
ജയ്പൂര്: 48 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു വനിതാ സ്ഥാനാര്‍ത്ഥി മത്സരിക്കുന്നു എന്നതിലൂടെ ശ്രദ്ധേയമാവുകയാണ് രാജസ്ഥാനിലെ ജയ്പൂര് ലോക്‌സഭാ മണ്ഡലം. 1971ന് ശേഷം ഒരിക്കല്‍ പോലും ഒരു വനിതാസ്ഥാനാര്‍ത്ഥി ഇവിടെനിന്ന് ജനവിധി തേടിയിട്ടില്ല.
1971ലെ പൊതുതെരഞ്ഞെടുപ്പില്‍ സി.രാജഗോപാലാചാരിയുടെ സ്വതന്ത്രപാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗായത്രി ദേവിയാണ് ജയ്പൂരില്‍ മത്സരരംഗത്തുണ്ടായിരുന്ന അവസാനവനിത. ജയ്പൂര്‍ രാജകുടുംബാംഗമായിരുന്ന അവര്‍ 1962ല്‍ കോണ്‍ഗ്രസിന്റെ ശാരദാദേവിയെ പരാജയപ്പെടുത്തിയാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായത്. തുടര്‍ന്ന് 1967ലും 71ലും വിജയം ആവര്‍ത്തിച്ചു. 1975ല്‍ അടിയന്തരാവസ്ഥക്കാലത്ത് ജയിലിലായ അവര്‍ പിന്നീട് രാഷ്ട്രീയത്തോട് വിട പറഞ്ഞു.
നാലു പതിറ്റാണ്ടിലേറെ വനിതകള്‍ ജനവിധി തേടാതിരുന്ന മണ്ഡലത്തില്‍ കോണ്‍ഗ്രസ് അങ്കത്തിനിറക്കിയിരിക്കുന്നത് ജയ്പൂര്‍ മേയര്‍ ജ്യോതി ഖണ്ഡേല്‍വാളിനെ ആണ്. 2009ല്‍ ബിജെപിക്കെതിരെ അട്ടിമറി വിജയം നേടിയാണ് ജ്യോതി മേയര്‍ സ്ഥാനത്തെത്തിയത്. ബിജെപിയുടെ കോട്ടയായ ഇവിടെ ജ്യോതിയിലൂടെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും അട്ടിമറി വിജയം നേടാനാവുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.