ലോക്സഭ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ ആര് രാജാവാകും?

By Web TeamFirst Published Apr 19, 2019, 7:31 PM IST
Highlights

ഏപ്രിൽ 29, മേയ് 6 എന്നീ രണ്ടുഘട്ടങ്ങളിലാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന രാജ്യത്തെ ഒരു പ്രധാന സംസ്ഥാനമാണ് ഇവിടം. എന്നാല്‍ ഇടത് പാര്‍ട്ടികള്‍ അടക്കം ചെറുപാര്‍ട്ടികള്‍ നിര്‍ണ്ണായക സ്വദീനമാണ്. 

ജയ്പൂര്‍:  5000 വർഷത്തിന്‍റെ ചരിത്ര പാരമ്പര്യം അവകാശപ്പെടുന്ന സംസ്ഥാനമാണ് രാജാക്കൻമാരുടെ ഭൂമി എന്നറിയപ്പെടുന്ന രാജസ്ഥാൻ. വലിപ്പത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനം.  ചിതറിക്കിടന്ന രാജ്പുട്ടാനയെ 1948 മുതൽ 1956 വരെ നീണ്ടുനിന്ന 7 ഘട്ടമായി നടന്ന ഏകീകരണത്തിലൂടെയാണ് രാജസ്ഥാൻ സംസ്ഥാനം നിലവിൽ വന്നത്.  33 ജില്ലകൾ, തലസ്ഥാനം പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പൂർ

അടുത്തകാലത്ത് കോണ്‍ഗ്രസ് നേടിയ നിയമസഭ തെരഞ്ഞെടുപ്പിലെ വിജയത്തോടെ ഏറ്റവും ശ്രദ്ധേയമായ സംസ്ഥാനമാണ് ഈ തെരഞ്ഞെടുപ്പില്‍ രാജസ്ഥാന്‍. 25 എംപിമാരെയാണ് രാജസ്ഥാന്‍ പാര്‍ലമെന്‍റിലേക്ക് അയക്കുന്നത്. 4 സീറ്റുകൾ (ഗംഗനഗര്‍, ബയാന, ടോംങ്ക്,  ജലോര്‍ ) പട്ടിക ജാതിക്കായും 3 സീറ്റുകൾ (സവി മോധോപൂര്‍, സല്‍ബൂര്‍, ബന്‍സ്വാര) പട്ടിക വർഗ്ഗത്തിനായും സംവരണം ചെയ്തിരിക്കുന്നു.   ഏപ്രിൽ 29, മേയ് 6 എന്നീ രണ്ടുഘട്ടങ്ങളിലാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന രാജ്യത്തെ ഒരു പ്രധാന സംസ്ഥാനമാണ് ഇവിടം. എന്നാല്‍ ഇടത് പാര്‍ട്ടികള്‍ അടക്കം ചെറുപാര്‍ട്ടികള്‍ നിര്‍ണ്ണായക സ്വദീനമാണ്. 

സംസ്ഥാന ഭരണം നേടിയത് കോൺഗ്രസിന് സംസ്ഥാനത്തെ എല്ലാ സീറ്റിലും തികഞ്ഞ ആത്മവിശ്വാസമാണ്. ചില മണ്ഡലങ്ങളിൽ ബിഎസ്പി വോട്ടുകൾ വിജയത്തില്‍ നിർണായകമാകും. കർഷകപ്രശ്നം, സംവരണം എന്നിവയൊക്കെയാണ് പ്രധാനപ്രശ്നമായി പ്രചാരണ രംഗത്ത് കേള്‍ക്കുന്ന വിഷയങ്ങള്‍. ഇതില്‍ തന്നെ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളിയത് ബിജെപി പ്രധാന വിഷയമാക്കുന്നു. ബിജെപി ദേശസുരക്ഷയും ഭീകരവാദിവും, ബലാകോട്ടും ഒക്കെയാണ് പ്രധാനമായും ഉന്നയിക്കുന്ന വിഷയങ്ങള്‍ എന്നാണ് പ്രചാരണ രംഗത്ത് നിന്നുള്ള റിപ്പോര്‍ട്ട്.

കേന്ദ്ര സഹമന്ത്രി രാജ്യവർദ്ധൻസിങ് റാഥോഡ്, ജയ്പൂർ രാജകുമാരി ദിയ കുമാരി, കേന്ദ്ര മന്ത്രിമാരായ ഗജേന്ദ്ര സിങ് ഷെഖാവത്, സി.പി.ജോഷി എന്നിവരാണ് സംസ്ഥാനത്തെ ബിജെപിയുടെ താര സ്ഥാനാര്‍ത്ഥികള്‍. കോൺഗ്രസ് സ്ഥാനാർത്ഥികളിലെ പ്രമുഖരെ പരിഗണിച്ചാല്‍ ഗജേന്ദ്ര സിങ് ഷെഖാവതിനെതിരെ മൽസരിക്കുന്നത് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്‍റെ മകൻ വൈഭവി ഗെഹ്ലോട്ട്, ബാമർ മണ്ഡലത്തിൽ ജസ്വന്ത് സിങിന്‍റെ മകൻ മാനവേന്ദ്ര സിങ്, അൽവാറിൽ മുൻ കേന്ദ്ര മന്ത്രി ഭവർ ജിതേന്ദ്ര സിങ്, ടോംഗ് സീറ്റിൽ നമോ നാരായൺ മീണ എന്നിവരാണ്. കോൺഗ്രസ് സ്ഥാനാർത്ഥികളിൽ 3 പേർ വനിതകളാണ്. 

