എന്നാല്‍ ജനപ്രിയ ചിത്രങ്ങളുടെ തുടര്‍ച്ചകള്‍ ജനപ്രീതി നേടാതെ പോയതിനും സമീപ വര്‍ഷങ്ങളില്‍ ഉദാഹരണങ്ങളുണ്ട്
ഒരു പുതിയ സിനിമ പ്രേക്ഷകരെ ഇംപ്രസ് ചെയ്യണമെങ്കില്‍ സംവിധായകന് മുന്നില്‍ കടമ്പകള്‍ ഏറെയുണ്ട്. അതിന്‍റെ പശ്ചാത്തലവും കഥാപാത്രങ്ങളെയുമൊക്കെ അവര്‍ക്ക് ഇഷ്ടപ്പെടണം എന്നതാണ് ഏറ്റവും പ്രധാന കാര്യം. അവ ഇഷ്ടപ്പെട്ടതുകൊണ്ട് മാത്രമായില്ല, പറയുന്ന കഥയും അതിന്‍റെ തുടര്‍ച്ചയും ഒടുക്കവുമൊക്കെ അവര്‍ക്ക് ബോധിക്കണം. എന്‍ഡ് ടൈറ്റില്‍സ് വരുമ്പോള്‍ കൈയടിക്കാന്‍ തോന്നണം. സിനിമ ഒരു പത്ത് സെക്കന്‍ഡ് മടുത്താല്‍ പോലും കൈയിലുള്ള ഫോണിലേക്ക് ശ്രദ്ധ പോകുന്ന കാണിയെക്കൊണ്ട് അത് ഇഷ്ടപ്പെടുത്തുക എന്നത്തേക്കാള്‍ പ്രയാസമാണ് ഇന്ന്. പ്രേക്ഷകരുടെ മൌത്ത് പബ്ലിസിറ്റി എത്ര വലിയ പരസ്യ ക്യാമ്പെയ്നെക്കാളും പ്രധാനമായ കാലത്ത് അവരെ തിയറ്ററുകളിലേക്ക് ആകര്‍ഷിക്കാന്‍ ഒരു എളുപ്പവഴിയുണ്ട്. വിജയിച്ച സിനിമയുടെ ഒരു തുടര്‍ച്ച ചെയ്യുക.
പശ്ചാത്തലവും കഥാപാത്രങ്ങളെയുമൊന്നും പ്രേക്ഷകര്‍ക്ക് പുതുതായി പരിചയപ്പെടുത്തേണ്ടതില്ല എന്നാണ് ഇതിലെ അഡ്വാന്‍റേജ്. അവര്‍ ഒരിക്കല്‍ ആസ്വദിച്ച, ആഘോഷിച്ച ഒരു ചിത്രത്തിന്‍റെ സീക്വല്‍ എന്ന നിലയില്‍ വലിയ പ്രീ റിലീസ് ശ്രദ്ധയും ഓപണിംഗ് കളക്ഷനും താനേ വരും. ആദ്യ ദിനങ്ങളില്‍ വരുന്ന അഭിപ്രായങ്ങളെ ആശ്രയിച്ചിരിക്കും അവയുടെ ജയപരാജയങ്ങളെങ്കിലും പോസിറ്റീവ് അഭിപ്രായമാണ് വരുന്നതെങ്കില്‍ പിന്നീട് തിരിഞ്ഞുനോക്കേണ്ടിവരില്ല. ഇന്ത്യന്‍ സിനിമയില്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ സീക്വലുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും പുതുകാലത്ത് ഇതൊരു ട്രെന്‍ഡ് ആവാന്‍ കാരണമായത് ബാഹുബലി ആണെന്ന് കാണാം. അതുവരെ വിജയിച്ച സിനിമകളുടെ സീക്വലുകള്‍, മിക്കപ്പോഴും വര്‍ഷങ്ങള്‍ക്കിപ്പുറം രചയിതാവും സംവിധായകനും ചേര്‍ന്ന് ആലോചിക്കുകയായിരുന്നു പലപ്പോഴും. എന്നാല്‍ ഒരു കഥയും അതിന്‍റെ എക്സിക്യൂഷനും പ്ലാന്‍ ചെയ്യുമ്പോള്‍ തന്നെ ഒന്നിലധികം ഭാഗങ്ങളിലായി പ്ലാന്‍ ചെയ്യുന്നതിന് തുടക്കമിട്ടത് ഒരുപക്ഷേ എസ് എസ് രാജമൌലി ആവും. ബാഹുബലി ഫ്രാഞ്ചൈസി നേടിയ അഭൂതപൂര്‍വ്വമായ സ്വീകാര്യത ഭാഷാ സിനിമകളുടെ പാന്‍ ഇന്ത്യന്‍ സ്വപ്നങ്ങള്‍ക്ക് നിറം കൊടുത്തതിനൊപ്പം ഫ്രാഞ്ചൈസി ആയി കഥ പറയാനുള്ള പ്രചോദനവും സംവിധായകര്‍ക്ക് കൊടുത്തു.

