
കോളിവുഡിലെ എന്നല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും തിളക്കമുള്ള രണ്ട് താരങ്ങള്‍. ആരാധകവൃന്ദം കൂടുതല്‍ അതില്‍ ഒരാള്‍ക്ക് ആണെങ്കില്‍ പുതുതലമുറ സിനിമാ വിദ്യാര്‍ഥികളും പഠിക്കാനെടുക്കുന്ന സിനിമകള്‍ രണ്ടാമന്‍റേതാണ്. രജനികാന്തിനെയും കമല്‍ ഹാസനെയും കുറിച്ചാണ് പറഞ്ഞുവരുന്നത്. നീണ്ട നാല് പതിറ്റാണ്ടുകള്‍ക്കിപ്പുറം ഇരുവരും ബിഗ് സ്ക്രീനില്‍ വീണ്ടും ഒരുമിച്ച് എത്തുകയാണ്. ജയിലറും ബീസ്റ്റുമൊക്കെ ഒരുക്കിയ നെല്‍സണ്‍ ദിലീപ്‍കുമാറിന്‍റെ സംവിധാനത്തിലൂടെ. ഈ നാല് പതിറ്റാണ്ടിനിടെ പല ഇന്‍ഡസ്ട്രികളിലായി സൂപ്പര്‍താരങ്ങള്‍ ബിഗ് സ്ക്രീനില്‍ ഒരുമിച്ച് എത്തിയിട്ടുണ്ട്. പ്രധാന കഥാപാത്രങ്ങളായല്ലെങ്കില്‍ ഒരാള്‍ നായകനായി വന്ന ചിത്രത്തില്‍ മറ്റൊരാള്‍ അതിഥിതാരമായെങ്കിലും വന്ന് കൈയടി വാങ്ങി പോയിട്ടുണ്ട്. സമീപ വര്‍ഷങ്ങളില്‍ അതൊരു ട്രെന്‍ഡ് ആയും മാറിയിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് കമലും രജനിയും വീണ്ടും ഒന്നിക്കാന്‍ 40 വര്‍ഷത്തെ ഇടവേള വന്നത്? ആ ചോദ്യത്തിനുള്ള ഉത്തരത്തിന് ഇരുവരുടെയും കരിയറിനോളം തന്നെ പ്രായമുണ്ട്.
1960 ല്‍ ചൈല്‍ഡ് ആര്‍ട്ടിസ്റ്റ് ആയി തമിഴ് സിനിമയിലെത്തിയ കമല്‍ 1974 ല്‍ പുറത്തെത്തിയ മലയാള ചിത്രം കന്യാകുമാരിയിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിക്കുന്നത്. തൊട്ടുപിറ്റേ വര്‍ഷം കമല്‍ ഹാസന്‍ നായകനായി എത്തിയ അപൂര്‍വ്വ രാഗങ്ങളിലൂടെയാണ് രജനികാന്ത് ക്യാമറയ്ക്ക് മുന്നില്‍ ആദ്യമായി മുഖം കാണിക്കുന്നത്. ചിത്രം ഒരുക്കിയ കെ ബാലചന്ദര്‍ ഇരുവരുടെയും മെന്‍റര്‍ ആയും പിന്നീടുള്ള വര്‍ഷങ്ങളില്‍ മാറി. താരങ്ങള്‍ മാത്രമല്ല, ജനപ്രീതിയുള്ള സംവിധായകരും ഒരേ വര്‍ഷം ഒന്നിലധികം ചിത്രങ്ങള്‍ ഒരുക്കുന്ന കാലമായിരുന്നു അത്. തൊട്ടടുത്ത വര്‍ഷം ബാലചന്ദറിന്‍റെ തന്നെ സംവിധാനത്തില്‍ രജനിയും കമലും വീണ്ടും ഒന്നിച്ചു. മൂണ്‍ട്ര് മുഡിച്ച് ആയിരുന്നു ചിത്രം. ശ്രീദേവിക്കൊപ്പം ശ്രദ്ധേയ വേഷങ്ങളിലായിരുന്നു ഇരുവരും. തമിഴില്‍ രജനികാന്തിന്‍റെ ആദ്യ ശ്രദ്ധേയ ചിത്രവും അത് തന്നെ. ആ സമയത്ത് താരമൂല്യം കൂടുതലുള്ള കമല്‍ ഹാസനായിരുന്നു പുതുമുഖമായ രജനികാന്തിനെക്കാളും പ്രതിഫലം. ഇരുവരെയും പ്രധാന റോളുകളില്‍ അഭിനയിപ്പിച്ച് കെ ബാലചന്ദറിന്‍റെ പല ചിത്രങ്ങളും പിന്നാലെ എത്തി.
