ഭൂരിപക്ഷം മാത്രം 6.96 ലക്ഷം, ഇന്ത്യൻ തെരഞ്ഞെടുപ്പ് ചരിത്രത്തെ ഞെട്ടിച്ച യുവതി..!

By Web TeamFirst Published Mar 20, 2019, 1:28 PM IST
Highlights

മഹാരാഷ്ട്രയിലെ ബീഡ് മണ്ഡലത്തിൽ നിന്നും  6.96  ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തോടെ അവൾ ജയിച്ചു വന്നപ്പോൾ പഴങ്കഥയായത്,  സിപിഎമ്മിലെ അനിൽ ബാസുവിന്റെ പേരിലുള്ള  5.92 ലക്ഷം വോട്ടിന്റെ റെക്കോർഡാണ്. 

ഈ മിടുക്കിയുടെ പേര് പ്രീതം എന്നാണ്. വെറും പ്രീതം അല്ല. പ്രീതം മുണ്ടെ. ഒന്നുകൂടി വിസ്തരിച്ചാൽ ഡോ. പ്രീതം ഗോപിനാഥ് മുണ്ടെ. ഇന്ത്യൻ തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരു റെക്കോർഡ് ഈ യുവതിയുടെ പേരിലാണ്. ആ പേരിലുള്ള അച്ഛന്റെ പേര് നമ്മളെല്ലാം അറിയും. ഗോപിനാഥ് മുണ്ടെ.  2014 -ൽ  അച്ഛന്റെ അകാലമൃത്യുവിനുശേഷം, തീർത്തും അവിചാരിതമായി രാഷ്ട്രീയ പ്രവേശം വേണ്ടിവന്നു, രാഷ്ട്രീയത്തിൽ അന്നോളം കാര്യമായ മുൻപരിചയങ്ങളൊന്നും ഇല്ലാതിരുന്ന,  പ്രീതം മുണ്ടെ എന്ന മുപ്പത്തൊന്നുകാരിയ്ക്ക്. ഒപ്പം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കന്നിയങ്കവും. 

ആ ഉപതെരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോൾ പഴങ്കഥയായത്,  2004-ലെ പൊതുതെരഞ്ഞെടുപ്പിൽ പശ്ചിമബംഗാളിലെ ആരംബാഗ് മണ്ഡലത്തിൽ നിന്നും 5.92 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തോടെ ജയിച്ചുകേറിയ സിപിഎമ്മിലെ അനിൽ ബാസു സ്വന്തമാക്കിയ, ചരിത്രത്തിലെ 'ഏറ്റവും വലിയ ഭൂരിപക്ഷം' എന്ന റെക്കോർഡായിരുന്നു. അന്ന് 6.96  ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മഹാരാഷ്ട്രയിലെ ബീഡ് മണ്ഡലത്തിൽ നിന്നും പ്രീതം ജയിച്ചു കേറിയത്.

പ്രാദേശികവാദം കൊടികുത്തി വാണിരുന്ന മഹാരാഷ്ട്രാ രാഷ്ട്രീയത്തിൽ ബാൽ താക്കറെ എന്ന ഭീഷ്മാചാര്യന്റെ ശിവസേനയോടും, മരുമകൻ രാജ് താക്കറെയുടെ മഹാരാഷ്ട്ര നവ് നിർമാൺ സേനയോടും, പിന്നെ ശരദ് പവാർ എന്ന അതികായന്റെ എൻസിപിയോടുമെല്ലാം മുട്ടിക്കൊണ്ട് ആത്മസുഹൃത്തായിരുന്ന പ്രമോദ് മഹാജനുമൊത്ത് സംസ്ഥാനത്ത് ബിജെപി എന്ന പാർട്ടിയ്ക്ക് അടിത്തറയുണ്ടാക്കിക്കൊടുത്ത മഹാരഥനായിരുന്നു ഗോപിനാഥ്റാവു മുണ്ടെ. 

