കർണാടകയിലെ ഒരേയൊരു സിപിഎം സ്ഥാനാർത്ഥി

By Web TeamFirst Published Apr 5, 2019, 9:54 AM IST
Highlights

തൊഴിലാളിക്കാൾക്കായി രാപ്പകൽ പോരാട്ടത്തിനിറങ്ങി ജനങ്ങളുടെ കരുത്തായി മാറിയ സിഐടിയു അഖിലേന്ത്യാ വൈസ് പ്രസി‍ഡന്റ് എസ് വരലക്ഷ്മിയാണ് ഇത്തവണ ചിക്കബെല്ലാപുരിൽ സിപിഎം ടിക്കറ്റിൽ മത്സരിക്കുന്നത്.  

ബം​ഗളൂരു: 28 ലോക്സഭാ മണ്ഡലങ്ങളുള്ള കർണാടകത്തിൽ സിപിഎം ഒരൊറ്റ സീറ്റിൽ മാത്രമാണ് മത്സരിക്കുന്നത്. കർഷകരും തൊഴിലാളികളും ഏറെയുള്ള ചിക്കബെല്ലാപുർ ലോക്സഭാ മണ്ഡലത്തിൽ. കർഷകസമരങ്ങളുൾപ്പടെയുള്ള സമരങ്ങൾക്ക് കൊടിപ്പിടിച്ച ചിക്കബെല്ലാപുരിൽ ഇത്തവണ സിപിഎമ്മില്‍നിന്ന് ഒരു സമരനായിക തന്നെയാണ് ജനവിധി തേടുന്നത്. തൊഴിലാളിക്കാൾക്കായി രാപ്പകൽ പോരാട്ടത്തിനിറങ്ങി ജനങ്ങളുടെ കരുത്തായി മാറിയ സിഐടിയു അഖിലേന്ത്യാ വൈസ് പ്രസി‍ഡന്റ് എസ് വരലക്ഷ്മിയാണ് ചിക്കബെല്ലാപുരിൽ സിപിഎം ടിക്കറ്റിൽ മത്സരിക്കുന്നത്.

സാമൂഹ്യ മുന്നേറ്റങ്ങളിലൂടെ പാർട്ടിക്ക് അടിത്തറയുള്ള മണ്ഡലമാണ് ചിക്കബെല്ലാപുർ. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിൽ സജീവമായി പ്രവർത്തിക്കുമെന്ന് വരലക്ഷ്മി പറഞ്ഞു. മറ്റ് രാഷ്ട്രീയ പാർട്ടികളിൽ നിന്ന് വ്യത്യസ്തമായി ദശാബ്ദങ്ങളായി പാർട്ടി സജീവമായി പ്രവർത്തിക്കുന്ന മണ്ഡലം കൂടിയാണ് ചിക്കബെല്ലാപുർ. ജില്ലയിലെ ദേവനഹള്ളി, ദൊഡ്ഡബല്ലാപൂർ എന്നിവിടങ്ങളിൽ ഭൂസമരങ്ങളും കർഷക പ്രസ്ഥാനങ്ങളും 
പാർ‌ട്ടി സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലയിലാകമാനം തൊഴിലാളി പ്രസ്ഥാനങ്ങളും സംഘടിപ്പിച്ച പാർട്ടിയാണ് സിപിഎമ്മെന്നും വരലക്ഷ്മി പറഞ്ഞു. 

ബാഗെപ്പള്ളി ഉൾപ്പെടെയുള്ള മണ്ഡലങ്ങൾ സിപിഎമ്മിന് കാര്യമായ വേരോട്ടമുള്ള മണ്ഡലമാണ് ചിക്കബെല്ലാപുര. സിപിഎം മുൻ സംസ്ഥാന സെക്രട്ടറി ജിവി ശ്രീരാമറെഡ്ഡി സ്ഥിരമായി മത്സരിച്ചിരുന്ന മണ്ഡലവുമാണിത്. ഇവിടെനിന്ന് രണ്ട് തവണ അദ്ദേഹം ജയിച്ചിട്ടുണ്ടെന്നും വരലക്ഷ്മി കൂട്ടിച്ചേർത്തു.  

ഫാക്ടറി തൊഴിലാളിയായ വരലക്ഷ്മി 1994 മുതൽ സിഐടിയുവിൽ സജീവമാണ്. എന്നാൽ ആദ്യമായാണ് ഇവർ പൊതുതെരഞ്ഞെടുപ്പ് നേരിടുന്നത്. ബംഗളൂരുവിലെ അംഗൻവാടി തൊഴിലാളികളുടെ പ്രശ്നങ്ങളിൽ വളരെ സജീവമായി ഇടപ്പെടുന്നയാളാണ് വരലക്ഷ്മി. കോൺഗ്രസിന്റെ മുതിർന്ന നേതാവും സിറ്റിങ്‌ എം പിയുമായ വീരപ്പമൊയ്‌ലി, ബിജെപിയുടെ ബച്ചെ ഗൗഡ എന്നിവർക്കെതിരേയാണ് ചിക്കബെല്ലാപുരിൽ വരലക്ഷ്മി മത്സരിക്കുക.  

click me!