിനിടെയാണ് ഭംവരി ദേവിയുടെ മനസ്സിനുള്ളിൽ പാർലമെന്ററി വ്യാമോഹങ്ങൾ ഉദിച്ചുവരുന്നത്. അവിടെയായിരുന്നു അവരുടെ നാശത്തിന്റെ തുടക്കം. തനിക്കു മത്സരിക്കാൻ ഒരു അസംബ്ലി ടിക്കറ്റ് വേണം എന്ന ആവശ്യവുമായി അവർ 2011-ൽ, വർഷങ്ങളായി തന്റെ സ്ഥിരം സന്ദർശകരായിരുന്ന രാജസ്ഥാൻ രാഷ്ട്രീയത്തിലെ അതികായരായ രണ്ടു പേരെ സമീപിച്ചു.  ഒന്ന്, മന്ത്രി മഹിപാൽ മഡേർന, രണ്ട്, എംഎൽഎ മാൽഖൻ സിങ്ങ് ബിഷ്‌ണോയി. 2013 ൽ നടക്കാനിരിക്കുന്ന രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗോപാൽഗഡ് മണ്ഡലത്തിൽ നിന്നും മത്സരിക്കാൻ സീറ്റുനൽകണം എന്നതായിരുന്നു ആവശ്യം. ആ പേരും പറഞ്ഞ് അവർ രണ്ടുപേരും ഭംവരി ദേവിയെ പരമാവധി മുതലെടുത്തതല്ലാതെ, കാര്യങ്ങളൊന്നും നടക്കുന്ന കോള് കാണാതിരുന്നപ്പോൾ ഭംവരി ദേവി  സ്വരം കടുപ്പിച്ചു. അവർ രണ്ടുപേരെയും 52  മിനിട്ടു നീളമുള്ള ഒരു സിഡിയുടെ പേരും പറഞ്ഞ് ബ്ലാക്ക് മെയ്ൽ ചെയ്യാൻ തുടങ്ങി ഭംവരി. സിഡിയിൽ തന്റെ ദീർഘകാല കാമുകനായിരുന്ന മാൽഖൻ സിങ്ങ് ബിഷ്‌ണോയിയും, പിന്നെ വല്ലപ്പോഴും വന്നുപോക്കുണ്ടായിരുന്ന കാബിനറ്റ് മന്ത്രി മഹിപാൽ മഡേർനയും ഒത്തുള്ള ചൂടൻ രംഗങ്ങളുണ്ട് എന്നായിരുന്നു ഭംവരി ദേവിയുടെ അവകാശവാദം. 


 പലവട്ടം  ബ്ലാക്ക്മെയിൽ ചെയ്തിട്ടും ഒന്നും നടക്കാതെ വന്നപ്പോൾ, ഒടുക്കം 2011  ആഗസ്റ്റ് 24 -ന് തന്റെ കയ്യിലുള്ള വീഡിയോയിൽ നിന്നും ചെറിയൊരു ക്ലിപ്പ്  ഒരു ലോക്കൽ ചാനലിനും, അതിൽ നിന്നും ഗ്രാബ് ചെയ്ത ചിത്രങ്ങൾ ഒരു പ്രാദേശിക പത്രത്തിനും നൽകി  ഭംവരി.