1975 നും 1985 നും ഇടയ്ക്ക് 21 സിനിമകളില്‍ ഇവര്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അതില്‍ എല്ലാ തെന്നിന്ത്യന്‍ ഭാഷകളും ഹിന്ദിയും ഉള്‍പ്പെടും. 1979 ല്‍ മലയാളത്തിലും തമിഴിലുമായി ഐ വി ശശി ഒരുക്കിയ അലാവുദ്ദീനും അത്ഭുത വിളക്കും എന്ന ചിത്രത്തിലും രജനിയും കമലും ഒന്നിച്ചിട്ടുണ്ട്. 21 ചിത്രങ്ങളില്‍ ചിലതില്‍ ഇരുവര്‍ക്കും ഒരേപോലെ പ്രാധാന്യമുള്ള റോളുകള്‍ ആയിരുന്നെങ്കില്‍ മറ്റ് ചിലതില്‍ ഒരാള്‍ നായകനും മറ്റെയാള്‍ സപ്പോര്‍ട്ടിംഗ് റോളിലും ആയിരുന്നു. ചിലതിലൊക്കെ അതിഥിവേഷവും. 1985 ല്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രം ഗെരഫ്താറിലാണ് ഇരുവരും ഇതിന് മുന്‍പ് അവസാനം ഒരുമിച്ചത്. ചിത്രത്തില്‍ അമിതാഭ് ബച്ചനും അഭിനയിച്ചിരുന്നു. ഈ മൂന്ന് ഇതിഹാസങ്ങള്‍ ഒരുമിച്ച ഒരേയൊരു ചിത്രവും അത് തന്നെ. ആ വര്‍ഷത്തെ ഹിന്ദി റിലീസുകളില്‍ ഏറ്റവും വലിയ പണംവാരി പടവുമായിരുന്നു അത്. ഈ പത്ത് വര്‍ഷങ്ങള്‍ കൊണ്ട് ഇരുവരുടെയും കരിയര്‍ വലിയ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചിരുന്നു. ഒരുമിച്ച് ഇനി സ്ക്രീനില്‍ എത്തേണ്ടെന്ന് ഇരുവരും ആലോചിച്ച് എടുത്ത തീരുമാനമായിരുന്നു.
ഇതേക്കുറിച്ച് കമല്‍ ഹാസന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. തികച്ചും പ്രാക്റ്റിക്കല്‍ ആയ ഒരു തീരുമാനമാണ് തങ്ങള്‍ എടുത്തതെന്നാണ് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്. കോളിവുഡിന്‍റെ വരാനിരിക്കുന്ന കാലത്തെ നിര്‍വചിക്കുന്ന താരങ്ങളായുള്ള തങ്ങളുടെ വളര്‍ച്ച ഇരുവരും മുന്‍കൂട്ടി കണ്ടിരുന്നു എന്നുവേണം പറയാന്‍. കാരണം അഭിനയിക്കുന്ന സിനിമകള്‍ വലിയ വിജയം നേടുമ്പോഴും ഇരുവര്‍ക്കും അതിനനുസരിച്ചുള്ള പ്രതിഫലം ലഭിച്ചിരുന്നില്ല. അതിന് ഒരു പ്രധാന കാരണം ഇരുവരും ഒരുമിച്ച് സിനിമകളില്‍ അഭിനയിച്ചിരുന്നു എന്നതാണ്. അത്തരം ചിത്രങ്ങളില്‍ നിര്‍മ്മാതാക്കള്‍ പ്രതിഫലം നിശ്ചയിക്കുമ്പോള്‍ രണ്ട് പേര്‍ക്കും ചേര്‍ത്ത് നല്‍കേണ്ട തുകയാണ് കണക്കുകൂട്ടിയിരുന്നത്. തങ്ങളുടെ താരമൂല്യം ഉയരാതിരിക്കുന്നതിന് ഒരു കാരണമായി ഇരുവരും ഇതിനെ കണ്ടിരിക്കാം. തുടര്‍ന്ന് ഒരു വാര്‍ത്താ സമ്മേളനം വിളിച്ചാണ് ഇനി ഒരുമിച്ച് അഭിനയിക്കില്ല എന്ന് കമലും രജനിയും പ്രഖ്യാപിച്ചത്. നാല്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറം ആ തീരുമാനത്തിനാണ് ഇരുവരും മാറ്റം വരുത്താന്‍ പോകുന്നത്.