തെലുങ്കില്‍ നിന്ന് പുഷ്‍പ, കല്‍ക്കി 2898 എഡി, സലാര്‍, കന്നഡത്തില്‍ നിന്ന് കെജിഎഫ്, കാന്താര, തമിഴില്‍ നിന്ന് എല്‍സിയു, മലയാളത്തില്‍ നിന്ന് ലൂസിഫര്‍, ലോക: എന്നിങ്ങനെ നീളുന്നു തെന്നിന്ത്യന്‍ സിനിമകളില്‍ നിന്നുള്ള സമീപ വര്‍ഷങ്ങളിലെ ശ്രദ്ധേയ ഫ്രാഞ്ചൈസികള്‍. സ്റ്റുഡിയോ കേന്ദ്രീകൃതമായ ബോളിവുഡില്‍ പക്ഷേ ബാഹുബലിക്കും മുന്‍പേ സാധാരണമായിരുന്ന കാര്യമാണ് ഇത്. പക്ഷേ വലിയ കാന്‍വാസിലെ ഒരു പാന്‍ ഇന്ത്യന്‍ മാതൃക അവര്‍ക്കും പരിചയപ്പെടുത്തിയത് ബാഹുബലി ആണെന്ന് മാത്രം. എന്നാല്‍ ബോളിവുഡിന് ഇപ്പോഴും തെന്നിന്ത്യന്‍ മാര്‍ക്കറ്റിനെ ഇളക്കി മറിക്കുന്ന അത്തരത്തില്‍ ഒരു ഫ്രാഞ്ചൈസി സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല. അത്രയും വലിയൊരു മാര്‍ക്കറ്റ് ഉത്തരേന്ത്യയില്‍ ഉള്ളപ്പോള്‍ തെന്നിന്ത്യന്‍ അഭിരുചികള്‍ സിനിമകളില്‍ വിളക്കി ചേര്‍ക്കേണ്ട ആവശ്യം ബോളിവുഡിന് സത്യത്തില്‍ ഇല്ല. ചിലപ്പോള്‍ ആത്മഹത്യാപരമായേക്കാവുന്ന കാര്യവുമാണ് അത്.

ബോളിവുഡില്‍ നിന്നുള്ള ഏറ്റവും പുതിയ വിജയ ഫ്രാഞ്ചൈസി ധുരന്ധര്‍ ആണ്. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ നാലാമത്തെ വിജയമായ ധുരന്ധറിന്‍റെ സീക്വല്‍ മൂന്ന് മാസങ്ങള്‍ക്കിപ്പുറം തിയറ്ററുകളില്‍ എത്തിക്കുക എന്ന അപൂര്‍വ്വ നേട്ടവും അണിയറക്കാര്‍ കൈവരിച്ചു. ഇക്കഴിഞ്ഞ വാരാന്ത്യം തിയറ്ററുകളില്‍ എത്തിയ ചിത്രം ബോക്സ് ഓഫീസില്‍ വന്‍ നേട്ടം കൊയ്തുകൊണ്ടിരിക്കുകയാണ്. ബിഗ് സ്കെയില്‍ പാന്‍ ഇന്ത്യന്‍ ഫ്രാഞ്ചൈസികളില്‍ സാധാരകണമായ ഉയര്ന്ന റണ്ണിംഗ് ടൈം മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയ ഫ്രാഞ്ചൈസി കൂടിയാണ് ധുരന്ധര്‍. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 5 ന് പുറത്തെത്തിയ ധുരന്ധറിന്‍റെ ദൈര്‍ഘ്യം 3 മണിക്കൂര്‍ 34 മിനിറ്റ് ആയിരുന്നെങ്കില്‍ വ്യാഴാഴ്ച പുറത്തെത്തിയ ധുരന്ധര്‍ 2 ന്‍റെ ദൈര്‍ഘ്യം 3 മണിക്കൂര്‍ 49 മിനിറ്റ് ആണ്. മൂന്ന് മണിക്കൂര്‍ സിനിമ പോലും മുന്‍പ് ഫിലിം റീലിന്‍റെ കാലത്ത് സ്വന്തമായി വെട്ടിച്ചുരുക്കിയിരുന്ന തിയറ്ററുകാരെക്കൊണ്ട് എതിര്‍പ്പൊന്നുമില്ലാതെ ഇത്രയും ദൈര്‍ഘ്യമുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു എന്നത് ആദിത്യ ധര്‍ എന്ന സംവിധായകന്‍റെ വിജയമാണ്. അത്രയും അറ്റന്‍ഷന്‍ സ്പാന്‍ കുറഞ്ഞ കാണികളെ അത് കാണാന്‍ കൂട്ടത്തോടെ തിയറ്ററുകളില്‍ എത്തിച്ചതും.

