ഇതായിരുന്നു, കോൺഗ്രസ് ഇന്ത്യ തൂത്തുവാരിയ ആ തെരഞ്ഞെടുപ്പ്

By Web TeamFirst Published May 23, 2019, 8:00 AM IST
Highlights

ഇന്ദിരയുടെ മരണം ഇന്ത്യൻ രാഷ്ട്രീയത്തിൽ പൊടുന്നനെ ഒരു ശൂന്യത സൃഷ്ടിച്ചു. ഇന്ദിരയ്ക്കു ശേഷം ആര് എന്ന ചോദ്യത്തിനുമുന്നിൽ ഇന്ത്യ പകച്ചു നിൽക്കുന്ന നേരത്താണ് രാജീവ് ഗാന്ധി എന്ന സുമുഖനായ നേതാവിനെ കോൺഗ്രസ് മുന്നോട്ടു  വെക്കുന്നത്.

ഇത് സ്വതന്ത്ര ഇന്ത്യയുടെ പതിനേഴാമത്തെ തെരഞ്ഞെടുപ്പാണ്. ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളിൽ ഏറ്റവും വലിയ ഭൂരിപക്ഷം ഏതെങ്കിലുമൊരു പാർട്ടിക്ക് നൽകിയ തെരഞ്ഞെടുപ്പ് ഏതാവും...? അത് ഇന്ദിരാ ഗാന്ധിയുടെ വധത്തെ തുടർന്ന് 1984 -ൽ തുടങ്ങി, അസം, പഞ്ചാബ് എന്നിവിടങ്ങളിലെ അക്രമ സംഭവങ്ങളെത്തുടർന്ന് 1985  വരെ നീണ്ടുനിന്ന എട്ടാമത്തെ പൊതു തെരഞ്ഞെടുപ്പായിരുന്നു. ആ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന 1980 ലെ തെരഞ്ഞെടുപ്പ് ഇന്ദിരാ ഗാന്ധി എന്ന നേതാവിന്റെ ഉയിർത്തെഴുന്നേൽപ്പിന് സാക്ഷ്യം വഹിച്ച ഒന്നായിരുന്നു. അടിയന്തരാവസ്ഥ കഴിഞ്ഞുള്ള തെരഞ്ഞെടുപ്പിലേറ്റ പരിതാപകരമായ തോൽവി നൽകിയ ആഘാതത്തിൽ നിന്നും അവർ പൂർവാധികം ശക്തിയോടെ തിരിച്ചുവന്ന തെരഞ്ഞെടുപ്പുമായിരുന്നു അത്. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിര പ്രവർത്തിച്ച അവിവേകങ്ങൾക്ക് ഇന്ത്യ മാപ്പുനല്കിയോ എന്ന് തോന്നിച്ചു ആ തെരഞ്ഞെടുപ്പിൽ ഇന്ദിരയ്ക്ക് കിട്ടിയ ജനസ്വീകാര്യത. 

ഓപ്പറേഷൻ ബ്ലൂസ്റ്റാർ, ഇന്ദിരാഗാന്ധിയുടെ വധം 

1984 -ൽ ഇന്ദിര നടത്തിയ ഓപ്പറേഷൻ ബ്ലൂസ്റ്റാറിനിടയിൽ   ഇന്ത്യൻ സൈന്യത്തിന്റെ മദ്രാസ് റെജിമെൻറ് അമൃത്സറിലെ സുവർണ ക്ഷേത്രം വളഞ്ഞു. അതിനുള്ളിൽ അഭയം തേടിയിരുന്ന ഭിന്ദ്രൻ വാല എന്ന ഭീകരവാദിയെ പിടികൂടുക എന്നതായിരുന്നു ലക്‌ഷ്യം. സിഖുകാർ പവിത്രമെന്നു കരുതിയിരുന്ന ആ ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച ഇന്ത്യൻ സൈന്യം നടത്തിയ പൊരിഞ്ഞ പോരാട്ടത്തിനൊടുവിൽ ഭിന്ദ്രൻവാലയും സംഘവും വധിക്കപ്പെടുന്നു. എന്നാൽ തങ്ങളുടെ പുണ്യക്ഷേത്രത്തിൽ കേറി പട്ടാളം നടത്തിയ അക്രമത്തിൽ സിഖുകാരുടെ മതവികാരം വ്രണപ്പെടുന്നു. ഇന്ദിരാഗാന്ധിക്കെതിരെ സിഖ് മനസ്സുകളിൽ വിദ്വേഷം പുകഞ്ഞുകത്തുന്നു. ഒടുവിൽ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന രണ്ടു സിഖുകാരുടെ തന്നെ വെടിയേറ്റ് അവർ കൊല്ലപ്പെടുന്നു. 

