
അഞ്ചുവർഷം മുമ്പുള്ള ബിജെപി പ്രകടന പത്രികയുടെ തലക്കെട്ട് ' ഏക് ഭാരത്,ശ്രേഷ്ഠ് ഭാരത് ' എന്നായിരുന്നു. അതായത്, 'ഐക്യഭാരതം, ശ്രേഷ്ഠഭാരതം.. '. ഇത്തവണ അത് അല്പമൊന്നു മാറിയിട്ടുണ്ട്.. 'സങ്കല്പിത് ഭാരത്, സശക്ത് ഭാരത് ' എന്നുവെച്ചാൽ, 'സങ്കല്പത്തിലെ ഭാരതം, സശക്തമായ ഭാരതം' എന്ന്.. കഴിഞ്ഞ കുറി ബിജെപി പുറത്തിറക്കിയ 52 പേജുള്ള പ്രകടന പത്രികയിൽ 549 വാഗ്ദാനങ്ങളുണ്ടായിരുന്നു. ഇത്തവണ പേജുകളുടെ എണ്ണവും വാഗ്‌ദാനങ്ങളുടെ എണ്ണവും കുറവാണ്. 45 പേജുകൾ, 75 വാഗ്ദാനങ്ങൾ.
ബിജെപിയുടെ 2014 -ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയുടെ കവർ പേജ് ജനനിബിഡമായിരുന്നു. മുകളിൽ ഇടത്തായി മുതിർന്ന നേതാക്കളായ വാജ്‌പേയി, അദ്വാനി, രാജ്‌നാഥ് സിംഗ്, മുരളീ മനോഹർ ജോഷി എന്നിവർ. താഴെ നടുക്ക് ക്യാപ്റ്റൻ നരേന്ദ്രമോദി. പിന്നിൽ അരുൺ ജെയ്റ്റ്ലി, സുഷമാ സ്വരാജ്, മനോഹർ പരീക്കർ, വസുന്ധര തുടങ്ങിയ മറ്റു ടീമംഗങ്ങൾ. അഞ്ചുകൊല്ലം മോദി കേന്ദ്രം ഭരിച്ച ശേഷം വരുന്ന 2019 -ലെ തെരഞ്ഞെടുപ്പിൽ പുതിയ പ്രകടനപത്രികയുമായി ബിജെപി വരുമ്പോൾ കവർ ചിത്രത്തിൽ നിറഞ്ഞുകവിഞ്ഞു നിൽക്കുന്നത് ഒരേയൊരാൾ മാത്രം, സാക്ഷാൽ നരേന്ദ്ര മോദി. അതിലൂടെ, പാർട്ടിയിൽ ഇന്ന് അധികാരം എങ്ങനെയാണ് കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത് എന്നൊരു സന്ദേശം നൽകാൻ ബിജെപി ഉദ്ദേശിക്കുന്നുണ്ടോ എന്നറിയില്ല. എന്തായാലും, ഈ രണ്ടു പ്രകടന പത്രികകൾ തമ്മിൽ കാര്യമായ എന്തൊക്കെ വ്യത്യാസങ്ങൾ വന്നിട്ടുണ്ട് എന്ന് പരിശോധിക്കാം.
ഏപ്രിൽ 8 -നാണ് ബിജെപി 2019 - ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കുന്നത്. എഴുപത്തഞ്ചു വയസ്സുതികഞ്ഞ വരിഷ്ഠനേതാക്കളെ പ്രകടന പത്രികയുടെ മുഖചിത്രത്തിൽ നിന്നും പടിയിറക്കിയ പാർട്ടി പക്ഷേ, 2022 -ൽ ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയ്ക്ക് 75 വർഷം തികയുമ്പോഴേക്കും പാലിക്കാൻ എന്ന പേരിൽ 75 പുതുപുത്തൻ വാഗ്‌ദാനങ്ങളാണ് ഈ പ്രകടനപത്രികയിൽ അണിനിരത്തിയിട്ടുള്ളത്. തങ്ങളുടെ ഈ പ്രകടന പത്രികയെ, തങ്ങൾ സ്വപ്നം കാണുന്ന ഭാരതത്തിന്റെ പ്രകടന പത്രിക എന്ന് ബിജെപി വിളിക്കുമ്പോൾ 'പറ്റിപ്പ്' പത്രിക എന്ന് കോൺഗ്രസ് അതിനെ പരിഹസിക്കുന്നു.
