
തിരുവനന്തപുരം: കനത്ത വെയിൽ മാത്രമല്ല പ്രചാരണരംഗത്ത് സ്ഥാനാർത്ഥികളെ വലയ്ക്കുന്നത്. പ്രചാരണത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്കാക്കിയ നിരക്ക് സ്ഥാനാർത്ഥികളുടെ ചങ്കിടിപ്പ് കൂട്ടുന്നതാണ്.
കനത്ത ചൂടാണ്. പൊതുസമ്മേളനത്തിലോ പ്രചാരണ വാഹനത്തിലോ ഒരു കൂളർ കൂടെ കരുതാമെന്ന് കരുതിയാൽ 500 രൂപാ പ്രചാരണ ചിലവിൽ കണക്കാക്കും. വലിയ കൂളറെങ്കിൽ 1000 രൂപാ. വേദി തോരണങ്ങള്‍ തൂക്കി അലങ്കരിച്ചാൽ ഒരടി നീളത്തിന് നാലു രൂപ. നല്ല പാട്ട് ഒരുക്കി വോട്ട് തേടാമെന്ന് വച്ചാൽ അതിനും നൽകണം 10000 രൂപ. തുണിയിലുള്ള ബോര്‍ഡ് ഒരടിക്ക് 30 രൂപ, ചട്ട യുള്ളതിന് 40 രൂപയും ചെലവ് കണക്കാക്കും.
ചെണ്ട മേളത്തിന് ആളൊന്നിന് 500 ആണ് കണക്ക്. വീഡിയോ വാള്‍ ചെറുതിന് 6000 രൂപ വലുതിന് 9000 രൂപ. നേതാക്കളയോ സ്ഥാനാര്‍ത്ഥികളയോ കാര്‍പ്പറ്റ് വിരിച്ച് ആനയിക്കണമെങ്കില്‍ ഒരടിക്ക് 5 രൂപ വീതം നൽകണം. സോഷ്യൽ മീഡിയ പ്രാചാരണവും ചിലവിന് പുറത്തല്ല.
വെബ് സൈറ്റ് ഹോസ്റ്റിങ് 1000 രൂപയും പേജിന് 500 രൂപയുമാണ് ചാർജ്. പോസ്റ്റൊറൊട്ടിക്കുന്നവനും മുദ്രാവാക്യം വിളിക്കുന്നവനും ഭക്ഷണം നൽകിയാലും ചിലവേറും. ചോറൊന്നിന് 50, ബിരിയാണിക്ക് 130 രൂപയുമാണ് നിരക്ക്.