സിനിമാക്കഥയെ വെല്ലുന്ന 'അട്ടിമറി' ജയം, ഒരിക്കൽ സെൽഫി എടുത്ത ആരാധകനോട് ഒരു ലക്ഷം വോട്ടിനു തോറ്റു നാണം കെട്ട് ജ്യോതിരാദിത്യ സിന്ധ്യ

By Web TeamFirst Published May 24, 2019, 11:52 AM IST
Highlights

'മഹാരാജാവിന്റെ സെൽഫിയെടുക്കാൻ ക്യൂ നിന്നിരുന്നവൻമാരെ അല്ലാതെ മറ്റാരെയും കിട്ടിയില്ലേ നിങ്ങൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ' എന്നായിരുന്നു ബിജെപിയോടുള്ള പ്രിയദർശിനി രാജേ സിന്ധ്യയുടെ ചോദ്യം 

സിനിമാക്കഥയെ തോൽപ്പിക്കുന്ന വളരെ ആവേശകരമായ ഒരു കഥയാണ് മധ്യപ്രദേശിലെ ഗുണ മണ്ഡലത്തിൽ നിന്നും ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പതിറ്റാണ്ടുകളായി സിന്ധ്യ കുടുംബത്തിന്റെ തറവാട്ടുസ്വത്തായിരുന്ന ഗുണ പാർലമെന്റ് മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ മാധവ് റാവു സിന്ധ്യയുടെ മകൻ ജ്യോതിരാദിത്യ സിന്ധ്യ നിന്നപ്പോൾ തന്നെ വിജയം ഉറപ്പിച്ചിരുന്നതാണ് സകലരും.

 ജ്യോതിരാദിത്യയ്ക്കെതിരെ ബിജെപി നിർത്തിയിരിക്കുന്നത്  ഡോ. കെ പി സിംഗ് യാദവിനെ ആണെന്ന് കൂടി കേട്ടതോടെ ആളുകളുടെ പരിഹാസം ഇരട്ടിച്ചു. കാരണം, പണ്ട് സിന്ധ്യയുടെ ഇലക്ഷൻ ഏജന്റായി വാലുപോലെ സദാ അദ്ദേഹത്തെ അനുഗമിച്ചിരുന്ന ഒരു കോൺഗ്രസ് നേതാവായിരുന്ന ഡോ.കെപി സിങ്ങ്, കോൺഗ്രസ് പാളയം വിട്ട് ബിജെപിയിൽ ചേർന്നിട്ട് ഒരു കൊല്ലം തികയുന്നതിന് മുമ്പായിരുന്നു അദ്ദേഹത്തിന് ഈ സീറ്റ് ഓഫർ ചെയ്യപ്പെടുന്നത്. 

ഡോ. കെപി സിങ്ങ് യാദവ് ആ ഓഫർ സ്വീകരിച്ചപ്പോൾ പലരും ആ തീരുമാനത്തെ 'ആത്മഹത്യാപരം ' എന്ന് പരിഹസിച്ചു.  കെപി സിങ്ങ്  പണ്ട് തന്റെ ഭർത്താവിന്റെ ഇലക്ഷൻ ഏജന്റ് ആയി പ്രവർത്തിച്ചിരുന്ന കാലത്ത് എടുത്ത് സ്വന്തം അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്ന ഒരു 'സെൽഫി' ചിത്രം പങ്കു വെച്ചുകൊണ്ടായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയുടെ ഭാര്യ പ്രിയദർശിനി രാജെ സിന്ധ്യയുടെ പരിഹാസശരങ്ങൾ. 