ഇങ്ങനെയൊരു പ്രകടന പത്രികയുമായി ബിജെപി ജനങ്ങൾക്ക് മുന്നിൽ വരുമ്പോൾ നമുക്ക് പരിശോധിക്കാനാവുന്ന ന്ന കാര്യങ്ങൾ ഇതൊക്കെയാണ്. 2014 -ൽ എത്ര വാഗ്‌ദാനങ്ങളാണ് ബിജെപി നൽകിയത് ? അതിൽ എത്രയെണ്ണം ഇത്തവണയും അവർ ആവർത്തിച്ചിട്ടുണ്ട് ? എത്രയെണ്ണം നിറവേറ്റപ്പെട്ടിട്ടുണ്ട് ? എത്രയെണ്ണത്തെപ്പറ്റി ഇത്തവണ അവർ ഒരക്ഷരം മിണ്ടിയിട്ടില്ല..? അവസാനമായി, എത്ര വാഗ്‌ദാനങ്ങളെപ്പറ്റി അവർ അസത്യം പറഞ്ഞിട്ടുണ്ട് ?
ഈ രണ്ടു പ്രകടന പത്രികകളും അടുത്തടുത്തുവെച്ച് ഒന്നൊന്നായി താരതമ്യം ചെയ്യാനും, നിരീക്ഷണങ്ങൾ നടത്താനാവും ഏതൊരു വോട്ടർക്കും. അത്തരത്തിൽ ചില നിരീക്ഷണങ്ങളിലേക്ക് ഇനി..
പശുവിനെ കാണ്മാനില്ല..
2014 -ൽ പശു ഒരു താരമായിരുന്നു. ഹൈന്ദവ പാരമ്പര്യ പരിചരണവും പ്രധാന അജണ്ടയായിരുന്നു. 'Cultural Heritage 'എന്ന ഉപശീർഷകത്തിൽ വിശദമായ പരാമർശങ്ങളുണ്ടായിരുന്നു. 2019 -ലെ മാനിഫെസ്റോയിൽ 'പശു' എന്നൊരു വാക്കുതന്നെ കണ്ടുകിട്ടാനില്ല.
അഞ്ചുവർഷത്തെ മോദി സർക്കാരിന്റെ ഭരണകാലത്ത് 'ഗോഹത്യ'യുമായി ബന്ധപ്പെട്ടുള്ള കൊലപാതകങ്ങളുടെയും മർദ്ദനങ്ങളുടെയും നിരവധി റിപ്പോർട്ടുകൾ വന്നിട്ടുള്ള സാഹചര്യത്തിൽ ഈ തിരോധാനം ദുരൂഹമാണ്.
ആശ്രയം മോദി എഫക്റ്റ് മാത്രം
2014 ലെ പ്രകടനപത്രികയിൽ 'മോദി' എന്ന വാക്ക് ഒരിടത്തുപോലും വരുന്നില്ല. എന്നാൽ 2019 ലെ പത്രികയിൽ 'നരേന്ദ്ര' എന്ന വാക്ക് 22 തവണയും 'മോദി' എന്ന വാക്ക് 26 തവണയും ആവർത്തിക്കുന്നുണ്ട്. 'മോദി' എന്ന വാക്ക് ഏതൊരു പ്രകടന പത്രികയിലും ഏറ്റവും കൂടുതൽ തവണ ഊന്നിയൂന്നിപ്പറയേണ്ടുന്ന പല പ്രധാനപ്പെട്ട വാക്കുകളെക്കാളും അധികം തവണ വരുന്നുണ്ട്. ഉദാഹരണത്തിന് 'പൗരൻ' (citizen)എന്ന വാക്ക് പ്രകടനപത്രികയിൽ ആകെ വരുന്നത് 17 തവണ മാത്രമാണ്. അതുപോലെ പാവപ്പെട്ടവർ(poor) എന്നത് 14 തവണ മാത്രമേ വരുന്നുള്ളൂ.
'കള്ളപ്പണം' ഇപ്പോൾ കാണാനേയില്ല, ( പ്രകടന പത്രികയിൽ..)
2014 -ലെ പ്രകടനപത്രികയിൽ പറഞ്ഞിരുന്നത് അഴിമതി തുടച്ചു നീക്കും, കള്ളപ്പണം ഉത്പാദിപ്പിക്കപ്പെടുകയേ ചെയ്യില്ല എന്ന് ഉറപ്പുവരുത്തും. വിദേശത്തുനിന്നും കള്ളപ്പണം ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കും എന്നതിനായിരുന്നു ഏറ്റവും അധികം ഊന്നൽ.
