'പിന്നെ പ്രസവിക്കാം, ആദ്യം ഞാനൊന്ന്‌ വോട്ട്‌ ചെയ്യട്ടെ'; ഇത്‌ നാഗ എന്ന പൂര്‍ണഗര്‍ഭിണിയുടെ ജീവിതകഥ

By Web TeamFirst Published Apr 12, 2019, 5:30 PM IST
Highlights

പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിക്കാന്‍ ഡോക്ടര്‍മാര്‍ പറഞ്ഞ സമയവും കഴിഞ്ഞായിരുന്നു വോട്ട്‌ ചെയ്യാനായുള്ള ഈ കാത്ത്‌നില്‍പ്പ്‌!
 

ഹൈദരാബാദ്‌: കന്നിവോട്ടാണോ കടിഞ്ഞൂല്‍ക്കണ്മണിയാണോ വലുതെന്ന്‌ ചോദിച്ചവരോടൊക്കെ നാഗ മലയേശ്വരിക്ക്‌ പറയാനുണ്ടായിരുന്നത്‌ ഒരേയൊരുത്തരം മാത്രം. "കുഞ്ഞ്‌ തന്നെയാണ്‌ എനിക്ക്‌ വലുത്‌, പക്ഷേ, വോട്ട്‌ ചെയ്യാതിരിക്കാന്‍ ആവില്ല!"

വ്യാഴാഴ്‌ച്ച ആന്ധ്രപ്രദേശില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വോട്ട്‌ ചെയ്യാന്‍ നാഗാ മലയേശ്വരി എന്ന 23കാരി എത്തിയത്‌ നിറവയറുമായാണ്‌. ചേവെല്ല ലോക്‌സഭാ മണ്ഡലത്തിലെ വോട്ട്‌ രേഖപ്പെടുത്താന്‍ നാഗയ്‌ക്ക്‌ താരാനഗര്‍ വിദ്യാനികേതന്‍ മോഡല്‍ സ്‌കൂളില്‍ അരമണിക്കൂറോളം കാത്തുനില്‍ക്കേണ്ടിയും വന്നു. പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിക്കാന്‍ ഡോക്ടര്‍മാര്‍ പറഞ്ഞ സമയവും കഴിഞ്ഞായിരുന്നു വോട്ട്‌ ചെയ്യാനായുള്ള ഈ കാത്ത്‌നില്‍പ്പ്‌!

ബുധനാഴ്‌ച്ച ആശുപത്രിയില്‍ അഡ്‌മിറ്റ്‌ ആകണമെന്നാണ്‌ ഡോക്ടര്‍മാര്‍ നാഗയോട്‌ പറഞ്ഞത്‌. എന്നാല്‍, കന്നിവോട്ടിനുള്ള അവസരം വിട്ടുകളയാന്‍ നാഗ തയ്യാറായില്ല." വോട്ടവകാശം വിനിയോഗിക്കാതിരിക്കാന്‍ എനിക്ക്‌ തോന്നിയില്ല. എടുത്ത തീരുമാനത്തെക്കുറിച്ച്‌ ആശങ്കയുണ്ടായിരുന്നു. എന്നാലും ഇപ്പോള്‍ വലിയ സന്തോഷം തോന്നുന്നു." കന്നിവോട്ടിനെക്കുറിച്ച്‌ നാഗ പറയുന്നു. 

സഹോദരിമാര്‍ക്കൊപ്പം വോട്ട്‌ ചെയ്യാനെത്തിയ നാഗ പോളിംഗ്‌ സ്‌റ്റേഷനില്‍ നിന്ന്‌ നേരിട്ട്‌ ആശുപത്രിയിലേക്ക്‌ പോയി. ഞായറാഴ്‌ച്ചയാണ്‌ നാഗയ്‌ക്ക്‌ പ്രസവത്തീയതി. തന്റെ ചികിത്സാറിപ്പോര്‍ട്ടുകള്‍ എല്ലാമെടുത്താണ്‌ നാഗ വോട്ട ചെയ്യാനെത്തിയത്‌. അതേപ്പറ്റി നാഗ പറഞ്ഞതിങ്ങനെ "എപ്പോഴാണ്‌ അത്യാവശ്യം വരികയെന്ന്‌ അറിയാന്‍ പറ്റില്ലല്ലോ...!!"

click me!