മലയാളത്തിലെ ഒരു അപൂര്‍വ്വ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗവും ഈ സമയം തിയറ്ററുകളില്‍ ഉണ്ട്. മിഥുന്‍ മാനുവല്‍ തോമസിന്‍റെ ആട് 3 ആണ് അത്. തിയറ്ററുകളില്‍ പരാജയപ്പെട്ട ആദ്യ ഭാഗം ടെലിവിഷനിലൂടെയും വിസിഡികളിലൂടെയും ജനപ്രീതി നേടി പിന്നീട് രണ്ട് ഭാഗങ്ങള്‍ കൂടി ഇറങ്ങിയ അപൂര്‍വ്വതയാണ് ആടിന്‍റേത്. മൂന്നാം ഭാവും ആട് ഫാന്‍സിനെ തൃപ്തിപ്പെടുത്തുന്നതില്‍ വിജയിച്ചു എന്ന് മാത്രമല്ല, ബോക്സ് ഓഫീസില്‍ മികച്ച വിജയം നേടുന്നുമുണ്ട്. മലയാളത്തില്‍ നിന്ന് ഇനി വരാനുള്ള പ്രധാന തുടര്‍ച്ച ഇന്ത്യ മുഴുവന്‍ കാത്തിരിക്കുന്ന ഒന്നാണ്. ജീത്തു ജോസഫ്- മോഹന്‍ലാല്‍ ടീമിന്‍റെ ദൃശ്യം 3 ആണ് അത്. ഡയറക്റ്റ് ഒടിടി റിലീസ് ആയിരുന്നതിനാല്‍ രണ്ടാം ഭാഗത്തില്‍ അറിയാതെപോയ, ദൃശ്യത്തിന്‍റെ പുതിയ കാലത്തെ ബോക്സ് ഓഫീസ് പൊട്ടന്‍ഷ്യല്‍ എത്രയെന്ന് തെളിയിക്കാന്‍ പോകുന്ന ചിത്രമാണ് അത്. പോസിറ്റീവ് അഭിപ്രായം വന്നാല്‍ നിര്‍മ്മാതാവിന് തിരിഞ്ഞ് നോക്കേണ്ടിവരാത്ത ചിത്രം.

എന്നാല്‍ ജനപ്രിയ ചിത്രങ്ങളുടെ തുടര്‍ച്ചകള്‍ ജനപ്രീതി നേടാതെ പോയതിനും സമീപ വര്‍ഷങ്ങളില്‍ ഉദാഹരണങ്ങളുണ്ട്. തമിഴില്‍ നിന്ന് ഇന്ത്യന്‍ 2, മലയാളത്തില്‍ നിന്ന് സിബിഐ 5 എന്നിവയാണ് പ്രധാന ഉദാഹരണങ്ങള്‍. വലിയ കാലയളവിന് ശേഷമെത്തുന്ന തുടര്‍ച്ചകള്‍ പുതുകാലത്തെ പ്രേക്ഷകാഭിരുചികള്‍ക്കനുസരിച്ച് ഒരുക്കാന്‍ സാധിക്കാതിരുന്നതാണ് രണ്ട് ചിത്രങ്ങളുടെയും വീഴ്ചയ്ക്ക് കാരണം. രണ്ടാം ഭാഗം വന്‍ പരാജയമായചതിനെ തുടര്‍ന്ന് ഷങ്കറിന് അതിന്‍റെ മൂന്നാം ഭാഗം പൂര്‍ത്തിയാക്കാനാവാത്ത സാഹചര്യവുമുണ്ട്. ഒരു ജനപ്രിയ ചിത്രത്തിന്‍റെ സീക്വല്‍ ആയതുകൊണ്ട് പ്രേക്ഷകര്‍ തിയറ്ററുകളിലേക്ക് ഉറപ്പായും എത്തുന്നത് ആദ്യ ദിനങ്ങളില്‍ മാത്രമായിരിക്കുമെന്ന് സാരം. പിന്നീടുള്ള വരവുകള്‍ കണ്ടവരുടെ അഭിപ്രായങ്ങള്‍ അനുസരിച്ച് മാത്രമായിരിക്കും. ഒരു കാര്യം ഉറപ്പാണ്. ഇന്ത്യന്‍ സിനിമയില്‍ ഇനി വരാനിരിക്കുന്നത് ഫ്രാഞ്ചൈസികളുടെ കാലമാണ്.