ഇന്ദിരയുടെ മരണം ഇന്ത്യൻ രാഷ്ട്രീയത്തിൽ പൊടുന്നനെ ഒരു ശൂന്യത സൃഷ്ടിച്ചു. ഇന്ദിരയ്ക്കു ശേഷം ആര് എന്ന ചോദ്യത്തിനുമുന്നിൽ ഇന്ത്യ പകച്ചു നിൽക്കുന്ന നേരത്താണ് രാജീവ് ഗാന്ധി എന്ന സുമുഖനായ നേതാവിനെ കോൺഗ്രസ് മുന്നോട്ടു  വെക്കുന്നത്. ഇന്ദിരയുടെ മകൻ. ജവഹർലാൽ നെഹ്രുവിന്റെ കൊച്ചുമകൻ. ആ  തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ  മുന്നോട്ടു നയിക്കാൻ എന്തുകൊണ്ടും അനുയോജ്യനായിരുന്നു രാജീവ് ഗാന്ധി. 

ആദ്യഘട്ടത്തിൽ പഞ്ചാബിലും അസമിലും ഒഴികെ മറ്റെല്ലായിടത്തും വോട്ടെടുപ്പ് നടന്നു. ഈ രണ്ടു പ്രദേശവും തീവ്രവാദത്തിന്റെ പിടിയിൽ ആയിരുന്നതിനാൽ അവിടത്തെ തെരഞ്ഞെടുപ്പുകൾ അടുത്ത വർഷത്തേക്ക് നീട്ടിവെക്കപ്പെട്ടു. അക്കൊല്ലം 7 ദേശീയ പാർട്ടികളും 17 പ്രാദേശിക പാർട്ടികളും മത്സരരംഗത്തുണ്ടായിരുന്നു. കോൺഗ്രസ്, ബിജെപി, സിപിഐ, സിപിഎം, കോൺഗ്രസ് (എസ്‌),ജനതാ പാർട്ടി, ലോക് ദൾ എന്നിവയായിരുന്നു ദേശീയ പാർട്ടികൾ. 

രാജീവ്, ബിജെപി, ടിഡിപി 

പല കാരണങ്ങളാലും 1984-ലെ തെരഞ്ഞെടുപ്പ് ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ഒന്നായിരുന്നു. ഒന്ന്, അത് രാജീവ് ഗാന്ധി എന്ന ഒരു പുതിയ ജനനേതാവിന്റെ ഉദയം കണ്ട തെരഞ്ഞെടുപ്പായിരുന്നു. രണ്ട്, ആ തെരഞ്ഞെടുപ്പിലൂടെയാണ് ബിജെപി എന്ന പുതിയ ദേശീയ പാർട്ടിയെ ലോകമറിയുന്നത്. മൂന്ന്, തെലുഗു സിനിമയിൽ നിന്നും രാഷ്ട്രീയത്തിലേക്ക് പ്രവേശം നടത്തിയ എൻ ടി രാമറാവു എന്ന ജനപ്രിയ നേതാവിന്റെ കാർമികത്വത്തിൽ തെലുഗുദേശം പാർട്ടി എന്ന പുതിയൊരു പ്രാദേശിക പാർട്ടി ആ തെരഞ്ഞെടുപ്പിലാണ് തങ്ങളുടെ ശക്തി തെളിയിക്കുന്നത്. 