ഇത്തവണ 'കള്ളപ്പണം' എന്നൊരു വാക്കേ മിണ്ടിയിട്ടില്ല മാനിഫെസ്റോയിൽ . ഇപ്പോൾ അങ്ങനെ ഒരു പ്രശ്നമേ ഇന്ത്യയിലില്ല എന്ന ഭാവേനയാണ് പത്രികാ രചന. ഒരാശ്വാസത്തിന് നമുക്കുവേണമെങ്കിൽ, 'സർക്കാർ വിദേശത്തുള്ള കള്ളപ്പണം അണ പൈ വിടാതെ തിരിച്ചെത്തിച്ചിട്ടുണ്ട് നാട്ടിലേക്ക്, ആരോടും പറയാതെ രഹസ്യമാക്കി വെച്ചിരിക്കുകയാണ്...' എന്നൊക്കെ കരുതാമെന്നുമാത്രം.
കള്ളപ്പണനിർമാർജനത്തിനായി സർക്കാർ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ഒരു ഓപ്പറേഷനായിരുന്നു 'നോട്ടുനിരോധനം'. ഐതിഹാസികവും സുധീരവുമായ നടപടി എന്നൊക്കെ പലരും അന്നതിനെ വിശേഷിപ്പിച്ചു. എന്നാൽ ഇത്തരത്തിലുള്ള ഒരു വിശേഷണങ്ങളുടെ ഘോഷയാത്രയും ഇത്തവണത്തെ പ്രകടന പത്രികയിലില്ല പ്രസ്തുത ഓപ്പറേഷനെപ്പറ്റി. നോട്ടുനിരോധനം എന്ന വാക്ക് ഒരൊറ്റ പ്രാവശ്യം മാത്രമാണ് പ്രകടനപത്രികയിൽ ആകെ പറഞ്ഞിട്ടുള്ളത്. അതും GSTയെപ്പറ്റി പറഞ്ഞു പോയ കൂട്ടത്തിൽ, ഒട്ടും പ്രാധാന്യം കൊടുക്കാതെ. 'നോട്ടു നിരോധനം കഴിഞ്ഞ കാര്യമല്ലേ, ഇനി അതേപ്പറ്റി പറഞ്ഞില്ലെങ്കിൽ എന്ത് ' എന്ന് ബിജെപിക്ക് വേണമെങ്കിൽ പറഞ്ഞു നിൽക്കാം.
കശ്മീരി പണ്ഡിറ്റുകളെ കൈവിട്ട പത്രിക
2014 -ലെ പത്രികയിൽ 'Integrating the Nation ' എന്ന ഉപശീർഷകത്തിൽ ബിജെപി കശ്മീരി പണ്ഡിറ്റുകളെ തിരിച്ചു കാശ്മീരിൽ സുരക്ഷിതരായി എത്തിച്ച് അവരെ പുനരധിവസിപ്പിക്കുമെന്ന് പറഞ്ഞിരുന്നു. അതിൽ പക്ഷേ, ഒരിടത്തും തന്നെ ആർട്ടിക്കിൾ 370-നെപ്പറ്റിയോ 35-A -യെപ്പറ്റിയോ ഒന്നും തന്നെ പറഞ്ഞിരുന്നില്ല അന്ന്.
ഇത്തവണ കശ്മീരി പണ്ഡിറ്റുകളെപ്പറ്റി ഒരു പരാമർശവും പത്രികയിലില്ല. പക്ഷേ, 'Nation First ' എന്ന ഉപശീർഷകത്തിൽ, ജനസംഘത്തിന്റെ കാലം തൊട്ടുതന്നെ പറയുന്ന ആർട്ടിക്കിൾ 370 റദ്ദുചെയ്യുന്നതു സംബന്ധിച്ച അവരുടെ നിലപാട് ഊന്നിപ്പറയുന്നുണ്ട്.
തൊഴിൽ നല്കുന്നതിനെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങൾ
2014 -ലെ പ്രകടനപത്രികയിൽ 'തൊഴിൽ' എന്ന വാക്കിന് ഒരുപാട് പ്രാധാന്യം കിട്ടിയിരുന്നു. കണക്കെടുത്താൽ, പത്രികയിൽ ആകെ 42 ഇടത്ത് ഈ വാക്ക് ആവർത്തിക്കപ്പെട്ടിരുന്നു. 2019-ലെ പത്രികയിൽ ഈ ആവൃത്തി ക്ഷയിച്ച് 17 ആയി. തൊഴിലില്ലായ്മ കഴിഞ്ഞ 45 വർഷത്തിലേക്കും വെച്ച് ഏറ്റവും കൂടുതലാണ് ഇക്കൊല്ലം എന്ന, സർക്കാർ ഏജൻസി ആയ NSSO'യുടെ കണ്ടെത്തൽ പ്രതിപക്ഷം ഒരു മുഖ്യ വിഷയമാക്കിയിട്ടുള്ളതും ഈ അവസരത്തിൽ ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്.
