ദേവദാസിയുടെ മകള്‍ എങ്ങനെ ഇന്ത്യയിലെ ആദ്യ വനിതാ സാമാജികയായി; സമാനതകളില്ലാത്ത ജീവചരിത്രം

By Web TeamFirst Published Mar 27, 2019, 12:00 PM IST
Highlights

ആദ്യ വനിതാ സാമാജിക, സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടിയ പൊതുപ്രവര്‍ത്തക, ഇന്ത്യയിലെ ഏറ്റവും മികച്ച ക്യാന്‍സര്‍ ചികിത്സാ സ്ഥാപനത്തിന് കാരണക്കാരിയായ വ്യക്തി, ദേവദാസി സമ്പ്രദായത്തിന് അന്ത്യം കുറിക്കാന്‍ അക്ഷീണം പ്രയത്നിച്ച വനിത തുടങ്ങി മുത്തുലക്ഷ്മി റെഡ്ഡിയെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന വിശേഷണങ്ങള്‍ നിരവധിയാണ്. 

സ്ത്രീസമത്വത്തിനും സ്ത്രീകളുടെ അവകാശങ്ങള്‍ക്കും വേണ്ടി നിരന്തരം പോരാടുന്നവര്‍ പോലും മറന്നുപോയ ഒരു വനിതയുണ്ട് ഇന്ത്യന്‍ ചരിത്രത്തില്‍. പാഠപുസ്തകങ്ങളിലോ പരീക്ഷാച്ചോദ്യങ്ങളിലോ പോലും വളരെ അപൂര്‍വ്വമായി മാത്രമേ അവരുടെ പേര് പ്രത്യക്ഷപ്പെട്ടിട്ടുണ്ടാവൂ. തെരഞ്ഞെടുപ്പ് ആരവം രാജ്യമെമ്പാടും ഉയരുമ്പോള്‍ ആദ്യം ഓര്‍മ്മിക്കപ്പെടേണ്ട പേരുകളില്‍ ഒന്നാണ് അത്, ഡോ മുത്തുലക്ഷ്മി റെഡ്ഡി!

ഇന്ത്യയില്‍, തെരഞ്ഞെടുപ്പിനെ നേരിട്ട് വിജയം നേടിയ ആദ്യ വനിതയാണ് തമിഴ്നാട്ടുകാരിയായ ഡോ.മുത്തുലക്ഷ്മി റെഡ്ഡി. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ നിയമസഭാ സാമാജികയായിരുന്നു അവര്‍. 1927ലാണ് അവര്‍ മദ്രാസ് നിയമസഭാംഗമായത്. ആദ്യ വനിതാ സാമാജിക, സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടിയ പൊതുപ്രവര്‍ത്തക, ഇന്ത്യയിലെ ഏറ്റവും മികച്ച ക്യാന്‍സര്‍ ചികിത്സാ സ്ഥാപനത്തിന് കാരണക്കാരിയായ വ്യക്തി, ദേവദാസി സമ്പ്രദായത്തിന് അന്ത്യം കുറിക്കാന്‍ അക്ഷീണം പ്രയത്നിച്ച വനിത തുടങ്ങി മുത്തുലക്ഷ്മി റെഡ്ഡിയെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന വിശേഷണങ്ങള്‍ നിരവധിയാണ്. 

1886 ജൂലൈ 30ന് തമിഴ്നാട്ടിലെ പുതുകോട്ടൈ പ്രവിശ്യയിലാണ് മുത്തുലക്ഷ്മിയുടെ ജനനം. പുതുകോട്ടൈ മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാള്‍ നാരായണസ്വാമി ആയിരുന്നു അച്ഛന്‍. മുന്‍ ദേവദാസിയായിരുന്നു അമ്മ ചന്ദ്രമ്മാള്‍. ദേവദാസിയെ വിവാഹം കഴിച്ചതിന്‍റെ പേരില്‍ സമുദായഭ്രഷ്ട് നേരിട്ടവരായിരുന്നു നാരായണസ്വാമിയും കുടുംബവും. ജാതീയതയും അതിന്‍റെ അനുരണനങ്ങളും തന്‍റെ ജീവിതത്തെ പിന്നോട്ട് വലിക്കരുതെന്ന ദൃഢനിശ്ചയക്കാരിയായിരുന്നു മുത്തുലക്ഷ്മി. 