ഇതായിരുന്നു ആ ചിത്രം. ചിത്രത്തിൽ എയർ കണ്ടീഷൻ കാറിനുള്ളിൽ വിശ്രമിക്കുന്നത് ജ്യോതിരാദിത്യ സിന്ധ്യയാണ്. പുറത്ത് ഏന്തിവലിഞ്ഞു നിന്നും കൊണ്ട് ഈ സെൽഫി എടുത്തിരിക്കുന്നയാളാണ് കൃഷ്ണ പാൽ സിങ്ങ് എന്ന ഡോ. കെ പി സിങ് യാദവ്.  'മഹാരാജാവിന്റെ സെൽഫിയെടുക്കാൻ ക്യൂ നിന്നിരുന്നവൻമാരെ തപ്പിപ്പിടിച്ച് രാജാവിനെതിരെ മത്സരിപ്പിക്കാൻ' ബിജെപി കാണിച്ച അല്പത്തരത്തിനെ പ്രിയദർശിനി കണക്കറ്റു പരിഹസിച്ചു. മഹാരാജാ ജ്യോതിരാദിത്യ സിന്ധ്യയോടു മുട്ടാൻ  തരത്തിനൊത്ത ആരെയെങ്കിലും നിർത്തിക്കൂടെ എന്ന് ധ്വനിപ്പിച്ചു കൊണ്ടായിരുന്നു പ്രിയദർശിനിയുടെ പ്രസംഗം. 

ഗുണ എന്ന മണ്ഡലത്തിൽ നിന്നും സിന്ധ്യ കുടുംബത്തിലെ ഒരാൾ, അതും ജ്യോതിരാദിത്യയെപ്പോലെ വളരെ പ്രസിദ്ധനായ ഒരാൾ തോൽക്കും എന്ന് സ്വപ്നത്തിൽ പോലും ആരും കരുതിയിരുന്നില്ല. പ്രിയദർശിനിയെപ്പോലെ കുടുംബത്തോട് ഏറെ അടുപ്പമുള്ളവർ പ്രത്യേകിച്ചും. കാരണം, ജ്യോതിരാദിത്യയുടെ അമ്മൂമ്മ രാജാമാതാ വിജേരാജേ സിന്ധ്യ ഗുണയിൽ നിന്നും വൻ ഭൂരിപക്ഷത്തിനു ജയിച്ചതാണ്. അച്ഛൻ മാധവറാവു സിന്ധ്യ ഗുണയിൽ നിന്നും പലവട്ടം വൻ ഭൂരിപക്ഷത്തിനു ജയിച്ചതാണ്. ജ്യോതിരാദിത്യ തന്നെ നാലുവട്ടം ഇവിടെ നിന്നും ജയിച്ചുകേറിയിട്ടുള്ളതാണ്. അവരുടെ കുടുംബ മണ്ഡലമാണ് എത്രയോ ദശാബ്ദങ്ങളായി ഗുണ. തലമുറകളായി സിന്ധ്യ കുടുംബം വിട്ട് ഒരിക്കലും പോയിട്ടില്ലാത്ത ഒരു സീറ്റാണ് ഗുണ എന്ന പാർലമെന്ററി മണ്ഡലം. 

എന്നാൽ കോൺഗ്രസ് ജ്യോതിരാദിത്യ സിന്ധ്യയെ ഉത്തർപ്രദേശ് ഈസ്റ്റിന്റെ പ്രചാരണ ചുമതല ഏൽപ്പിച്ചിരുന്നതിനാൽ ഗുണ മണ്ഡലത്തിലെ പ്രചാരണ ചുമതലകൾ ഭാര്യ പ്രിയദർശിനിയെ ആണ് ഏൽപ്പിച്ചിരുന്നത്. അമിതമായ ആത്മവിശ്വാസത്തിന്റെ പുറത്ത് അദ്ദേഹം പ്രചരണാർത്ഥം മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കിയത് അവസാനത്തെ ഒരാഴ്ച മാത്രം.  അപ്പോഴേക്കും പക്ഷേ, കാര്യങ്ങളൊക്കെ കൈവിട്ടു പോയിക്കഴിഞ്ഞിരുന്നു. 