ബിഷ്‌ണോയിയുമായുള്ള കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലത്തെ രഹസ്യ ബന്ധത്തിനിടെ തനിക്കൊരു പെൺകുഞ്ഞ് പിറന്നിട്ടുണ്ടെന്നും കുഞ്ഞിനിപ്പോൾ ഏഴുവയസ്സുണ്ടെന്നും അവർ അവകാശപ്പെട്ടു. ഈ വിവരവും പരസ്യമാക്കും സീഡിയോടൊപ്പം എന്നവർ ഭീഷണി മുഴക്കി. രണ്ടുപേരും അതെല്ലാം നിഷേധിച്ചെങ്കിലും, ഒരു ഡിഎൻഎ ടെസ്റ്റുനടത്തിയാൽ എല്ലാം പൊളിഞ്ഞടുങ്ങും എന്ന ഭംവരിയുടെ ഭീഷണിയിൽ കാര്യങ്ങൾ പാളാൻ പോവുന്നു എന്ന തോന്നൽ അവർക്കുണ്ടായി. എങ്ങനെയും ഈ പ്രശ്നം എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ വഴിയെന്ത് എന്നായി പിന്നെ അവരിരുവരുടെയും ചിന്ത. നിയമസഭാ സീറ്റ് കിട്ടില്ല എന്നറിഞ്ഞപ്പോൾ ആവശ്യം ഒരു ഭീമൻ തുകയിലേക്ക് മാറ്റിയിരുന്നു അപ്പോഴേക്കും ഭംവരി. ഇരുപതു കിലോ സ്വർണ്ണവും, മകളുടെ കല്യാണത്തിലേക്കായി അമ്പതുലക്ഷം രൂപയുമായിരുന്നു അവരുടെ ഡിമാൻഡ്. മാൽഖൻ സിങ്ങ് ബിഷ്‌ണോയിക്ക് ഭംവരി ദേവിയിലുണ്ടായ പെൺകുഞ്ഞിന് അന്ന് ഏഴുവയസ്സുമാത്രമായിരുന്നു പ്രായം.

 

'ഭംവരി ദേവി, മഹിപാൽ മഡേർന '

പലവട്ടം  ബ്ലാക്ക്മെയിൽ ചെയ്തിട്ടും ഒന്നും നടക്കാതെ വന്നപ്പോൾ, ഒടുക്കം 2011  ആഗസ്റ്റ് 24 -ന് തന്റെ കയ്യിലുള്ള വീഡിയോയിൽ നിന്നും ചെറിയൊരു ക്ലിപ്പ്  ഒരു ലോക്കൽ ചാനലിനും, അതിൽ നിന്നും ഗ്രാബ് ചെയ്ത ചിത്രങ്ങൾ ഒരു പ്രാദേശിക പത്രത്തിനും നൽകി  ഭംവരി. അങ്ങനെ ഈ വിവരം പുറം ലോകമറിഞ്ഞു. ആരുടേയും പേര് പറഞ്ഞിട്ടില്ലായിരുന്നു റിപ്പോർട്ടുകളിൽ എന്നാലും സംഭവത്തിൽ കുടുങ്ങിയിരിക്കുന്നത് ഇവർ രണ്ടുപേരുമാണ് എന്ന് മനസ്സിലാവാൻ പോന്ന സൂചനകൾ റിപ്പോർട്ടിലുണ്ടായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ മഹിപാൽ മഡേർനയ്ക്കും ബിഷ്‌ണോയിക്കും കാര്യമായ പ്രതിച്ഛായാ നഷ്ടമുണ്ടാക്കി ഈ ആരോപണങ്ങൾ.

2011  സെപ്തംബർ ഒന്നാം തീയതിയോടെ ഭംവരി ദേവി അപ്രത്യക്ഷയായി. ഈ അവരുടെ അപഹരണത്തിൽ മേൽപ്പറഞ്ഞ രാഷ്ട്രീയ നേതാക്കൾക്കും പങ്കുണ്ടെന്നാരോപിച്ച് പ്രതിപക്ഷം പലവട്ടം സഭ സ്തംഭിപ്പിച്ചു. അങ്ങനെ രണ്ടാഴ്ചയ്ക്കകം കേസ് സിബിഐയ്ക്ക് വിട്ടു. അന്ന് രാജസ്ഥാൻ മുഖ്യമന്ത്രിയായിരുന്ന അശോക് ഗെഹ്‌ലോത്ത് മഡേർനയോട് മന്ത്രിസ്ഥാനം രാജിവെക്കാൻ ആവശ്യപ്പെട്ടു. സമ്മർദ്ദങ്ങൾക്കൊന്നും അദ്ദേഹം വഴങ്ങാതിരുന്നപ്പോൾ ഒടുവിൽ ഗെഹ്‌ലോത്തിന് മഡേർനയെ പിരിച്ചു വിടേണ്ടി വന്നു. 