അഞ്ചുകൊല്ലം മുമ്പ് ബിജെപി പറഞ്ഞത് സ്റ്റാർട്ടപ്പ് പദ്ധതികൾ കൊണ്ടുവന്നും, പുതിയ ലോണുകൾ അനുവദിച്ചും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കും എന്നാണ്. ടൂറിസം സെക്ടറിൽ തന്നെ ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കും എന്നായിരുന്നു അന്നത്തെ അവകാശവാദം.
മുദ്രാ ലോൺ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു എന്ന് ബിജെപി പൊതുവേ അവകാശപ്പെടുന്നുണ്ട് പത്രികയിൽ. എന്നാൽ 'എത്ര' എന്ന കാര്യത്തിൽ നല്ല തിട്ടമില്ലെന്നു തോന്നുന്നു. ഒരിടത്ത് 14 കോടി എന്ന് പറയുന്നു, മറ്റൊരിടത്ത് 17 കോടി എന്നും. എന്നാൽ ബിജെപിയുടെ തന്നെ തെരഞ്ഞെടുപ്പ് പരസ്യങ്ങളിൽ പറയുന്നത് മറ്റൊരു സംഖ്യയാണ്, 15 കോടി. ഏതെങ്കിലും ഒരു നമ്പറിൽ ഉറപ്പിച്ചെങ്കിൽ വിശ്വസിക്കാമെന്നാണ് ശരാശരി വോട്ടർ മനസ്സിൽ പറഞ്ഞു പോവുന്നത്. എന്തായാലും, ഭാവിയിൽ മുദ്രാ ലോൺ 30 കോടി പേർക്കെങ്കിലും തൊഴിൽ നൽകും എന്നാണ് ബിജെപിയുടെ മാനിഫെസ്റോയിലെ വാദം.
ഇനി അതേപ്പറ്റിയുള്ള ഒരു പത്ര വർത്തയെപ്പറ്റി : അഞ്ചു ദിവസം മുമ്പ് 'ദി ടെലിഗ്രാഫ് ' എന്ന പത്രത്തിൽ ഒരു വാർത്ത വന്നു. അതിൽ പറയുന്നത് ഇപ്രകാരമാണ്. 2019 ഫെബ്രുവരി ഒന്നാം തീയതി വരെ മുദ്രാ പദ്ധതി പ്രകാരം പതിനഞ്ചു കോടി എഴുപത്തിമൂന്നു ലക്ഷം വായ്പ്പകളാണ് അനുവദിക്കപ്പെട്ടത്. 7.5 ലക്ഷം കോടി രൂപ വിതരണം ചെയ്യപ്പെട്ടു. ആ മൂലധനം ഉപയോഗിച്ച് ഉണ്ടായ തൊഴിലവസരങ്ങളോ, 1.12 കോടി എണ്ണവും. മുടക്കിയ മുതലിന് അനുസൃതമായ തൊഴിലവസരങ്ങളൊന്നും സൃഷ്ടിക്കപ്പെട്ടിട്ടില്ല എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
കാർഷിക രംഗത്തെപ്പറ്റി..
2014 -ലെ പത്രികയിൽ കൃഷിയെപ്പറ്റി ഒരു അദ്ധ്യായം മുഴുവനായും ഉണ്ടായിരുന്നു. അതിൽ കാർഷിക ഉത്പാദനക്ഷമത, ശാസ്ത്രം, നേട്ടങ്ങൾ എന്നിങ്ങനെ പല വിഷയങ്ങളും പരാമർശിച്ചിരുന്നു. കൃഷി രംഗത്ത് നിക്ഷേപങ്ങൾ വർധിപ്പിക്കും എന്ന് അന്ന് പറഞ്ഞിരുന്നു. ഇത്തവണ എങ്ങും തൊടാതെ കഴിഞ്ഞ വട്ടം പറഞ്ഞ ആ നിക്ഷേപത്തിന് ഒരു സംഖ്യയുടെ പരിവേഷം കൊടുത്തിട്ടുണ്ട്, 25 ലക്ഷം കോടി. കഴിഞ്ഞ പത്രികയിൽ കർഷകർക്ക് 'Real Time Data' പ്രദാനം ചെയ്യും എന്ന് പറഞ്ഞിരുന്നു. ആർക്കും തന്നെ അങ്ങനെയൊന്ന് കിട്ടിയതായി റിപ്പോർട്ടുകളില്ല.
