ഇരുതലമൂർച്ചയുള്ള വാളാണ് കന്നിവോട്ടുകള്‍! ഫലം നിർണ്ണയിക്കുക കന്നിക്കാരോ?

By Babu RamachandranFirst Published Apr 12, 2019, 1:35 PM IST
Highlights

എട്ടരക്കോടി വോട്ടർമാരാണ് ഇത്തവണ അവരുടെ ആദ്യത്തെ വോട്ട് രേഖപ്പെടുത്താൻ പോവുന്നത്. ഏതൊരു രാഷ്ട്രീയ പാർട്ടിയുടെയും മുന്നിലെ വെല്ലുവിളിയും സാധ്യതയും ആണ് ഈ  കന്നിവോട്ടുകള്‍. ഇക്കുറി ചിലപ്പോൾ ഏറെ നിർണായകമാവാൻ പോവുന്ന ഒന്നും. 

" ബുള്ളറ്റിനേക്കാൾ പ്രഹര ശേഷിയുണ്ട് ബാലറ്റിന്" എന്നാണ് അമേരിക്കൻ പ്രസിഡണ്ടായിരുന്ന എബ്രഹാം ലിങ്കൺ ഒരിക്കൽ പറഞ്ഞത്. രാഷ്ട്രീയത്തിൽ തത്പരരല്ലാത്ത ഒരു തലമുറയാണ് ഏതൊരു നാടിന്റെയും ശാപം. 2014 -ലെ തെരഞ്ഞെടുപ്പിൽ 66% രജിസ്റ്റേർഡ് വോട്ടർമാരേ ബൂത്തുകളിലെത്തിയിട്ടുള്ളൂ. അവർ രേഖപ്പെടുത്തിയ വോട്ടുകളിൽ ഏകദേശം 30% നേടിയ എൻഡിഎ സഖ്യം, 20% വോട്ടുകൾ നേടിയ UPA സഖ്യത്തെ തോല്പിച്ചുകൊണ്ട് അധികാരത്തിലേറി. ഫലത്തിൽ ആര് ഭരിക്കണം എന്ന് തീരുമാനിച്ചത്  രജിസ്റ്റേർഡ് വോട്ടർമാരിൽ വെറും പത്തു ശതമാനം പേർ ചേർന്നാണ്. 
 
എട്ടരക്കോടി വോട്ടർമാരാണ് ഇത്തവണ അവരുടെ ആദ്യത്തെ വോട്ട് രേഖപ്പെടുത്താനായി പോളിങ്ങ് ബൂത്തുകളിലെത്താൻ പോവുന്നത്. മൊത്തം വോട്ടർമാരുടെ ഏകദേശം 10% വരും ഈ കന്നി വോട്ടർമാർ. ഇരുതലമൂർച്ചയുള്ള ഒരു വാളാണ് ഈ കന്നിവോട്ടുബാങ്ക്. ഏതൊരു രാഷ്ട്രീയ പാർട്ടിയുടെയും മുന്നിലെ വെല്ലുവിളിയും സാധ്യതയും ആണത്. ഇക്കുറി ചിലപ്പോൾ ഏറെ നിർണായകമാവാൻ പോവുന്ന ഒന്നും. 