സിബിഐ നടത്തിയ കൃത്യമായ അന്വേഷണത്തിൽ  കേസിന് തുമ്പുണ്ടാവാൻ തുടങ്ങി. നവംബർ 3  നായിരുന്നു ഒരു തെളിവ് ആദ്യമായി. അവരുടെ കയ്യിൽ തടഞ്ഞത്. ഭംവരി ദേവിയും  മാൽഖൻ സിങ്ങ് ബിഷ്‌ണോയിയുടെ സഹോദരി ഇന്ദിരയും തമ്മിലുള്ള സംഭാഷണത്തിന്റെ ഒരു നാലുമിനിട്ടു ദൈർഘ്യമുള്ള ഓഡിയോ ക്ലിപ്പിങ്ങ് ആയിരുന്നു അത്.  താൻ ഏഴുകോടി രൂപയ്ക്ക് സിഡിയുടെ കാര്യത്തിൽ ഡീൽ ഉറപ്പിച്ചുവെന്നും, അതിൽ രണ്ടുകോടി മാധ്യസ്ഥം വഹിക്കുന്ന സോഹൻലാൽ ബിഷ്‌ണോയി എടുത്തിട്ട് ബാക്കി അഞ്ചുകോടി തനിക്കു കിട്ടുമെന്നും ഒക്കെ അതിൽ മാർവാഡി ഭാഷയിൽ ഭംവരി പറയുന്നുണ്ട്. 

താമസിയാതെ മറ്റൊരു ഓഡിയോ ക്ലിപ്പ് കൂടി സിബിഐ കണ്ടെടുത്തു. അത് ശഹാബുദ്ദിൻ എന്ന ഒരു ലോക്കൽ ഗുണ്ടയും അയാളുടെ കാമുകി രഹാനയും തമ്മിൽ ജയിലിൽ വെച്ച് നടത്തിയതായിരുന്നു. അതിൽ  തങ്ങൾ ഭംവരി ദേവിയെ ജീവനോടെ മറ്റൊരു ലോക്കൽ ഗുണ്ടയായി പ്രദീപ് ഗോദാരയെ ഏൽപ്പിച്ചെന്നും, ഭംവരി ദേവിയെ തങ്ങൾ കൊന്നിട്ടില്ലെന്നും, ചെയ്യാത്ത കുറ്റത്തിനാണ് അകത്തുകിടക്കുന്നത് എന്നും ഒക്കെയുള്ള അവകാശവാദങ്ങളായിരുന്നു. 

രാജസ്ഥാൻ സർക്കാർ തലയ്ക്ക് 25,000 രൂപ വിലയിട്ടിരുന്ന പിടികിട്ടാപ്പുള്ളിയായിരുന്നു ശഹാബുദ്ദീൻ. ഒക്ടോബറിൽ സിബിഐക്കു മുന്നിൽ ആദ്യം കീഴടങ്ങി, തട്ടിക്കൊണ്ടുപോവലിൽ തനിക്കുള്ള പങ്ക് വെളിപ്പെടുത്തിയത് അയാളായിരുന്നു. പിന്നെ സിബിഐ തുടരെത്തുടരെ നിരവധി അറസ്റ്റുകൾ ഇക്കേസിൽ നടത്തി. മഹിപാൽ മഡേർന, മാൽഖൻ സിങ്ങ് ബിഷ്‌ണോയി, സഹീരാം ബിഷ്‌ണോയി, സോഹൻ ലാൽ ബിഷ്‌ണോയി, ശഹാബുദ്ദീൻ, ബലിയ, ബിഷ്‌ണരാം ബിഷ്‌ണോയി, ഓം പ്രകാശ് ബിഷ്‌ണോയി തുടങ്ങി പലരും അറസ്റ്റിലായി. 