തെലുങ്ക്, കന്നഡ സിനിമകള്‍ക്ക് പിന്നാലെ 1000 കോടി ക്ലബ്ബില്‍ എത്തുക എന്ന ആഗ്രഹത്തിന് പിന്നാലെയാണ് കോളിവുഡ് ഇപ്പോള്‍. അവിടുത്തെ ഏറ്റവും വലിയ താരങ്ങളിലൊരാളായ രജനികാന്തിന്‍റെ സമീപകാല ചിത്രങ്ങള്‍ എടുത്താല്‍ പല ഇന്‍ഡസ്ട്രികളില്‍ നിന്നുള്ള താരങ്ങളെ കാണാം. സമീപവര്‍ഷങ്ങളില്‍ ഏറ്റവും വലിയ വിജയം നേടിയ രജനി ചിത്രം ജയിലര്‍ 2 ല്‍ മോഹന്‍ലാലും ശിവരാജ്‍കുമാറും ജാക്കി ഷ്രോഫും ഒക്കെ ഉണ്ടായിരുന്നു. സമീപകാലത്ത് ഏറ്റവും വലിയ വിജയം നേടിയ കമല്‍ ഹാസന്‍ ചിത്രം വിക്രത്തിലും സപ്പോര്‍ട്ടിംഗ് റോളുകളില്‍ വിജയ് സേതുപതിയും ഫഹദ് ഫാസിലും അടങ്ങിയ താരനിര ഉണ്ടായിരുന്നു. സെപ്പറേറ്റ് ഫാന്‍ ബേസ് ഉള്ള താരങ്ങളെ മുഖ്യധാരാ സിനിമയുടെ പള്‍സ് അറിയാവുന്ന ഒരു സംവിധായകന്‍റെ കൃത്യം പാക്കിംഗിലൂടെ അവതരിപ്പിച്ചാല്‍ ബോക്സ് ഓഫീസില്‍ പിന്നീട് തിരിഞ്ഞുനോക്കേണ്ടി വരില്ല എന്നതാണ് വസ്തുത. എന്നാല്‍ ഉള്ളടക്കം പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടണം. അത് ഫലപ്രദമായി സാധിച്ചിട്ടുള്ള സംവിധായകനാണ് നെല്‍സണ്‍ ദിലീപ്‍കുമാര്‍. ജയിലര്‍ തന്നെ ഏറ്റവും മികച്ച ഉദാഹരണം. രജനിയെയും മറ്റ് താരങ്ങളെയും ഉള്‍പ്പെടുത്തി ജയിലര്‍ 2 ഉും നെല്‍സന്‍റേതായി പുറത്തുവരാനുണ്ട്. വലിയ താരങ്ങളെ ചേര്‍ത്തുള്ള പുതിയ വിജയ ഫോര്‍മുലകളില്‍ നിന്ന് പ്രചോദിതമായാണ് പുതിയ ചുവടുവെപ്പ് എന്ന് ഉറപ്പാണ്. നാല് പതിറ്റാണ്ടുകള്‍ക്കിപ്പുറം ആദ്യമായി കമലും രജനിയും എന്നത് തന്നെയാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ യുഎസ്‍പി, പരസ്യ വാചകവും. ഇങ്ങ് മലയാളത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും വലിയ ഇടവേളയ്ക്ക് ശേഷം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാട്രിയറ്റും റിലീസിന് തയ്യാറെടുക്കുന്നു എന്നത് ചേര്‍ത്ത് വായിക്കാവുന്ന കൗതുകം.