കന്നി വോട്ടർമാരുടെ മനഃശാസ്ത്രം വേറെയാണ്.  രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ അത്ര ആഴത്തിൽ വേരോടിത്തുടങ്ങിയിട്ടുണ്ടാവില്ല അവരുടെ മനസ്സുകളിൽ. മുതിർന്നവരേക്കാൾ കൂടുതൽ വാർത്തകൾ  അറിയാനുള്ള സാധ്യതകളെ വിനിയോഗിക്കാൻ കഴിവുള്ളവരാണ് അവർ. താരതമ്യേന കൂടുതൽ വിദ്യാഭ്യാസം സിദ്ധിച്ചവരാണ്. തലമുറകളായി, ഒരു പരിധിവരെ അന്ധമായിപ്പോലും കുടുംബങ്ങൾ പുലർത്തിവരുന്ന പാർട്ടി അഭിമുഖ്യങ്ങൾക്ക് വിരുദ്ധമായി വോട്ടു രേഖപ്പെടുത്താൻ വരെ പ്രാപ്തിയുള്ളവർ. തങ്ങളുടെ കുടുംബസംഗമങ്ങളിൽ ഏതെങ്കിലും പാർട്ടിക്കുവേണ്ടി പരോക്ഷമായ പ്രചാരണങ്ങളും അഭിപ്രായ സമന്വയങ്ങളും മറ്റും നടത്താൻ ഈ യുവാക്കൾക്ക് പലപ്പോഴും സാധിക്കാറുണ്ട്.  

അവരുടെ  വോട്ട് പലപ്പോഴും തിരഞ്ഞെടുപ്പിൽ ജനവിധി തേടാനിറങ്ങുന്ന സ്ഥാനാർത്ഥികളെ ആധിപിടിപ്പിക്കുന്ന ഒന്നാണ്. മറ്റു പലർക്കും അത് ഒരവസരവും. അതുകൊണ്ടുതന്നെയാവും പല സ്ഥാനാർത്ഥികളും താരതമ്യേന പുത്തൻ പ്രചാരണോപാധികളായ ഫേസ്ബുക്കും വാട്ട്സാപ്പും ട്വിറ്ററും എല്ലാം ഉപയോഗപ്പെടുത്തി ഈ നവ വോട്ടർമാരെ സ്വാധീനിക്കാനുള്ള നിരന്തരമുള്ള പരിശ്രമങ്ങൾ നടത്തുന്നത്. 

ആ ലക്‌ഷ്യം വെച്ച് മഹാരാഷ്ട്രയിലെ ലാത്തൂരിലെ ഒരു തെരഞ്ഞെടുപ്പ് റാലിയ്ക്കിടെ നരേന്ദ്ര മോദി കന്നിവോട്ടർമാരെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ ചില പരാമർശങ്ങൾ വിവാദമായിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമായിരുന്നു, 

" എന്റെ നാട്ടിലെ കന്നി വോട്ടർമാരോട് എനിക്ക് ഒരൊറ്റക്കാര്യമേ പറയാനുള്ളൂ. നിങ്ങൾ ഒന്ന് സങ്കല്പിച്ചു നോക്കുക. ഇത് നിങ്ങളുടെ ആദ്യത്തെ സമ്മതിദാന അവസരമാണ്. നിങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ള ഒരു സന്ദർഭം. നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ എന്നും ഓർത്തുവെക്കും, നിങ്ങളുടെ ആദ്യത്തെ വോട്ട് നിങ്ങൾ എന്നാണ് ചെയ്തത്. അത് ഏത് തെരഞ്ഞെടുപ്പിലായിരുന്നു. ആർക്കാണ്, ഏത് ചിഹ്നത്തിലാണ്, എന്തിന്റെ പേരിലാണ് നിങ്ങൾ വോട്ടുചെയ്തത് എന്ന അത് നിങ്ങൾ ജീവിതത്തിൽ ഒരിക്കലും മറക്കില്ല. ജീവിതത്തിലാദ്യമായി ഒരു സംഭവം നടക്കുമ്പോൾ അത് ആരുടേയും  ഓർമയിൽ മായാതെ അവശേഷിക്കും. 