എഴുപതുകളിൽ പ്രമോദ് മഹാജനെ പരിചയപ്പെട്ടത് തന്നെയാണ് മുണ്ഡെയ്ക്ക് സജീവരാഷ്ട്രീയത്തിലേക്കുള്ള വഴിതുറന്നുകൊടുത്ത. അവരൊന്നിച്ച് എബിവിപി എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിനുവേണ്ടി പ്രവർത്തിച്ചു.  അടിയന്തരാവസ്ഥക്കാലത്ത് സമരം ചെയ്ത് ജയിലിൽ പോയി. പ്രമോദ് മഹാജന്റെ പെങ്ങൾ പ്രദ്ന്യയെയാണ് മുണ്ടെ പിന്നീട് വിവാഹം കഴിക്കുന്നത്.  91-ൽ നിയമസഭയിലെത്തിയ മുണ്ടെ, 1995 -ൽ മനോഹർ മനോഹർ ജോഷി മന്ത്രിസഭയിലെ ഉപ മുഖ്യമന്ത്രിയായിരുന്നു. പിന്നീട് ലോക്സഭയിലേക്ക് ബീഡ് മണ്ഡലത്തിൽ നിന്നും മത്സരിച്ചു ജയിച്ച മുണ്ടെ, 2014 ലെ നരേന്ദ്ര മോദി സർക്കാരിൽ  ഗ്രാമവികസന-പഞ്ചായത്തീരാജ്  വകുപ്പുമന്ത്രിയായിരുന്നു. അധികാരത്തിലേറി അധികനാൾ പിന്നിടും മുമ്പ് ആകസ്മികമായുണ്ടായ ഒരു കാറപകടത്തിൽ അദ്ദേഹം മരണപ്പെട്ടു.  2014  ജൂൺ 3 -ന് പുലർച്ചെ ദില്ലി വിമാനത്താവളത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കെ സഫ്ദർജംഗ് മാർഗിനും പൃഥ്വിരാജ് ചൗക്കിനും ഇടയിൽ വെച്ച് അമിതവേഗത്തിൽ വന്ന മറ്റൊരു കാർ ഇടിച്ചുകേറി മരണപ്പെടുകയായിരുന്നു മുണ്ടെ . 

2014 -ൽ അച്ഛൻ ഗോപിനാഥ് മുണ്ടെ മരിച്ച്, ഉപതെരഞ്ഞെടുപ്പുണ്ടായപ്പോൾ, ബിജെപിയുടെ മുന്നിൽ സ്വാഭാവികമായും അദ്ദേഹത്തിന്റെ മക്കളുടെ പേരുകളാണ് ആദ്യപരിഗണനയ്ക് വന്നത്. മൂത്തമകൾ  പങ്കജ മുണ്ടെ അപ്പോൾ നിയമസഭാംഗമായിരുന്നതിനാൽ നറുക്കുവീണത് പ്രീതം മുണ്ടെയ്ക്കായിരുന്നു. തെരഞ്ഞടുപ്പുഫലം വന്നപ്പോൾ, ആകെ പോൾ ചെയ്ത 13,13,092 വോട്ടുകളിൽ 922,416വും നേടി പ്രീതം മുണ്ടെ വിജയിച്ചു. എതിരുനിന്ന കോൺഗ്രസിലെ അശോക് റാവു പാട്ടീലിന് 226,095 വോട്ടുകൾ കിട്ടി.  6,96,321 വോട്ടിന്റെ ഭൂരിപക്ഷം.  അതോടെ 2004 -ലെ പൊതു തെരഞ്ഞെടുപ്പിൽ പശ്ചിമബംഗാളിലെ ആരംബാഗ്  മണ്ഡലത്തിൽ നിന്നും 592,502 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ജയിച്ചുകേറിയ സിപിഎമ്മിലെ അനിൽ ബാസുവിന്റെ  റിക്കാർഡ് തകർന്നടിഞ്ഞു.

ഗോപിനാഥ് മുണ്ടെയുടെ അപ്രതീക്ഷിതമരണത്തെ തുടർന്ന് മഹാരാഷ്ട്രയിൽ അലയടിച്ച സഹതാപ തരംഗവും, അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായി എൻസിപിയും ശിവസേനയും മറ്റും എതിർസ്ഥാനാർത്ഥികളെ നിർത്താഞ്ഞതും ഒക്കെയാണ് ഭൂരിപക്ഷം ഇത്രയ്ക്ക് വർധിക്കാനുണ്ടായ കാരണം.  മുണ്ടെ കുടുംബത്തിൽ ഏറ്റവും കൂടുതൽ വിദ്യാഭ്യാസം സിദ്ധിച്ചിട്ടുള്ള പ്രീതം, ഡിവൈ പാട്ടീൽ മെഡിക്കൽ കോളേജിൽ ഇന്നും ഡെർമറ്റോളജിയിൽ എം ഡി നേടിയ ഒരു ഡോക്ടർ കൂടെയാണ്. 

click me!