മോദിയെ വെല്ലുവിളിച്ച 'രാവണന്‍'; ആരാണ് ചന്ദ്രശേഖര്‍ ആസാദ്

By Web TeamFirst Published Mar 20, 2019, 3:14 PM IST
Highlights

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഉറക്കെ പ്രഖ്യാപിച്ച യുവത്വം, ദളിത് പ്രതിനിധി എന്ന നിലയില്‍ ബിഎസ്പി നേതാവ് മായാവതിയെപ്പോലും അസ്വസ്ഥയാക്കുന്ന സാന്നിധ്യം, ലക്ഷക്കണക്കിന് ആരാധകരുള്ള രാവണ്‍, അങ്ങനെ പല വിശേഷണങ്ങളാണ് ചന്ദ്രശേഖര്‍ ആസാദ് എന്ന 32കാരന് ഉള്ളത്. 

'പോകൂ,നിങ്ങളുടെ വീടിന്റെ ചുമരില്‍ എഴുതി വയ്ക്കൂ- നമ്മളാണ് ഈ രാജ്യം ഭരിക്കുന്നത്'  പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ചുട്ട്മാല്‍പൂര്‍ ഗ്രാമത്തിലുള്ള ഒരു വീടിന്റെ ചുവരില്‍ എഴുതിവച്ചിരിക്കുന്ന വാചകമാണിത്. ഡോ.ബി.ആര്‍.അംബേദ്കറുടെ ഏറെ പ്രസിദ്ധമായ ഈ ഉദ്ധരണി എഴുതിച്ചേര്‍ത്തിരിക്കുന്ന ചുമര് ചന്ദ്രശേഖര്‍ ആസാദ് എന്ന യുവനേതാവിന്റെ വീടിന്റേതാണ്. രാവണ്‍ എന്ന പേരില്‍ ജനകീയനായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റേത്!

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഉറക്കെ പ്രഖ്യാപിച്ച യുവത്വം, ദളിത് പ്രതിനിധി എന്ന നിലയില്‍ ബിഎസ്പി നേതാവ് മായാവതിയെപ്പോലും അസ്വസ്ഥയാക്കുന്ന സാന്നിധ്യം, ലക്ഷക്കണക്കിന് ആരാധകരുള്ള രാവണ്‍, അങ്ങനെ പല വിശേഷണങ്ങളാണ് ചന്ദ്രശേഖര്‍ ആസാദ് എന്ന 32കാരന് ഉള്ളത്. 

മോദിക്കെതിരായ പ്രഖ്യാപനം

മോദിയുടെ മണ്ഡലമായ വാരണാസിയില്‍ താന്‍ മത്സരിക്കുമെന്നാണ് ആസാദ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കുറി മോദി മത്സരിക്കുന്നത് വാരണാസിയില്‍ തന്നെയാണോ എന്ന് ഇനിയും തീരുമാനിക്കപ്പെട്ടിട്ടില്ല. എങ്കിലും ആസാദിന്റെ പ്രഖ്യാപനത്തിന് ബിജെപി കേന്ദ്രങ്ങളെ വിറപ്പിക്കാനുള്ള ശക്തിയുണ്ട്. തെരഞ്ഞെടുപ്പ് വിജയമല്ല ആസാദിന്റെ ലക്ഷ്യമെന്ന് വ്യക്തമാണ്. മോദിക്കെതിരെ മത്സരിക്കുന്നതിലൂടെ താനും ഭീം ആര്‍മിയും മുഖ്യധാരയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടും എന്നതാണ് ആസാദിനെ ഇതിലേക്ക് ആകര്‍ഷിക്കുന്നതെന്ന് വിലയിരുത്തലുമുണ്ട്.