നിങ്ങളോട് ഈ അവസരത്തിൽ ഞാൻ ചോദിക്കുകയാണ്.. നിങ്ങളുടെ കന്നി വോട്ട്, പാകിസ്ഥാനിലെ ബാലക്കോട്ടിൽ കടന്നു ചെന്ന് മിസൈലുകൾ വർഷിച്ച്, ശത്രുക്കളെ ഒരു പാഠം പഠിപ്പിച്ച ധീരസൈനികരുടെ പേർക്കാവുമോ ..? എന്റെ മുന്നിലുള്ള കന്നി വോട്ടർമാരോട് ഞാൻ ചോദിക്കാനാഗ്രഹിക്കുകയാണ്, പുൽവാമയിൽ മാതൃരാജ്യത്തിനുവേണ്ടി ജീവൻ ബലികഴിച്ച നമ്മുടെ വീര ജവാന്മാർക്ക് വേണ്ടിയാവുമോ നിങ്ങളുടെ കന്നി വോട്ട്..?  "

ഇത് മാതൃകാ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണ് എന്ന് ചൂണ്ടിക്കാട്ടി സിപിഎം തെരഞ്ഞടുപ്പ് കമ്മീഷന്‌ പരാതി നൽകിയിരിക്കുകയാണ്. ഇത് ഇപ്പോഴും കമ്മീഷൻ പരിശോധിച്ചുവരികയാണ്.  

യുവജനങ്ങളോട് ജനാധിപത്യപ്രക്രിയയിൽ പങ്കെടുത്ത് വോട്ടുചെയ്യാൻ ആഹ്വാനം ചെയ്തുകൊണ്ട് രാഹുൽ ഗാന്ധിയും ആദ്യഘട്ട പോളിങ്ങിന് മുമ്പുതന്നെ ആഹ്വാനങ്ങൾ നടത്തിയിരുന്നു. " ഇന്ത്യയുടെ ആത്മാവിനു വേണ്ടി നിങ്ങളെല്ലാവരും വോട്ടുചെയ്യണം, അതിന്റെ ഭാവിയെക്കരുതി വളരെ ആലോചിച്ചുറപ്പിച്ചു മാത്രം.. " എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. 

ബിജെപി അധ്യക്ഷൻ അമിത് ഷായും നടത്തിയിരുന്നു അത്തരം ഒരു  അഭ്യർത്ഥന. " തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ള ഒരു ഗവണ്മെന്റിനെ വോട്ടുചെയ്തു വിജയിപ്പിക്കുക "  എന്നായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. 

 അറിയപ്പെടുന്ന അഭിഭാഷകനും ഹൈദരാബാദ് മണ്ഡലത്തിൽ നിന്നുള്ള എംപിയുമായ AIMIMM പാർട്ടി നേതാവായ അസദുദ്ദീൻ ഒവെസി പറഞ്ഞത്, " പാകിസ്ഥാൻ പ്രധാനമന്ത്രിയായ ഇമ്രാൻ ഖാന്റെ ആഗ്രഹങ്ങൾ നടപ്പിലാവാൻ നിങ്ങൾ സമ്മതിക്കരുത്.. " എന്നായിരുന്ന.  മോദി തന്നെ അധികാരത്തിൽ തുടരുന്നതാണ് ഇന്തോ-പാക് ബന്ധങ്ങളുടെ അഭിവൃദ്ധിക്ക് നല്ലതെന്ന ഇമ്രാൻ ഖാന്റെ പരാമർശത്തെ കുത്തിക്കൊണ്ടായിരുന്നു ഒവൈസിയുടെ അഭ്യർത്ഥന.   