1902ല്‍ മെട്രിക്കുലേഷന്‍ ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ച മുത്തുലക്ഷ്മി ഉന്നതപഠനത്തിനായി മഹാരാജാസ് കോളേജില്‍ അപേക്ഷ നല്‍കി. ഇത് വലിയ കോളിളക്കത്തിന് കാരണമായി. അന്ന് വരെ പെണ്‍കുട്ടികളാരും കോളേജ് വിദ്യാഭ്യാസം നേടിയിട്ടുണ്ടായിരുന്നില്ല. കുടുംബപശ്ചാത്തലവും മുത്തുലക്ഷ്മിക്ക് പ്രവേശനം നല്‍കുന്നതില്‍ നിന്ന് അധികൃതരെ പിന്തിരിപ്പിച്ചു. മുത്തുലക്ഷ്മിക്ക് പ്രവേശനം നല്‍കിയാല്‍ തങ്ങളുടെ മക്കളെ കോളേജില്‍ നിന്ന് മാറ്റുമെന്ന് പല ആണ്‍കുട്ടികളുടെയും രക്ഷിതാക്കള്‍ നിലപാടെടുത്തു. പ്രതിഷേധം ശക്തമായിരുന്നു. എന്നാല്‍, മുത്തുലക്ഷ്മിയും കുടുംബവും ഭയന്ന് പിന്‍മാറാന്‍ തയ്യാറായില്ല. പുതുകോട്ടൈ രാജാവായ മാര്‍ത്താണ്ഡ ഭൈരവ തൊണ്ടമാന്‍റെ പ്രത്യേക അനുമതിയോടെ മുത്തുലക്ഷ്മി കോളേജ് വിദ്യാര്‍ത്ഥിനിയായി.

മഹാരാജാസ് കോളേജില്‍ അഞ്ച് വര്‍ഷത്തെ പഠനത്തിന് ശേഷം 1907ല്‍ മുത്തുലക്ഷ്മി മദ്രാസ് മെഡിക്കല്‍ കോളേജില്‍ പഠനത്തിന് ചേര്‍ന്നു. സര്‍ജറി ഡിപ്പാര്‍ട്ട്മെന്‍റിലെ ആദ്യ വനിതാ വിദ്യാര്‍ഥിയായി. 1912ല്‍ ഗവണ്‍മെന്‍റ് മെറ്റേണിറ്റി ആന്‍റ് ഒപ്താല്‍മിക് ആശുപത്രിയിലെ ആദ്യ വനിതാസര്‍ജന്‍ ആയി. ഡോക്ടറെന്ന നിലയില്‍ മുത്തുലക്ഷ്മിയുടെ ആദ്യത്തെ പോരാട്ടം വെറ്റ് നഴ്സിങ് സമ്പ്രദായത്തിനെതിരെ ആയിരുന്നു. അന്നൊക്കെ സവര്‍ണസ്ത്രീകള്‍ സ്വന്തം കുഞ്ഞുങ്ങളെ മുലയൂട്ടിയിരുന്നില്ല. കുലമഹിമയ്ക്ക് ചേര്‍ന്നതല്ല അതൊന്നും എന്നായിരുന്നു പരക്കെയുള്ള ധാരണ. ദളിത് സ്ത്രീകളെയാണ് മുലയൂട്ടാനും കുഞ്ഞുങ്ങളെ നോക്കാനും ഏല്‍പ്പിച്ചിരുന്നത്. അമ്മയുടെ മുലപ്പാല്‍ നിഷേധിക്കുന്നത് കുഞ്ഞിന് എത്രത്തോളം ദോഷം ചെയ്യുമെന്ന് മുത്തുലക്ഷ്മി സ്ത്രീകളെ ബോധവല്‍ക്കരിച്ചു.

1914ല്‍ ഡോ സുന്ദര റെഡ്ഡിയെ മുത്തുലക്ഷ്മി വിവാഹം ചെയ്തു. ജീവിതപങ്കാളി എന്ന നിലയില്‍ സമത്വം ഉറപ്പാക്കിക്കൊണ്ടായിരുന്നു സുന്ദര റെഡ്ഡിയുടെ ജീവിതത്തിലേക്കുള്ള മുത്തുലക്ഷ്മിയുടെ പ്രവേശം. തുല്യതയും ബഹുമാനവും സ്ത്രീകള്‍ക്ക് അവകാശപ്പെട്ടതാണെന്ന സന്ദേശം സ്വന്തം ജീവിതത്തിലൂടെ അവര്‍ സമൂഹത്തിന് പകര്‍ന്നുനല്കി. 

1917ല്‍ ആനി ബസന്‍റിനും മറ്റുള്ളവര്‍ക്കുമൊപ്പം ചേര്‍ന്ന് വിമന്‍സ് ഇന്ത്യ അസോസിയേഷന് രൂപം നല്കി. 1927ല്‍ വിമന്‍സ് ഇന്ത്യ അസോസിയേഷന്‍ മദ്രാസ് പ്രസിഡന്‍സി കൗണ്‍സിലിലേക്ക് മുത്തുലക്ഷ്മിയെ നാമനിര്‍ദേശം ചെയ്തു. അങ്ങനെ തെരഞ്ഞെടുപ്പിലൂടെ സാമാജികയും ഡെപ്യൂട്ടി പ്രസിഡന്‍റുമായി. സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണത്തിനെതിരെ പോരാടുന്നതിനുള്ള തുടക്കമായിരുന്നു ആ സ്ഥാനലബ്ധി. 