ഭീം ആര്‍മിയുടെ പിറവി

ദളിത് വിഭാഗങ്ങളുടെ പുരോഗമനം ലക്ഷ്യമിട്ട് 2015ലാണ് ആസാദ് ഭീം ആര്‍മി രൂപീകരിക്കുന്നത്. ഡോ.ബി.ആര്‍.അംബേദ്കറുടെയും ബിഎസ്പി സ്ഥാപകന്‍ കാന്‍ഷി റാമിന്റെയും ആശയങ്ങളും പ്രവര്‍ത്തനങ്ങളുമായിരുന്നു പ്രചേദനം. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം കരുത്തുറ്റ ശക്തിയായി മാറിക്കഴിഞ്ഞു ആസാദും ഭീം ആര്‍മിയും.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ദളിത് യുവത്വത്തിന്റെ മുഖമാണ് ചന്ദ്രശേഖര്‍ ആസാദ്. മനുഷ്യാവകാശലംഘനവും ചൂഷണങ്ങളും നേരിടേണ്ടിവരുന്ന ദളിത് വിഭാഗങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തി പൊതുധാരയില്‍ തന്റെ സ്ഥാനമുറപ്പിക്കാന്‍ ആസാദിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ പുതുചരിത്രം നമ്മള്‍ ഒന്നിച്ചെഴുതുമെന്ന് ആസാദ് പ്രഖ്യാപിക്കുമ്പോള്‍ ലക്ഷക്കണക്കിന് വരുന്ന ദളിത് യുവത്വം അത് ഏറ്റ് പറയുന്നുണ്ട്.താനുള്‍പ്പെടുന്ന ജനവിഭാഗം ദിവസേന നേരിടേണ്ടിവരുന്ന ജാതിവിവേചനത്തിലാണ് ആസാദിന്റെ രാഷ്ട്രീയത്തിന്റെ അടിത്തറ. 

കോളേജില്‍ കുടിവെള്ളത്തിനും വൃത്തിയുള്ള ബെഞ്ചുകള്‍ക്കും വേണ്ടി ദളിത് യുവാക്കള്‍ നേരിടേണ്ടിവന്ന വിവേചനത്തിന്റെ ഫലമായി പിറവികൊണ്ട പ്രസ്ഥാനമാണ് ആസാദിന്റെ ഭീം ആര്‍മി. എഎച്ച്പി കോളേജിലെ ഠാക്കൂര്‍ വിദ്യാര്‍ത്ഥികള്‍ കുടിവെള്ളത്തിന്റെ പേരില്‍ ദളിത് വിദ്യാര്‍ത്ഥികളെ ആക്രമിച്ചതാണ് ഭീം ആര്‍മിയുടെ തുടക്കത്തിന് കാരണമായത്. ഠാക്കൂര്‍ വിദ്യാര്‍ത്ഥികള്‍ കുടിക്കുന്നതിന് മുമ്പേ വെള്ളം കുടിച്ചതിനാണ് ദളിത് വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെട്ടത്. ദളിത് വിദ്യാര്‍ത്ഥികള്‍ അപമാനിക്കപ്പെടുകയും ക്ലാസ് മുറിയില്‍ ഠാക്കൂര്‍ വിദ്യാര്‍ത്ഥികള്‍ ഇരിക്കുന്ന ബെഞ്ചുകള്‍ തുടയ്ക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. ഈ പ്രശ്‌നത്തോടെയാണ് ഭീം സേന രൂപീകരിക്കപ്പെട്ടത്. 

മുഖ്യധാരയിലേക്ക്....

2017ല്‍ സഹരന്‍പൂരില്‍ ദളിതരും ഠാക്കൂര്‍മാരും തമ്മില്‍ ഏറ്റുമുട്ടിയതോടെയാണ് ഭീം ആര്‍മി ദേശീയശ്രദ്ധയിലേക്ക് എത്തുന്നത്. സംഘര്‍ഷത്തെത്തുടര്‍ന്ന് ദേശീയസുരക്ഷാ നിയമപ്രകാരം ആസാദിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 16 മാസങ്ങള്‍ ആസാദ് ജയിലില്‍ കിടക്കേണ്ടി വന്നു. ജയില്‍വാസം ആസാദിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുകയാണ് ചെയ്തത്. ദളിത് വിഭാഗങ്ങളില്‍ ആസാദ് കൂടുതല്‍ ജനകീയനായി. 

ഞങ്ങള്‍ സമാധാനത്തില്‍ വിശ്വസിക്കുന്നു. എന്നു കരുതി ഞങ്ങള്‍ ഭീരുക്കളല്ല. ചെരിപ്പുകളുണ്ടാക്കേണ്ടത് എങ്ങനെയാണെന്ന് ഞങ്ങള്‍ക്കറിയാം, അതുപയോഗിച്ച് ആളുകളെ എറിയാനും അറിയാം. ആസാദ് പറയുമ്പോള്‍ പ്രതിഫലിക്കുന്നത് അടിച്ചമര്‍ത്തലിനെതിരായ ഒരു ജനതയുടെ രോഷമാണ്. 