ഇന്ദിരാഗാന്ധിയുടെ വധത്തിനു രണ്ടു മാസം മാത്രം അപ്പുറം, ഡിസംബർ 24നും 28നുമിടയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. തന്റെ നാല്പതാം വയസിൽ രാഷ്ട്രീയത്തിലിറങ്ങി, അമേത്തിയിൽ നിന്നും അതിനകം എംപി ആയി പാർലമെന്റിൽ എത്തിക്കഴിഞ്ഞിരുന്നു രാജീവ് ഗാന്ധി. മറ്റാരേക്കാളും വേഗത്തിൽ എല്ല്ലാ കടമ്പകളും ചാടിക്കടന്നായിരുന്നു ഒരു തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പോലെ വലിയ ഒരു പാർട്ടിയെ മുന്നിൽ നിന്ന് നയിക്കുന്ന സ്ഥാനത്തേക്കുള്ള രാജീവിന്റെ വളർച്ച. 

മറ്റുള്ള എല്ലാ പാർട്ടികളെയും നിഷ്പ്രഭരാക്കിക്കൊണ്ട് ലോക്സഭയിൽ മൃഗീയമായ ഒരു ഭൂരിപക്ഷം തന്നെ ഇന്ദിരാവധം ഇളക്കിവിട്ടു സഹതാപ തരംഗം അക്കുറി നേടിക്കൊടുത്തു. ആ കൊല്ലം കോൺഗ്രസ് നേടിയ 404  എന്ന ലോക്സഭാ സീറ്റുകളുടെ റെക്കോർഡ് അതിനു മുമ്പോ പിമ്പോ ആരും തന്നെ മറികടന്നിട്ടില്ല. അക്കൊല്ലം ഉണ്ടായ റെക്കോർഡ് പോളിങ്ങ് ശതമാനവും(63.56%) കോൺഗ്രസിനെ തുണച്ചു എന്ന് പറയപ്പെടുന്നു. ആ തെരഞ്ഞെടുപ്പിൽ ടിഡിപിയ്ക്ക് 30  സീറ്റുകൾ കിട്ടി. പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷികളിൽ ഒന്നായി അവർ മാറി. കോൺഗ്രസിന് ഇന്ദിരയുടെ പേരിലുണ്ടായ സഹതാപ തരംഗം സീറ്റുനേടിക്കൊടുക്കാതെ പോയത് ആന്ധ്രയിൽ മാത്രമായിരുന്നു. ആ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ആകെ കിട്ടിയത് രണ്ടേരണ്ടു സീറ്റുമാത്രം. ഒന്ന് ആന്ധ്രയിൽ നിന്നും മറ്റൊന്ന് ഗുജറാത്തിൽ നിന്നും.  

 1989-ലെ തെരഞ്ഞെടുപ്പിൽ TDP രണ്ടു സീറ്റിലേക്കൊതുങ്ങി കോൺഗ്രസ് 197-ലൊതുങ്ങി. ജനതാപാർട്ടി 143  സീറ്റുമായി തിരിച്ചടിച്ചു. ബിജെപി 2 -ൽ നിന്നും 85-ലേക്ക് വളർന്നു. പ്രാദേശിക പാർട്ടികൾക്ക് സ്വാധീനം കാലക്രമേണ കൂടിക്കൂടി വന്നു. ഇനി ഒരിക്കലും 1984 -ളെപ്പോലെ ഒരു തെരഞ്ഞെടുപ്പ് ഫലം വരികയില്ലായിരിക്കാം. കേന്ദ്രത്തിൽ ഒരിക്കലും ഒരു പാർട്ടിയ്ക്കും അതുപോലെ ശക്തമായ  ഒരു അംഗബലം 
ഇനി ലോക്സഭയിൽ കിട്ടില്ലായിരിക്കാം. ഒരു പക്ഷേ, ഇന്ത്യയെപ്പോലെ ഒരു ബഹുസ്വര രാഷ്ട്രത്തിന്  ഉചിതവും പ്രാദേശിക കക്ഷികൾക്ക് സ്വാധീനം ചെലുത്താനും തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കാനും ഒക്കെ സാധിക്കുന്ന ഒരു  കൂട്ടുകക്ഷി ഭരണം തന്നെയാവാം. 

ഏതിനും, കാത്തിരുന്ന് തന്നെ കാണാം.. ! 

click me!