രാജസ്ഥാനിൽ ക്യാമറയ്ക്കു മുന്നിൽ ഒരാളെ പിക്കാസിനു വെട്ടി, പച്ചയ്ക്കു തീയിട്ടുകൊന്നയാൾ, ജയിലിൽ നിന്നും മത്സരിക്കാനൊരുങ്ങുന്നു.

By Web TeamFirst Published Mar 27, 2019, 6:18 PM IST
Highlights

ശംഭു ലാൽ റെയ്‌ഗറിനെ ഓർമ്മയില്ലേ..? രാജസ്ഥാനിലെ രാജ്‌സമന്ദിൽ, ചുവന്നൊരു ഷർട്ടും വെളുത്ത ഷാളും ധരിച്ചു വന്ന് നിഷ്കളങ്കനായൊരു മധ്യവയസ്കനെ പിക്കസിനു വെട്ടിവീഴ്ത്തി, ജീവനോടെ തീയിട്ടു ചുട്ടുകൊന്നയാൾ. ഉത്തർപ്രദേശ് നവനിർമാൺ സേനയുടെ ആഗ്രയിൽ നിന്നുള്ള സ്ഥാനാർഥി ശംഭുലാൽ ആണത്രേ..

ആഗ്ര : തെരഞ്ഞെടുപ്പടുത്ത സമയമാണല്ലോ. സ്ഥാനാർഥിനിർണ്ണയങ്ങൾ തകൃതിയായി നടക്കുന്നു. ആരാണ് തങ്ങളുടെ മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്നതെന്നറിയാൻ ജനങ്ങൾ ഉത്സുകരാണ്. ഉത്തർപ്രദേശ് നവനിർമാൺ സേനയുടെ ആഗ്രയിൽ നിന്നുള്ള സ്ഥാനാർഥി ശംഭുലാൽ റായ്‌ഗർ ആണത്രേ..

ശംഭു ലാൽ റെയ്‌ഗറിനെ ഓർമ്മയില്ലേ..? രാജസ്ഥാനിലെ രാജ്‌സമന്ദിൽ, ചുവന്നൊരു ഷർട്ടും വെളുത്ത ഷാളും ധരിച്ചു വന്ന് നിഷ്കളങ്കനായൊരു മധ്യവയസ്കനെ പിക്കസിനു വെട്ടിവീഴ്ത്തി, ജീവനോടെ തീയിട്ടു ചുട്ടുകൊന്നയാൾ.

ഈ പൈശാചിക കൃത്യത്തിന്റെ വീഡിയോ പിടിക്കാൻ കൂടെക്കൂട്ടിയത് തന്റെ പതിനാലുകാരനായ അനന്തരവനെയാണ്. കയ്യൊന്നു വിറയ്ക്കുകയോ, ശബ്ദമൊന്നിടറുകയോ, പേടിച്ചുബഹളം വെക്കുകയോ ചെയ്യാതെ അവൻ തന്നെയേല്പിച്ച കർത്തവ്യം കൃത്യമായി നിറവേറ്റി. 'ലവ് ജിഹാദു'കാർക്ക് വ്യക്തമായ സന്ദേശം നൽകുക എന്ന ശംഭുലാലിന്റെ ഉദ്ദേശ്യവും നടന്നു. കളക്ടറുടെ ബംഗ്ലാവിൽ നിന്നും വെറും ഒരു കിലോമീറ്ററും, ഹൈവേയിൽ നിന്നും ഏതാനും മീറ്ററുകളും മാത്രം ദൂരമുണ്ടായിരുന്ന ഈ ആളൊഴിഞ്ഞ മൂലയിൽ നിന്നും  ഉയർന്ന അഫ്‌റാസുൽ എന്ന പാവം മനുഷ്യന്റെ നിലവിളികൾ മാത്രം ആരും കേട്ടില്ല. പിന്നീട് ശംഭുലാൽ തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഈ വീഡിയോ പങ്കുവെച്ചതോടെ ഈ ഹീന കൃത്യത്തിന്റെ വീഡിയോ കണ്ട്  ഇന്ത്യ മുഴുവൻ ഞെട്ടി. 

അയാളിപ്പോഴുള്ളത്  ജോധ്പൂർ സെൻട്രൽ ജയിലിലാണ്. കേസിന്റെ വിചാരണ നടക്കുന്നതേയുള്ളൂ. ഉത്തർപ്രദേശ് നവനിർമാൺ സേനയുടെ രക്ഷാധികാരികളിൽ ഒരാളായ അമിത് ജാനിയാണ് ശംഭുലാലിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. " ഒരാൾ കുറ്റക്കാരനാണ് എന്ന് കോടതി വിധിയെഴുതും വരെ അയാൾ നിരപരാധിയാണ്. ഇന്ത്യയിൽ ഇപ്പോൾ നിലവിലുള്ള നിയമപ്രകാരം ശംഭുലാൽ റെയ്‌ഗാറിന് മത്സരിക്കാനുള്ള അവകാശം നമ്മുടെ ഭരണഘടന നൽകുന്നുണ്ട്. " എന്ന് അമിത് ജാനി പറഞ്ഞു. "ഇന്ത്യയിലെ പാർട്ടികൾ ശഹാബുദ്ദീനെയും, ആതിഖ് അഹമ്മദിനെയും പോലുള്ള ക്രിമിനലുകളെ മതേതരരത്വത്തിന്റെ പേരിൽ തെരഞ്ഞെടുപ്പിന് നിർത്തുമ്പോൾ ആർക്കും പ്രശ്നമില്ല. ഒരു ഹിന്ദു ഇങ്ങനെ സ്ഥാനാർത്ഥിയാവുമ്പോൾ മാത്രം ഇത്ര പ്രതിഷേധം എന്തിനാണ്..? " ജാനി തുടർന്നു. 

ഈ ക്രൂരകൃത്യം നടന്ന് അധികനാൾ കഴിയും മുമ്പ് രാജസ്ഥാനിൽ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഒരു രാമ നവമി ഘോഷയാത്രയിൽ ശംഭുലാൽ റായ്‌ഗർ, അഫ്‌റാസുളിനെ പിക്കാസിനു വെട്ടുന്നതിന്റെ ടാബ്ലോ ദൃശ്യം അരങ്ങേറിയത് വലിയ വിവാദങ്ങൾക്കു തിരികൊളുത്തിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ ഈ സ്ഥാനാർഥിത്വവും വിവാദത്തിൽ ആയിരിക്കുന്നത്. 

2017  -ൽ താജ് മഹൽ തേജോമയ മഹൽ എന്ന ഒരു പൗരാണിക ഹൈന്ദവ ശിവക്ഷേത്രമാണ് എന്ന് പോസ്റ്റിട്ടതിന്റെ അറസ്റ്റിലായ നേതാവാണ് അമിത് ജെനി. ഇപ്പോൾ ശംഭുലാൽ റായ്‌ഗറിനെ പരോളിൽ ഇറക്കി മത്സരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഉത്തർ പ്രദേശ് നവനിർമാൺ സേന. 

click me!