രാവണ്‍ എന്ന ഐക്കണ്‍

മുകളിലേക്ക് പിരിച്ചുവച്ച മേല്‍മീശ, മുഖത്തെ സണ്‍ഗ്‌ളാസ്, റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍ബൈക്കിന്റെ രാജകീയ പ്രൗഢി. ചന്ദ്രശേഖര്‍ ആസാദിലേക്ക് യുവാക്കളെ ആകര്‍ഷിച്ചതില്‍ ഒരു പ്രധാനഘടകം ഈ ഗ്ലാമര്‍ പരിവേഷം തന്നെയാണ്. നിരവധി യുവാക്കളാണ് ആസാദിനെ അനുകരിച്ച് സണ്‍ഗ്ലാസും അദ്ദേഹത്തിന്‍റെത് പോലെയുള്ള മേല്‍മീശയും തങ്ങളുടെ സ്‌റ്റൈലായി സ്വീകരിച്ചിട്ടുള്ളത്. 

മായാവതിക്കും അനഭിമതന്‍

തങ്ങളുടെ ലക്ഷ്യം ഒന്നായിട്ടും ചന്ദ്രശേഖര്‍ ആസാദിനെ അംഗീകരിക്കാന്‍ ബിഎസ്പി നേതാവ് മായാവതി തയ്യാറായിട്ടില്ല. ദളിത് വോട്ടുകള്‍ ഭിന്നിപ്പിക്കുന്ന ബിജെപി ഏജന്റാണ് ആസാദ് എന്ന് മായാവതി ആരോപിക്കുന്നു. ഭീം ആര്‍മി ഒരു രാഷ്ട്രീയപാര്‍ട്ടി അല്ലെന്നും ബിഎസ്പിക്ക് എതിരാളികളാവുകയല്ല തങ്ങളുടെ ലക്ഷ്യമെന്നും ആസാദ് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും തന്റെ നിലപാട് മയപ്പെടുത്താന്‍ മായാവതി തയ്യാറല്ല. ആസാദിന്റെ വര്‍ധിച്ച് വരുന്ന സ്വീകാര്യതയാണ് മായാവതിയുടെ അനിഷ്ടത്തിന് കാരണമെന്നും സംസാരമുണ്ട്. ദളിതര്‍ക്ക് ഒരു നേതാവ് മതിയെന്ന് മായാവതി പറയാതെ പറഞ്ഞിട്ടുണ്ടെന്നാണ് കരക്കമ്പി. 

അഭിഭാഷകനില്‍ നിന്ന് രാവണനിലേക്ക്

1986 നവംബര്‍ ആറിന് ചുട്ട്മാല്‍പ്പൂരിലായിരുന്നു ചന്ദ്രശേഖര്‍ ആസാദിന്റെ ജനനം. ഹൈസ്‌കൂള്‍ അധ്യാപകനായി വിരമിച്ച ഗോവര്‍ധന്‍ ദാസാണ് ആസാദിന്റെ പിതാവ്. രണ്ട് സഹോദരന്മാരാണ് ആസാദിനുള്ളത്. 

ലഖ്‌നൗ സര്‍വ്വകലാശാലയില്‍ നിന്നാണ് ആസാദ് നിയമബിരുദം നേടിയത്. പഠനകാലത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു ആസാദ് എന്നാണ് റി്‌പ്പോര്‍ട്ടുകള്‍. എന്നാല്‍, സംഘടനയിലെ സവര്‍ണമേല്‍ക്കോയ്മയും ജാതീയമായ അടിച്ചമര്‍ത്തലുകളും ആസാദിനെ തിരുത്തിച്ചിന്തിപ്പിക്കുകയായിരുന്നത്രേ. നിയമപഠനത്തില്‍ ഉന്നതപഠനത്തിനായി ആറുവര്‍ഷം മുമ്പ് അമേരിക്കയില്‍ പോവേണ്ട ആളായിരുന്നു ആസാദ് എന്ന് മാധ്യമങ്ങള്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അസുഖബാധിതനായ പിതാവിനെ വിട്ടുപോവാനുള്ള മടി കൊണ്ട് പഠനം വേണ്ടെന്ന് വയ്ക്കുകയായിരുന്നത്രേ.

click me!