എന്തായാലും ഇത്തവണ അങ്ങനെ ഒരു വാഗ്ദാനം ബിജെപി അവർത്തിച്ചിട്ടുമില്ല. ഇത്തവണയും വിലക്കയറ്റം കുറയ്ക്കുന്നതിനെപ്പറ്റിയും, ദേശീയ കൃഷി ബസാർ രൂപീകരിക്കുന്നതിനെപ്പറ്റിയും ഒക്കെ പരാമർശങ്ങളുണ്ട്. ഇത്തവണ പുതിയൊരു വാക്ക് പ്രത്യക്ഷപ്പെട്ടിരിക്കുന്നത് , " ഈസ് ഓഫ് ഡൂയിങ് ബിസിനസ്' എന്നതാണ്.
വ്യവസായം, വിദ്യാഭ്യാസം, മറ്റ് ദേശീയ വിഷയങ്ങൾ..
ഇത്തവണ കൂടുത ഊന്നൽ കയറ്റുമതി വർധിപ്പിക്കുന്നതിലും, ചെറുകിട വ്യവസായങ്ങൾക്ക് സിംഗിൾ വിൻഡോ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലും ആണ്.
വിദ്യാഭ്യാസ രംഗത്ത് കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സീറ്റുകൾ അമ്പത് ശതമാനത്തോളം കൂട്ടും എന്ന് വാഗ്‌ദാനം ചെയ്തിട്ടുണ്ട്. അഞ്ചു വർഷം മുമ്പുള്ള വാഗ്ദാനം ഈ-ലൈബ്രറി സംവിധാനം വിപുലീകരിക്കുന്നതിനെപ്പറ്റിയും, അടിസ്ഥാന വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെപ്പറ്റിയും ആയിരുന്നു.
അയോധ്യയിലെ ശ്രീരാമ ക്ഷേത്ര നിർമാണത്തെപ്പറ്റി ഒന്നും വിട്ടുപറയാൻ ഈ പ്രകടനപത്രികയിലെ ബിജെപി തയ്യാറില്ല. നിയമാനുസൃതം, സമാധാനപൂർണമായ രീതിയിൽ.. എന്നൊക്കെ പറഞ്ഞുവെച്ചിട്ടുള്ളതാണെങ്കിൽ തീവ്രഹിന്ദുവോട്ടർമാർക്ക് അത്ര രുചിക്കാനുമിടയില്ല.
ചുരുക്കിപ്പറഞ്ഞാൽ, ബിജെപിയുടെ ഇത്തവണത്തെ പ്രകടന പത്രിക സാധാരണ തെരഞ്ഞെടുപ്പ് പ്രകടന പത്രികകളുടെ അച്ചിൽ വാർത്ത ലക്ഷണമൊത്തൊരു പത്രിക തന്നെയാണ്. വാഗ്ദാനങ്ങളുണ്ടെമ്പാടും, ചില ആശയക്കുഴപ്പങ്ങളും. പരാമർശിച്ചിരിക്കുന്ന കണക്കുകളിൽ നമ്മൾ വിശ്വസിച്ചു വരുമ്പോഴേക്കും അടുത്തുവരുന്ന പേജുകളിൽ ചിലതിൽ നിന്നും വ്യത്യസ്തമായ വേറെ കണക്കുകൾ പ്രത്യക്ഷപ്പെടും, നമ്മളെ സംശയത്തിലാക്കും എന്നുമാത്രം.
കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഇരുപതംഗ കമ്മിറ്റിയാണ് ഇത്തവണത്തെ പ്രകടനപത്രിക എഴുതാൻ മുന്നിട്ടിറങ്ങിയത്. തങ്ങൾ 2014 -ൽ തുടങ്ങിവെച്ച വികസനപ്രവർത്തനങ്ങൾ പൂർണ്ണമായും സാക്ഷാത്കരിക്കാനായി ഒരു ഭരണത്തുടർച്ച നൽകണമെന്നാണ് ഈ പ്രകടന പത്രികയിലൂടെ ബിജെപി ജനങ്ങളോട് അഭ്യർത്ഥിക്കുന്നത്. വിലയിരുത്താൻ അഞ്ചുവർഷത്തെ ഭരണവും, താരതമ്യം ചെയ്യാൻ രണ്ടു പത്രികകളും മുന്നിലുള്ളപ്പോൾ ജനം എന്ത് തീരുമാനിക്കുമെന്നത് അപ്രവചനീയമാണ്.
കടപ്പാട് : ദി ലല്ലൻടോപ്പ് & ദി ക്വിൻറ്