നാട്ടുകാർക്കിപ്പോൾ  പണ്ടേപ്പോലെ രാജഭക്തിയൊന്നും ഇല്ലെന്നാണ് ഇത്തവണത്തെ ഫലം തെളിയിച്ചിരിക്കുന്നത്. ഗുണയിൽ ഡോ. കെ പി സിങ് യാദവ് ജ്യോതിരാദിത്യ സിന്ധ്യയെ തോൽപ്പിച്ചിരിക്കുന്നത്  1,20,000-ൽ പരം വോട്ടുകൾക്കാണ്. കോൺഗ്രസുകാർ വിഭീഷണൻ എന്ന് വിളിച്ചു കളിയാക്കിയിരുന്ന കെപി സിങ്ങ് യാദവ് ഇപ്പോൾ അവരുടെ എല്ലാ അന്തഃപുരങ്ങളും ചുട്ടെരിച്ചിരിക്കുന്നു. 

അദ്ദേഹത്തിന്റെ കുടുംബം വർഷങ്ങളായി ഒരു കോൺഗ്രസ് കുടുംബമായിരുന്നു. നാലു വട്ടം ഗുണാ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന രഘുവീർ പ്രതാപ് സിംഗിന്റെ മകനും തിരക്കുള്ള ഡോക്ടറുമായ ഡോ. കെ പി സിങ്ങ് യാദവ്  സജീവ രാഷ്ട്രീയത്തിലെത്തുന്നത് 2004 മുതൽക്കാണ്. മധ്യപ്രദേശ് കോൺഗ്രസിൽ പ്രാദേശിക പദവികൾ വഹിക്കുന്നു. താമസിയാതെ ജ്യോതിരാദിത്യ സിന്ധ്യയുടെ അടുക്കുന്നു. അദ്ദേഹത്തിന്റെ  2018-ൽ മഹേന്ദ്ര സിങ്ങ് MLAയുടെ മരണശേഷം കാലുഘെടാ മണ്ഡലത്തിൽ നടക്കാനിരുന്ന ഉപതെരഞ്ഞെടുപ്പിൽ നിയമസഭയിലേക്ക് മത്സരിക്കാൻ മോഹമുണ്ടായിരുന്നു. രാഷ്ട്രീയ പ്രവർത്തന പാരമ്പര്യം വെച്ച് ആ സീറ്റിനുള്ള അർഹത തനിക്കു തന്നെ എന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. എന്നാൽ, അവസാന നിമിഷം ഭുജേന്ദ്ര സിങ്ങ് യാദവ് എന്ന, പേരുപോലും കേട്ടിട്ടില്ലാത്ത ഒരു നേതാവിനെ കെട്ടിയിറക്കി മത്സരിപ്പിച്ചത് കെ പി സിങ്ങ് യാദവിനെ പിണക്കി. ആ മോഹഭംഗത്തിൽ മനംനൊന്താണ് അദ്ദേഹം അക്കൊല്ലം കോൺഗ്രസ് വിട്ടു ബിജെപിയിലേക്ക് ചേക്കേറുന്നത്. ബിജെപി ടിക്കറ്റിൽ അദ്ദേഹം ഒരു തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് തോൽക്കുന്നുണ്ട്. 

2019-ൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് വന്നപ്പോൾ ബിജെപി ഡോ. കെ പി സിങ്ങിന് ഒരു അവസരം കൂടി കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. അത്‌ പരമാവധി മുതലാക്കാനും, ഒരുകാലത്ത് തന്റെ ആരാധനാ പത്രമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയെത്തന്നെ മലർത്തിയടിച്ചുകൊണ്ട് ദേശീയരാഷ്ട്രീയത്തിലേക്ക് ഒരു 'ആക്ഷൻ ഹീറോ' പരിവേഷത്തോടെ ഇടിച്ചു കേറാനും ഡോ. കെ പി സിങ്ങ് യാദവിന് സാധിച്ചിട്ടുണ്ട്.  ചിലരുടെയൊക്കെ ധാർഷ്ട്യത്തിനും കുടുംബാരാഷ്ട്രീയ ഹുങ്കിനും ഏറ്റ കനത്ത പ്രഹരം കൂടിയായി, ഈ അപ്രതീക്ഷിത 'അട്ടിമറി' വിജയം. 

click me!