ഇതിൽ നിന്നൊക്കെ വ്യത്യസ്തമായ ഒരു അഭ്യർത്ഥന തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് രാജ്യം വരുന്നതിനു മുമ്പ് ഫെബ്രുവരി 23 -ന്  തിരുവനന്തപുരത്ത് നടന്ന 'ഫെസ്റ്റിവൽ ഓൺ ഡെമോക്രസി' എന്നുപേരായ പരിപാടിയിൽ ' യുവാക്കളും രാഷ്ട്രീയവും' എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണത്തിൽ, 'യുവാക്കൾ രാഷ്ട്രീയത്തെ കൂടുതൽ ശുഭപ്രതീക്ഷയോടെ കാണണം' എന്നായിരുന്നു സിപിഐ നേതാവായ കനയ്യാ കുമാർ   ആവശ്യപ്പെട്ടത്.  നമ്മുടെ സമൂഹത്തിൽ എല്ലാം തന്നെ രാഷ്ട്രീയത്തിലൂടെ മാത്രം തീരുമാനിക്കപ്പെടുന്ന ഇക്കാലത്ത്, രാഷ്ട്രീയത്തെ യുവാക്കൾക്ക്  ഒട്ടും അവഗണിക്കാനാവില്ലെന്ന് അദ്ദേഹം  പറഞ്ഞു.  സമകാലിക രാഷ്ട്രീയത്തിൽ നിലനിൽക്കുന്ന ഇരട്ടത്താപ്പുകൾ വിശദീകരിക്കാൻ ക്രിക്കറ്റിനെയും, സിനിമയെയും എന്തിന് ബസ്സിൽ യാത്ര ചെയ്യുമ്പോൾ വിദ്യാർത്ഥിനികൾ അനുഭവിക്കുന്ന പൂവാലശല്യത്തെപ്പോലും  അദ്ദേഹം ഉദാഹരിക്കുന്നുണ്ട്.  

 'പങ്കാളിത്ത'ത്തിൽ അധിഷ്ഠിതമായ ജനാധിപത്യത്തെ, വെറും 'പ്രക്രിയാധിഷ്ഠിത' മാക്കി അധഃപതിപ്പിക്കാനുള്ള ഗൂഢശ്രമങ്ങളെ യുവത തിരിച്ചറിഞ്ഞു പ്രതിരോധിക്കണം എന്നദ്ദേഹം അന്ന് പറഞ്ഞു. ജനാധിപത്യത്തിന്റെ ജീവവായു എന്നത് അതിനുനേരെ ഉയരുന്ന ഇത്തരത്തിലുള്ള വിമർശനങ്ങളും ചോദ്യങ്ങളും തന്നെയാണ്. ചോദ്യങ്ങൾ നിർഭയം ചോദിക്കാനും അഭിപ്രായങ്ങൾ പറയാനുമുള്ള സ്‌പേസ് കിട്ടാൻ വേണ്ടി, വോട്ടു ചെയ്യാൻ മാത്രം വിധിക്കപ്പെട്ടവർക്ക് രാഷ്ട്രീയ പ്രക്രിയയിൽ അഭിപ്രായങ്ങൾ അറിയിക്കാൻ കൂടി അവസരം നേടിക്കൊടുക്കാൻ വേണ്ടി നിങ്ങൾ വോട്ടുചെയ്യണം എന്നായിരുന്നു കനയ്യാ കുമാറിന്റെ അഭ്യർത്ഥന.  'യുവാക്കളും രാഷ്ട്രീയവും'  എന്ന വിഷയത്തിൽ കനയ്യാ കുമാർ നടത്തിയ പ്രസ്തുത പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇവിടെ

ഇന്ത്യൻ ജനാധിപത്യത്തെപ്പറ്റി പണ്ടൊരു  കോളേജ് പ്രൊഫസർ  പറഞ്ഞ ഒരു ഫലിതത്തിൽ  ഈ ലേഖനം ഉപസംഹരിക്കാമെന്നു തോന്നുന്നു. നമ്മുടെ തെരഞ്ഞെടുപ്പുകൾ 'സ്വയംവരം' പോലെയാണ്. നമ്രശിരസ്കയാവാനുള്ള വെമ്പലിൽ മുന്നിലിരിക്കുന്ന മണവാളന്മാരെ വേണ്ടവണ്ണം നോക്കാൻ മടിച്ചാൽ ചിലപ്പോൾ അറിയാതെ വരണമാല്യം അണിയിച്ചുപോവുക വല്ല കഴുതയുടെയും കണ്ഠത്തിലാവും.   

click me!