ഈ തെരഞ്ഞെടുപ്പ് ഫലം നിങ്ങളുടെ ഉറക്കം കെടുത്തുന്നുണ്ടോ ? എങ്കിൽ ഇക്കാര്യങ്ങൾ സൂക്ഷിക്കുക..!

By Web TeamFirst Published May 23, 2019, 11:39 AM IST
Highlights

ചിലർക്ക് തെരഞ്ഞെടുപ്പ് സമ്മാനിച്ചിട്ടുണ്ടാവുക ഏറെ വെറിപിടിച്ച ഒരു മനോനിലയാവും. തങ്ങളുടെ ജീവിത പങ്കാളികളുമായും മക്കളും മറ്റു ബന്ധുക്കളുമായും ഒക്കെ അവർ വളരെ ബാലിശമായ കാര്യങ്ങളുടെ പേരിൽ ഒന്നും രണ്ടും പറഞ്ഞു വഴക്കിടും. തെറ്റിപ്പിരിഞ്ഞെന്നു പോലും വരും. പലപ്പോഴും തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെടുത്തിയുള്ള ഇത്തരം പരിഹാസങ്ങളും ബെറ്റുവെപ്പുമെല്ലാം ചെന്ന് കലാശിക്കുക അടിപിടിയിൽ വരെയാണ്. 
 

ഇന്നലെ രാത്രി ഇന്ത്യയിൽ പലരും ഒരു പോള കണ്ണടച്ചിട്ടുണ്ടാവില്ല. ഇന്നലത്തെ പകൽ മുഴുവൻ പലരും ചെലവിട്ടിട്ടുണ്ടാവുക, വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലം തങ്ങളുടെ പ്രതീക്ഷകൾക്ക് വിരുദ്ധമാണെങ്കിൽ എന്താവും അവസ്ഥ എന്ന് സുഹൃത്തുക്കളോട് ചർച്ച ചെയ്തുകൊണ്ടാവും. ചിലർക്കെങ്കിലും 'തെരഞ്ഞെടുപ്പ്  ഉൽക്കണ്ഠ അഥവാ Election Anxiety' എന്നറിയപ്പെടുന്ന ഈ വേലിയേറ്റം സമ്മാനിക്കുക വളരെ ഗൗരവകരമായ ആരോഗ്യ പ്രശ്നങ്ങളാവും. 

ചിലർക്ക് തെരഞ്ഞെടുപ്പ് സമ്മാനിച്ചിട്ടുണ്ടാവുക ഏറെ വെറിപിടിച്ച ഒരു മനോനിലയാവും. തങ്ങളുടെ ജീവിത പങ്കാളികളുമായും മക്കളും മറ്റു ബന്ധുക്കളുമായും ഒക്കെ അവർ വളരെ ബാലിശമായ കാര്യങ്ങളുടെ പേരിൽ ഒന്നും രണ്ടും പറഞ്ഞു വഴക്കിടും. തെറ്റിപ്പിരിഞ്ഞെന്നു പോലും വരും. പലപ്പോഴും തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെടുത്തിയുള്ള ഇത്തരം പരിഹാസങ്ങളും ബെറ്റുവെപ്പുമെല്ലാം ചെന്ന് കലാശിക്കുക അടിപിടിയിൽ വരെയാണ്. 

ശാരീരികമായ പ്രശ്നങ്ങളും കുറവാകില്ല നിങ്ങൾക്ക്. ഉറക്കം തീരെ കുറഞ്ഞുപോവും. ഒന്നുകിൽ നിങ്ങളുടെ ഡയറ്റൊക്കെ തെറ്റും അല്ലെങ്കിൽ നിങ്ങൾ ഒന്നും കഴിക്കാതെയാവും. കടുത്ത തലവേദനയും നിങ്ങളെ അലട്ടിയെന്നു വരാം. വല്ലാത്ത ഒരു പാരനോയിയ നിങ്ങളെ ആവേശിക്കും. നിങ്ങൾ ഒരുന്മാദിയെപ്പോലെ വീണ്ടും വീണ്ടും ഇന്റർനെറ്റിലെ പലവിധം വെബ്‌സൈറ്റുകളിൽ നിങ്ങളുടെ ചിന്താക്രമത്തെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള ഡാറ്റ തപ്പി മണിക്കൂറുകൾ ചെലവിടും. നിങ്ങളുടെ കണ്ണിന്റെ ആരോഗ്യത്തെ വരെ അത് ബാധിക്കും. 