ഓപ്പറേഷൻ വാച്ച് 

ഇത്രയും ആയപ്പോഴേക്കും ഭംവരി ദേവി കൊല്ലപ്പെട്ടിരുന്നു എന്ന് സിബിഐക്ക് ബോധ്യമായി. അടുത്ത ഘട്ടത്തിൽ സിബിഐയ്ക്ക് മുന്നിലുണ്ടായിരുന്ന  വെല്ലുവിളി അവരുടെ മൃതദേശം കണ്ടെടുക്കുക എന്നതായിരുന്നു. രാജീവ് ഗാന്ധി ലിഫ്റ്റ് കനാൽ പരിസരത്തുനിന്നും അവർക്ക് ഭംവരി ദേവിയുടെ തലയ്ക്കടിക്കാൻ ഉപയോഗിച്ച ക്രിക്കറ്റ് ബാറ്റും, രണ്ടു നാടൻ കൈത്തോക്കുകളും കിട്ടി. ആ പരിസരത്തുതന്നെ നടത്തിയ നാലുദിവസം നീണ്ട പരിശോധനയ്‌ക്കൊടുവിൽ ഭംവരിദേവിയുടേതെന്നു കരുതുന്ന ഒരു തലയോട്ടിയും, പാതി കത്തിയ എല്ലിൻ കഷ്ണങ്ങളും, ചില ആഭരണങ്ങളുടെ ഭാഗങ്ങളും ഒക്കെ കണ്ടെടുത്തു. ഡിഎൻഎ ടെസ്റ്റിലൂടെ അത് ഭംവരി ദേവിയുടേതെന്നു തെളിഞ്ഞു. 

CBI ചാർജ്ജ് ഷീറ്റ് 

സിബിഐ അതുവരെ കിട്ടിയ തെളിവുകളെല്ലാം കൂട്ടിയോജിപ്പിച്ചപ്പോൾ നടന്നതെന്തെന്ന് കൃത്യമായി ബോധ്യപ്പെട്ടു. ഭംവരി ദേവി രാഷ്ട്രീയത്തിൽ സെക്സിനുള്ള പവർ തിരിച്ചറിഞ്ഞ് അതിനെ ഉപയോഗപ്പെടുത്തിത്തുടങ്ങിയ കാലത്ത് സുദീർഘമായ ബന്ധത്തിലായിരുന്നു മാൽഖൻ സിങ്ങ് ബിഷ്‌ണോയിയുമായി ഉണ്ടായിരുന്നത്. മാൽഖൻ  സിങ്ങാണ്, ഭംവരി ദേവിയെ മഹിപാൽ മഡേർനയ്ക്ക് കാഴ്ചവെക്കുന്നത്. മാൽഖൻ സിങ്ങിനെ പെങ്ങൾ ഇന്ദ്രാ ദേവിയാണ് ഭംവരി ദേവിക്ക് വീഡിയോ റെക്കോർഡിങ്ങ് എന്ന ബുദ്ധി ഉപദേശിച്ചു കൊടുക്കുന്നത്. അങ്ങനെ ഒരു അശ്‌ളീല വീഡിയോ പുറത്തുവന്നാൽ ആ പേരിൽ മഹിപാൽ മഡേർനയ്ക്ക് കളമൊഴിയേണ്ടി വരുമെന്നും, ആ ഒഴിവിൽ തന്റെ സഹോദരന് മന്ത്രിസ്ഥാനം തരപ്പെടുത്തിക്കൊടുക്കാം എന്നുമായിരുന്നു അവരുടെ അതിമോഹം. അവരുടെ പ്രേരണയിൽ സൂത്രത്തിൽ മഹിപാൽ മഡേർനയുടെ വീഡിയോ പിടിച്ച ഭംവരി ദേവി പക്ഷേ, ഒരുപടി കൂടി കടന്ന്, ഒരു സേഫ്റ്റിക്ക്, തനിക്ക് ബുദ്ധി ഉപദേശിച്ചു തന്ന ആളുടെ സഹോദരന്റെ തന്നെ അശ്ലീല വീഡിയോ റെക്കോഡുചെയ്തു  കളഞ്ഞു. അതും വെച്ച് ബ്ലാക്ക് മെയിൽ ചെയ്തപ്പോൾ അമ്പതുലക്ഷം വരെ കൊടുക്കാൻ മഡേർന തയാറായിരുന്നു. എന്നാൽ ഭംവരിയുടെ ഡിമാന്റുകൾ അതിനൊക്കെ എത്രയോ മേലെയായിരുന്നു. അത്രയും പണം മുടക്കാൻ തയ്യാറല്ലായിരുന്നു മഡേർന ഭംവരിയെ വകവരുത്താനുള്ള കൊട്ടേഷൻ ശഹാബുദ്ദീൻ എന്ന ലോക്കൽ ഗുണ്ടയെ ഏൽപ്പിക്കുകയാണുണ്ടായത്. ഒരു മാരുതി സ്വിഫ്റ്റ് കാർ വാങ്ങാനെന്ന ഭാവേന, ഭംവരി ദേവിയെ വിളിച്ചുവരുത്തിയ  ശഹാബുദ്ദീൻ സൂത്രത്തിൽ അവരെ ആ വണ്ടിയിൽ കേറ്റി, തന്റെ കൂട്ടാളികളുടെ സഹായത്തോടെ വിജനമായൊരിടത്തെത്തിച്ച് വകവരുത്തുകയായിരുന്നു. 