ചരിത്രം, ആധിപത്യം ആര്‍ക്ക്

1962 വരെ കോൺഗ്രസ് സംസ്ഥാനത്ത് അജയ്യ ശക്തിയായിരുന്നു. 1967ൽ ഭൈരോൺസിങ് ഷെഖാവതിന്‍റെ നേതൃത്വത്തിൽ ജനസംഘും രാജമാതാ ഗായത്രിദേവിയുടെ നേതൃത്വത്തിൽ സ്വതന്ത്രതാ പാർട്ടിയും ചേർന്ന സഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചെങ്കിലും സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞില്ല. 1972ൽ കോൺഗ്രസിന് വൻ ഭൂരിപക്ഷം ലഭിച്ചു. അടിയന്തിരാവസ്ഥക്കാലത്ത് ഭൈറോൺസിങ് ഷെഖാവത്തും ഗായത്രിദേവിയും ജയിലിലായി. 1977ലെ തിരഞ്ഞെടുപ്പിൽ 200ൽ 151 സീറ്റ് നേടി ജനത പാർട്ടി അധികാരത്തിലെത്തി. 

ഭൈരോൺസിങ് ഷെഖാവത് മുഖ്യമന്ത്രിയായി. 1980ൽ ഷെഖാവത് സർക്കാരിനെ അധികാരത്തിൽ തിരിച്ചെത്തിയ ഇന്ദിര ഗാന്ധി പിരിച്ചുവിട്ടു. ജനതാ പാർട്ടി ദേശീയ തലത്തിൽ പിളരുകയും 80ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കുകയും ചെയ്തു. 1984ൽ ഇന്ദിര ഗാന്ധി വധിക്കപ്പെടുകയും തുടർന്നുള്ള ഇന്ദിര തരംഗത്തിൽ 1985ലെ നിയമസഭ തിരഞ്ഞെടുപ്പിലും കോൺഗ്രസ് വിജയിച്ചു. 

എന്നാൽ 1989ൽ ബിജെപി-ജനതാദൾ സഖ്യം 25 ലോക്സഭ സീറ്റുകൾ തൂത്തുവാരി വിജയിക്കുകയും നിയമസഭയിലേക്ക് 200ൽ 140 സീറ്റിലും വിജയിച്ചു. ഷെഖാവത് വീണ്ടും മുഖ്യമന്ത്രിയായി. ബാബറി മസ്ജിദ് തകർക്കലിന് ശേഷം ശെഖാവത് സർക്കാരിനെ നരസിംഹറാവു സർക്കാർ പിരിച്ചുവിട്ടു. ജനതാദളുമായുള്ള സഖ്യം തകർന്നെങ്കിലും 1993ലെ തിരഞ്ഞെടുപ്പിൽ ഷെഖാവതിന്റെ നേതൃത്വത്തിൽ ബിജെപി തന്നെ വിജയിച്ചു. 1998ലെ തിരഞ്ഞെടുപ്പിലും ബിജെപി വിജയിച്ചെങ്കിലും ഉള്ളിവിലക്കയറ്റത്തിൽ പിന്നാലെ വന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങി. 

2002ൽ ഭൈരോൺസിങ് ഷെഖാവത് ഉപരാഷ്ട്രപതിയായതിനെത്തുടർന്ന് വസുന്ധരരാജെ സിന്ധ്യ മുഖ്യമന്ത്രിയായി. 2003ലെ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുകയും വസുന്ധര തന്നെ മുഖ്യമന്ത്രിയാവുകയും ചെയ്തു. എന്നാൽ 2008ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കുകയും അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിയാവുകയും ചെയ്തു. 

2013ൽ 200ൽ 163 സീറ്റും നേടി ബിജെപി വൻതിരിച്ചുവരവ് നടത്തുകയും വസുന്ധരരാജെ സിന്ധ്യ മുഖ്യമന്ത്രിയാവുകയും ചെയ്തു.2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെ 25 ല്‍ 25 സീറ്റും ബിജെപിയാണ് നേടിയത്. 2018ലെ തിരഞ്ഞെടുപ്പിൽ കർഷക രോഷത്തിൽ ബിജെപി പരാജയപ്പെടുകയും കോൺഗ്രസ് നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു.

കണക്കുകള്‍

click me!