പുതിയ സ്കൂൾ കെട്ടിടം വേണമെന്നാവശ്യം, വാ​ഗ്ദാനം നിറവേറ്റിയില്ല; തെരഞ്ഞെടുപ്പ് ബഹിഷകരിച്ച് ഒരു ​ഗ്രാമം

By Web TeamFirst Published Apr 4, 2019, 1:14 PM IST
Highlights

സർക്കാരിനും ഭരണാധികാരികൾക്കും തങ്ങളുടെ കുട്ടികളുടെ ഭാവിയെക്കുറിച്ച് ആശങ്കയില്ലെങ്കിൽ പിന്നെന്തിനാണ് വോട്ട് ചെയ്യുന്നതെന്നാണ് കുഡിയിലെ ജനങ്ങൾ ചോദിക്കുന്നത്. 

പാറ്റ്ന: പൊട്ടി പൊളിഞ്ഞ സ്കൂൾ കെട്ടിടത്തിന് പകരം പുതിയൊരു കെട്ടിടം പണിഞ്ഞ് തരണമെന്ന് മാത്രമാണ് ഭരണാധികാരികളോട് ബിഹാറിലെ കൈമൂർ ജില്ലയിലെ കുഡി ​ഗ്രാമത്തിലെ ജനങ്ങൾ ആവശ്യപ്പെട്ടത്. എന്നാൽ ഭരണം മാറി മാറി വന്നിട്ടും പുതിയൊരു സ്കൂൾ കെട്ടിടമെന്ന ​ഗ്രാമത്തിന്‍റെ ആ​ഗ്രഹം മാത്രം നടന്നില്ല. അതുകൊണ്ട് പുതിയൊരു ഭരണാധികാരിയെ തെരഞ്ഞെടുക്കാൻ വേണ്ടി ഇനി വോട്ട് ചെയ്യില്ലെന്ന നിലപാടിലാണ് ​ഗ്രാമത്തിലെ ജനങ്ങൾ‌. 

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഭാ​ഗമായി വോട്ട് ചോദിച്ചോ പ്രചാരണത്തിനോ പാർട്ടി പ്രവർത്തകരോ നേതാക്കളോ ഗ്രാമത്തിൽ പ്രവേശിക്കുന്നത് പോലും വിലക്കിയിരിക്കുകയാണ് കുഡിയിലെ ജനങ്ങൾ. തകർന്ന് വീഴാറായ സ്കൂൾ കെട്ടിടം പുതുക്കി പണിയാൻ ആവശ്യപ്പെട്ടപ്പോൾ അധികൃതർ  മാറ്റി പണിഞ്ഞില്ല. എന്നാൽ കെട്ടിടത്തിന്‍റെ നില മോശമായതിനാൽ സാഹസത്തിന് മുതിരാൻ വിദ്യാഭ്യസ വകുപ്പ് തയ്യാറായിരുന്നില്ല.

തുടർന്ന് 600-ഓളം വിദ്യാർത്ഥികളെ കുഡിയിൽ നിന്ന് നാല് കിലോമീറ്റർ അകലെയുള്ള ബാലൂരി സ്കൂളിലേക്ക് മാറ്റിയതായി ജില്ലാ അഡ്വക്കേറ്റ്സ് അസോസിയേഷൻ ചെയർമാൻ ദിലീപ് സിം​ഗ് പറഞ്ഞു.  ആറ് മാസം മുമ്പ് ബ്ലോക്ക് ഹെഡ്ക്വാർട്ടേഴ്സിന് പുറത്ത് കുട്ടികളും രക്ഷിതാക്കളും ചേർന്ന് സ്കൂൾ കെട്ടിടം പുതുക്കി പണിയണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അന്ന് പ്രാദേശിക എംഎൽഎയും പിന്നോക്ക ക്ഷേമമന്ത്രിയുമായ ബ്രിജ്കിഷോർ ബിൻഡ് സ്കൂൾ കെട്ടിടം പുതുക്കി പണിയുമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ വാ​​ഗ്ദാനങ്ങളൊന്നും തന്നെ നടന്നില്ലെന്നും ദിലീപ് പറഞ്ഞു.   

​ഗതാ​ഗത സൗകര്യം കുറവായതിനാൽ കുഡിയിൽ നിന്ന് ബാലൂരി സ്കൂളിലേക്ക് പോകാൻ കുട്ടികൾ വളരെയധികം ബുദ്ധിമുട്ടുകയാണ്. സർക്കാരിനും ഭരണാധികാരികൾക്കും തങ്ങളുടെ കുട്ടികളുടെ ഭാവിയെക്കുറിച്ച് ആശങ്കയില്ലെങ്കിൽ പിന്നെന്തിനാണ് വോട്ട് ചെയ്യുന്നതെന്നാണ് കുഡിയിലെ ജനങ്ങൾ ചോദിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നത് വരെ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യില്ലെന്നും ജനങ്ങൾ പറയുന്നു.    

വോട്ട് ചെയ്യുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരണം നടത്താൻ ജില്ലാ ഭാരവാഹികൾ ​ഗ്രാമത്തിൽ എത്തിയിരുന്നെങ്കിലും വോട്ട് ചെയ്യില്ലെന്ന് ഉറച്ച തീരുമാനത്തിലായിരുന്നു ​ഗ്രാമത്തിലെ ജനങ്ങൾ. തെരഞ്ഞെടുപ്പ് കഴിഞ്ഞ് സ്കൂൾ കെട്ടിടം നിർമിച്ച് നൽകാമെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് പ്രപോസൽ വിദ്യാഭ്യാസ വകുപ്പ് അധികാരികൾക്ക് അയച്ചിട്ടുണ്ട്. ഫണ്ട് ലഭിച്ചയുടൻ നിർമാണം തുടങ്ങുമെന്നും ജില്ല മജിസ്ട്രേറ്റ് നവാൽ കിഷോർ ചൗധരി വ്യക്തമാക്കി.
 

click me!