രാഷ്ട്രീയത്തിൽ അതിമോഹങ്ങൾ വെച്ചുപുലർത്തുകയും, സ്വന്തം ശരീരം അതിനുവേണ്ടി ദുരുപയോഗം ചെയ്യുകയും ചെയ്ത്, സുഭിക്ഷമായ ജീവിതം നയിച്ച്  ഒടുവിൽ ഒരു 'സിഡി'യുമായി ബന്ധപ്പെട്ടു നടന്ന ബഹളങ്ങൾക്കൊടുവിൽ   ജീവൻ തന്നെ നഷ്ടപ്പെടുത്തി ഭംവരി ദേവി. സുരയിലും സുന്ദരിയിലും അഭിരമിച്ച് സുഖലോലുപരായി ജീവിച്ചു പോന്ന മഹിപാൽ മഡേർനയും മാൽഖൻ  സിങ്ങ് ബിഷ്ണോയും ഒടുവിൽ എത്തിപ്പെട്ടത് കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് സെൻട്രൽ ജയിലിന്റെ അഴികൾക്കുള്ളിലാണ്. ഈ കേസിൽ ഗൂഢാലോചനാക്കുറ്റം ചുമത്തി ഭംവരി ദേവിയുടെ ഭർത്താവ് അമർചന്ദും അഴിക്കുള്ളിലായതോടെ അവരുടെ മൂന്നുമക്കളും ഇപ്പോൾ കോടതിയുടെ പരിരക്ഷണയിലാണ്. കേരളത്തെപ്പോലെ തന്നെ ഒരു തെരഞ്ഞെടുപ്പിന്റെ ഗതിയെത്തന്നെ നിർണ്ണയിക്കുകയും നിരവധിപേരുടെ രാഷ്ട്രീയ ഭാവിക്കുമേലെ കളങ്കങ്ങൾ ചാർത്തുകയും ചെയ്ത ഒരു സിഡി കേസാണ് രാജസ്ഥാനിലേയും. രണ്ടിന്റെയും പരിണാമഗുപ്തി തീർത്തും വ്യത്യസ്തമാണ് എന്നിരിക്കിലും.  

click me!