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തണമെന്നാവശ്യപ്പെട്ടും വിദ്യാഭ്യാസം അവകാശമാക്കണമെന്നാവശ്യപ്പെട്ടും ബില്ലുകള്‍ പാസ്സാക്കി. ലൈംഗികത്തൊഴിലിനായി പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോവുന്നതിനെതിരെ ഇമ്മോറല്‍ ട്രാഫിക് കണ്‍ട്രോള്‍ ആക്ടിന് രൂപം നല്കി. ദേവദാസി സമ്പ്രദായം നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ടുള്ള ശുപാര്‍ശയും മുത്തുലക്ഷ്മി മുന്നോട്ട് വച്ചു. എന്നാല്‍, ആ ശുപാര്‍ശ വ്യാപകമായ എതിര്‍പ്പിന് കാരണമായി. 1930ല്‍ മുത്തുലക്ഷ്മിയുടെ നിസമസഭാ കാലാവധി അവസാനിച്ചു. എങ്കിലും മുത്തുലക്ഷ്മിയുടെ ശുപാര്‍ശയുടെ ചുവട് പിടിച്ചാണ് 1947ല്‍ മദ്രാസി ദേവദാസി സമ്പ്രദായ നിരോധന നിയമം നിലവില്‍ വന്നത്. 

1931ല്‍ ദേവദാസികളായി സമര്‍പ്പിക്കപ്പെട്ട ചില പെണ്‍കുട്ടികള്‍ രക്ഷ തേടി മുത്തുലക്ഷ്മിയുടെ അടുത്തെത്തി. അപ്പോഴാണ് അത്തരക്കാരുടെ പുനരധിവാസം എത്രത്തോളം പ്രയാസമേറിയതാണെന്ന് അവര്‍ മനസ്സിലാക്കിയത്. ആ പെണ്‍കുട്ടികളെ ഏറ്റെടുക്കാന്‍ ഹോസ്റ്റലുകളോ സാമൂഹ്യസേവന സ്ഥാപനങ്ങളോ ഒന്നും തയ്യാറായില്ല. അങ്ങനെ അവ്വൈ ഹോം എന്ന പേരില്‍ ഒരു ആശ്രയഭവനം  മുത്തുലക്ഷ്മി ആരംഭിച്ചു. പില്‍ക്കാലത്ത് നിരാലംബരായ നിരവധി സ്ത്രീകള്‍ക്ക് ആ സ്ഥാപനം അഭയമായി. 

ഇന്ത്യയെ പ്രതിനിധീകരിച്ച് വിവിധ അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളില്‍ മുത്തുലക്ഷ്മി പങ്കെടുത്തിട്ടുണ്ട്. 1950കളുടെ തുടക്കത്തില്‍ കാന്‍സര്‍ ബാധിതയായി മാതൃസഹോദരി പുത്രി മരിച്ചതാണ് ക്യാന്‍സര്‍ ചികിത്സാരംഗത്ത് എന്തെങ്കിലും ചെയ്യണമെന്ന തീരുമാനത്തിലേക്ക് മുത്തുലക്ഷ്മിയ എത്തിച്ചത്. ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന ആവശ്യവുമായി അന്നത്തെ തമിഴ്നാട് സര്‍ക്കാരിനെ  സമീപിച്ച മുത്തുലക്ഷ്മിക്ക് നിരാശയായിരുന്നു ഫലം. ക്യാന്‍സര്‍ ബാധിച്ചാല്‍ എന്തായാലും മരിക്കും, പിന്നെന്തിനാണ് ആശുപത്രി എന്നായിരുന്നു സര്‍ക്കാര്‍ ചോദിച്ചത്. തുടര്‍ന്ന് വിമന്‍സ് ഇന്ത്യ അസോസിയേഷന്‍റെ സഹായത്തോടെ 1954ല്‍ അഡയാര്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മുത്തുലക്ഷ്മി സ്ഥാപിച്ചു.

രണ്ട് വര്‍ഷത്തിന് ശേഷം സാമൂഹ്യസേവനരംഗത്തെ മുത്തുലക്ഷ്മിയുടെ സംഭാവനകള്‍ മുന്‍നിര്‍ത്തി രാജ്യം അവരെ പദ്മഭൂഷണ്‍ നല്കി ആദരിച്ചു. 1968ല്‍ 81ാമത്തെ വയസ്സില്‍ മുത്തുലക്ഷ്മി ജീവിതത്തോട് വിട പറഞ്ഞു. 

click me!