തൃശ്ശൂരില്‍ വിജയം കണ്ട 'പ്രതാപതന്ത്രം'!

By Web TeamFirst Published May 23, 2019, 5:50 PM IST
Highlights

ആ സ്വതസിദ്ധമായ ശൈലി തന്നെയാണ്‌ തൃശ്ശൂരുകാര്‍ക്ക്‌ പ്രതാപനെ പ്രിയപ്പെട്ടവനാക്കിയതും.

തൃശ്ശൂര്‍: 'താണ നിലത്തേ നീരോടു, അവിടേ ദൈവം തുണ ചെയ്യൂ' എന്ന്‌ മറ്റാരെക്കാളും നന്നായി അറിയുന്ന രാഷ്ട്രീയനേതാവ്‌ ആരെന്ന്‌ ചോദിച്ചാല്‍ തൃശ്ശൂരുകാര്‍ നിസ്സംശയം പറയും , അത്‌ ടി എന്‍ പ്രതാപനാണ്‌. ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായി പ്രതാപന്റെ പേര്‌ പരിഗണിക്കുന്നെന്ന്‌ പ്രചരിച്ച സമയം. സ്ഥാനാര്‍ത്ഥിത്വം സ്വീകരിക്കുമോയെന്ന്‌ ചോദിച്ച മാധ്യമപ്രവര്‍ത്തകരോട്‌ അദ്ദേഹം പറഞ്ഞു 'പാര്‍ട്ടി തൂപ്പുകാരന്റെ ജോലി ഏല്‍പ്പിച്ചാല്‍ താന്‍ അതും ചെയ്യും'. എളിമയും വിനയവും പ്രതാപന്‌ കൂടപ്പിറപ്പാണ്‌. ആ സ്വതസിദ്ധമായ ശൈലി തന്നെയാണ്‌ തൃശ്ശൂരുകാര്‍ക്ക്‌ പ്രതാപനെ പ്രിയപ്പെട്ടവനാക്കിയതും.

ആദ്യമായി പരിചയപ്പെടുന്ന ആളോട്‌ പോലും വളരെ ഹൃദ്യമായി പെരുമാറാന്‍ പ്രതാപനെ കഴിഞ്ഞേ ആളുള്ളു എന്നാണ്‌ തൃശ്ശൂരിലെ നാട്ടുവര്‍ത്തമാനം. പൊട്ടിച്ചിരിച്ചും കൈപിടിച്ച്‌ കുലുക്കിയും ചേര്‍ത്തുനിര്‍ത്തിയും ഏറ്റവും പ്രിയപ്പെട്ട ഒരാളോടെന്നപോലെ പ്രതാപന്‍ സംസാരിച്ചുകഴിയുമ്പോഴേക്കും ടി എന്‍ പ്രതാപന്‍ എന്ന പേര്‌ മനസ്സില്‍ പതിഞ്ഞിരിക്കുമെന്നാണ്‌ തൃശ്ശൂരുകാര്‍ പറയുന്നത്‌.

എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥി സിപിഐയുടെ രാജാജി മാത്യു തോമസിനെതിരെ 93633 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ പ്രതാപന്റെ വിജയം. ആകെ നേടിയ വോട്ടുകള്‍ 4,15,089. തൃശ്ശൂര്‍ ഞാനിങ്ങെടുക്കുവാ, തൃശ്ശൂരിനെ നിങ്ങള്‍ എനിക്ക്‌ തരണം എന്ന്‌ പറഞ്ഞ്‌ പ്രചാരണസമയത്ത്‌ തരംഗമായ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ്‌ ഗോപിക്ക്‌ ലഭിച്ചത്‌ 2,93,822 വോട്ടുകളാണ്‌.

വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ വ്യക്തമായ ലീഡ്‌ നിലനിര്‍ത്തിയായിരുന്നു പ്രതാപന്റെ മുന്നേറ്റം. പോസ്‌റ്റല്‍ വോട്ടുകളില്‍ മാത്രമാണ്‌ എല്‍ഡിഎഫിന്‌ ആധിപത്യം ഉണ്ടായിരുന്നത്‌. സുരേഷ്‌ ഗോപിക്കാകട്ടെ ഒരു ഘട്ടത്തിലും മുന്നിലെത്താനുമായില്ല. സുരേഷ്‌ ഗോപിയുെട സ്ഥാനാര്‍ത്ഥിത്വത്തില്‍ നേരിയ ആശങ്ക നേരത്തെ പ്രതാപന്‍ പ്രകടിപ്പിച്ചിരുന്നു. ഹിന്ദുവോട്ടുകള്‍ എന്‍ഡിഎയിലേക്ക്‌ ഏകീകരിക്കപ്പെടുമോ എന്നതായിരുന്നു ആശങ്ക. എന്നാല്‍, പിന്നീട്‌ അദ്ദേഹം ആ ആശങ്ക അസ്ഥാനത്താണെന്ന്‌ പ്രഖ്യാപിച്ചു. തൃശ്ശൂര്‍ ആര്‍ക്കും കൊണ്ടുപോകാന്‍ കൊടുക്കില്ല എന്നും മതേതര നിലപാടിനൊപ്പം നിന്നിട്ടുള്ള മണ്ഡലമാണ്‌ തൃശ്ശൂരെന്നും അദ്ദേഹം പറഞ്ഞു. ആ വിശ്വാസം വെറുതെയായില്ല. തൃശ്ശൂര്‍ പ്രതാപനെ തുണയ്‌ക്കുക തന്നെ ചെയ്‌തു.
 

click me!