ആരു ജയിച്ചാലും വീട്ടിലൊരു എംപി; ഇവിടെ അച്ഛനും മകളും തമ്മിലാണ് പോരാട്ടം

By Web TeamFirst Published Mar 31, 2019, 12:32 PM IST
Highlights

തെലുങ്ക് ദേശം പാര്‍ട്ടിക്ക് വേണ്ടി അച്ഛനും കോണ്‍ഗ്രസിനു വേണ്ടി മകളും തെരഞ്ഞെടുപ്പ് കളത്തിലിറങ്ങുമ്പോള്‍ ഫലം പ്രവചനാതീതം എന്ന് പറയുന്നു അരികുവിലെ ജനങ്ങള്‍.
 

ഒരു വീട്ടില്‍ നിന്ന് രണ്ട് സ്ഥാനാര്‍ത്ഥികള്‍. രണ്ട് പേരും മത്സരിക്കുന്നത് ഒരേ സീറ്റിനു വേണ്ടി. ആര് ജയിച്ചാലും വീട്ടിലൊരു എംപി ഉറപ്പ്! 

ആന്ധ്രാപ്രദേശിലെ അരികു ലോക്‌സഭാ മണ്ഡലത്തെ ശ്രദ്ധേയമാക്കുന്നത് ഒരച്ഛനും മകളും തമ്മിലുള്ള പോരാട്ടമാണ്. തെലുങ്ക് ദേശം പാര്‍ട്ടിക്ക് വേണ്ടി അച്ഛനും കോണ്‍ഗ്രസിനു വേണ്ടി മകളും തെരഞ്ഞെടുപ്പ് കളത്തിലിറങ്ങുമ്പോള്‍ ഫലം പ്രവചനാതീതം എന്ന് പറയുന്നു അരികുവിലെ ജനങ്ങള്‍. വി.കിഷോര്‍ ചന്ദ്രദ്യോ ആണ് ആ അച്ഛന്‍. വി.ശ്രുതി ദേവിയാണ് നേര്‍ക്ക് നേര്‍ പോരാട്ടത്തിനിറങ്ങിയിരിക്കുന്ന മകള്‍.

അഞ്ച് തവണ ലോക്‌സഭാംഗമായിട്ടുള്ള കിഷോര്‍ ചന്ദ്രദേവ് രണ്ട് തവണ മന്ത്രിയായിട്ടുണ്ട്. കോണ്‍ഗ്രസ് വിട്ട് തെലുങ്ക് ദേശം പാര്‍ട്ടിയിലെത്തിയത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. കിഷോര്‍ ചന്ദ്രദേവിന്റെ കൂറുമാറ്റത്തിന് കോണ്‍ഗ്രസ് മറുപടി പറഞ്ഞത് അദ്ദേഹത്തിന്റെ മകളെ സ്ഥാനാര്‍ത്ഥിയാക്കിക്കൊണ്ടായിരുന്നു. അച്ഛന്‍ പാര്‍ട്ടി മാറും മുമ്പേ താന്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നെന്ന് പറയുന്നു ശ്രുതി ദേവി.

1998 മുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയായ ശ്രുതി ദില്ലിയില്‍ അഭിഭാഷകയാണ്. അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകയുമാണ്. സ്ത്രീസമത്വവും ലിംഗനീതിയുമൊക്കെ പ്രചാരണായുധമാക്കിയാണ് ശ്രുതിയുടെ പോരാട്ടം. നോട്ട് നിരോധനവും ജിഎസ്ടിയുമെല്ലാം തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളാണ്. 

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജനങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ വിശ്വസിക്കുന്നില്ലെന്നാണ് കിഷോര്‍ ചന്ദ്ര ദ്യോയുടെ നിലപാട്. നാല് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയജീവിതമാണ് ദ്യോ ഉയര്‍ത്തിക്കാട്ടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏകാധിപത്യത്തിനെതിരെ പോരാടാനാണ് താന്‍ തെലുങ്ക് ദേശം പാര്‍ട്ടിയിലേക്ക് ചേര്‍ന്നതെന്നും ദ്യോ പറയുന്നു.

2008ല്‍ രൂപീകൃതമായ അരകു പട്ടികവര്‍ഗ സംവരണ മണ്ഡലമാണ്.  വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ജി.മാധവിയാണ് അരികുവിലെ പ്രബലയായ മറ്റൊരു സ്ഥാനാര്‍ത്ഥി.


 

click me!