തെരഞ്ഞെടുപ്പ് സംബന്ധിയായ ഉത്കണ്ഠയുടെ അടിസ്ഥാനം എന്നത് അപ്രവചനീയതയാണ്. നിങ്ങളുടെ പ്രതീക്ഷയ്ക്ക് കടകവിരുദ്ധമായി വല്ലതും സംഭവിച്ചുപോയാൽ അതിനെ അതിജീവിക്കാൻ നിങ്ങൾക്കാവില്ല എന്ന തോന്നൽ നിങ്ങളെ വല്ലാതെ തളർത്തിക്കളയും. എതിർ കക്ഷികൾ അധികാരത്തിൽ വന്നാൽ നിങ്ങൾക്കുണ്ടാകാവുന്ന പരിണിത ഫലങ്ങളെപ്പറ്റി ഓർക്കുമ്പോഴേ നിങ്ങളുടെ തൊണ്ടയിലെ വെള്ളം വറ്റാൻ തുടങ്ങും. കരച്ചിൽ വരെ വന്നെന്നിരിക്കും നിങ്ങൾക്ക് .

" പാലം കുലുങ്ങിയാലും, കേളൻ കുലുങ്ങില്ല.." എന്ന് ഇടയ്ക്കിടെ അവനവനെത്തന്നെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഈ തരത്തിലുള്ള ഉത്കണ്ഠകൾ അതിജീവിക്കാനുള്ള ഒരേയൊരു വഴി. ഇതിലും വലിയ രാഷ്ട്രീയ മാറ്റങ്ങളെ നിങ്ങൾ അതിജീവിച്ചിട്ടുണ്ട് പണ്ട്, ഇതും കടന്നുപോകും എന്ന് സ്വയം ഓർമ്മിപ്പിക്കുക. 

പറ്റുമെങ്കിൽ പുറത്ത് കാറ്റും കൊണ്ട് നല്ലൊരു നടത്തത്തിന് പോവുക. പ്രിയമുള്ളവരുടെ കൂടെ കടപ്പുറത്ത് ചെന്നിരുന്ന് ശുദ്ധവായു ശ്വസിക്കുക. അങ്ങനെ തൽക്കാലത്തേക്കെങ്കിലും സ്ട്രെസ് നിറഞ്ഞ ഈ അന്തരീക്ഷത്തിൽ നിന്നും അവനവനെ വേർപെടുത്തിക്കൊണ്ട് മാറിനിൽക്കുക. 

തെരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും ചിലർക്ക് നിരാശമാത്രമാവും എന്നതും ഒരു വസ്തുതയാണ്. എല്ലാം ആശ്രയിച്ചിരിക്കുന്നത് നിങ്ങൾ അതിനെ എന്ത് കാഴ്ചപ്പാടിലാണ് കാണുന്നത് എന്നതിലാണ്.രാഷ്ട്രീയമായ ചായ്‌വുകൾ എല്ലാവർക്കും കാണും. അതിനെ തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള ഫലങ്ങൾ പലപ്പോഴും തെരഞ്ഞെടുപ്പുകളിൽ ഉണ്ടായെന്നു വരില്ല.  

" ഇനിയിപ്പോൾ എന്താണ് ചെയ്യേണ്ടത്..? " എന്ന് സ്വയം ചോദിക്കുക. സ്വന്തം നിലപാടുകളിൽ വെള്ളം ചേർക്കാതെ, എന്നാൽ മാറിയ സാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ സ്വന്തം കാഴ്ചപ്പാടുകളെയും പ്രവർത്തനപദ്ധതികളെയും പരുവപ്പെടുത്തി മുന്നോട്ടു പോവുകതന്നെ ചെയ്യണം. ഒന്നും ഒന്നിന്റെയും അവസാനമല്ല. " ദി ഷോ മസ്റ്റ് ഗോ ഓൺ.. " എന്നാണല്ലോ..!

click me!