
ഡിസംബർ അഞ്ചിന് മമ്മൂട്ടി-വിനായകൻ കോമ്പോയിൽ പുറത്തിറങ്ങുന്ന കളങ്കാവൽ റിലീസ് ചെയ്യുന്നതിന് മുമ്പായി സോഷ്യൽമീഡിയയിൽ സജീവമായി സയനൈഡ് മോഹൻ. കർണാടകയിലും കേരളത്തിലുമായി 20 സ്ത്രീകളെ സയനൈഡ് നൽകി കൊലപ്പെടുത്തിയ മോഹൻകുമാർ എന്ന സയനൈഡ് മോഹനനെ അടിസ്ഥാനമാക്കിയാണ് സിനിമയെന്നതാണ് പോസ്റ്ററുകൾ നൽകുന്ന സൂചന. അതോടെ സയനൈഡ് മോഹൻ എന്ന കൊടും ക്രൂരന്റെ കഥകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു.
ആരാണ് സയനൈഡ് മോഹൻ, ലക്ഷണമൊത്ത സൈക്കോപാത്ത്….
ഇന്ത്യ കണ്ട നിഷ്ഠൂരമായ സീരിയൽ കില്ലറിൽ പ്രധാനിയാണ് ഇയാൾ. സൈക്കോപാത്ത് എന്ന വിശേഷണത്തിന് സമ്പൂർണ യോഗ്യൻ. നാട്ടിലും വീട്ടിലും സൽസ്വഭാവിയും മാന്യവുമായ പെരുമാറ്റവും. അധ്യാപകനായതിനാൽ ഏവർക്കും പ്രിയപ്പെട്ടവൻ. എന്നാൽ, പ്രത്യേക ദിവസങ്ങളിൽ അയാൾ ഇരകളെ തേടിയിറങ്ങും. വിവാഹാലോചന നടത്തുന്നവർ, വിവാഹം മുടങ്ങിയവർ, വിവാഹപ്രായം കഴിഞ്ഞവർ എന്നിവരെ കെണിയിൽ വീഴ്ത്തും. ലോഡ്ജില്‍ മുറിയെടുത്ത് ഇവരുമായി ശാരീരികമായി ബന്ധപ്പെട്ട ശേഷം ഗർഭനിരോധന ഗുളിക എന്ന വ്യാജേന സയനൈഡ് നൽകി കൊലപ്പെടുത്തി, സ്വർണവും പണവും അപഹരിച്ച് മുങ്ങും. അങ്ങനെ 20 സ്ത്രീകളെ കൊലപ്പെടുത്തിയ കേസിലാണ് സയനൈഡ് മോഹൻ വിചാരണ നേരിട്ടത്.
2003 മുതൽ 2009 വരെയുള്ള കാലഘട്ടത്തിലാണ് ഇയാൾ ഇത്രയും സ്ത്രീകളെ ഇരയാക്കിയത്. 22-35 വയസ്സിനിടയിലുള്ള സ്ത്രീകളായിരുന്നു കൊല്ലപ്പെട്ട മിക്കവരും. സ്ത്രീധനം ഇല്ലാതെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു സ്ത്രീകളെ വശത്താക്കിയിരുന്നത്.
2009-ൽ, 22 വയസ്സുള്ള അനിതയെ കാണാതായ സംഭവം പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് സംഭവങ്ങളുടെ ചുരുൾ അഴിയുന്നത്. അനിതയുടെ ഫോൺ കോളുകൾ പരിശോധിച്ചപ്പോൾ, അനിതയ്ക്ക് കാണാതായ മറ്റൊരു പെൺകുട്ടിയുമായി ബന്ധമുണ്ടെന്ന് മനസ്സിലായി. തുടർന്നു നടത്തിയ അന്വേഷണത്തിൽ ഈ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്ന വ്യക്തിയെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞതോടെ വലിയൊരു തുടർകൊലപാതകങ്ങളുടെ തുമ്പ് ലഭിക്കുകയായിരുന്നു. അന്വേഷണം അവസാനം മോഹൻകുമാറിൽ ചെന്നെത്തി. മൊത്തം 32 സ്ത്രീകളെ കൊലപ്പെടുത്തിയെന്നായിരുന്നു മോഹനന്റെ മൊഴി. എന്നാൽ 20 എണ്ണത്തിലാണ് പൊലീസിന് തെളിവ് ലഭിച്ചത്. ബെംഗളൂരു, മൈസൂരു തുടങ്ങിയ നഗരങ്ങളിലെ ശുചിമുറികളിലായിരുന്നു സ്ത്രീകളുടെ ബോഡി കണ്ടെത്തിയത്. പലതും ആത്മഹത്യയാണെന്ന് പൊലീസ് എഴുതി തള്ളിയിരുന്നു.
ഒരുതരി സ്വര്‍ണം പോലുമില്ലാതെ, വിവാഹസാരിയണിഞ്ഞ മൃതദേഹങ്ങള്‍….
തെക്കൻ കർണാടകയിലെ അഞ്ച് ജില്ലകളിലെ ആറ് പട്ടണങ്ങളിലായാണ് 20 സ്ത്രീകളെ മരിച്ച നിലയിൽ കണ്ടെത്തിയത്. 20 മൃതദേഹങ്ങളും ബസ് സ്റ്റാൻഡുകളിലെ വിശ്രമമുറികളിലായിരുന്നു. അകത്ത് നിന്ന് പൂട്ടിയിരുന്ന നിലയിലായികുന്നു. 20 ഇരകളും വിവാഹ സാരി പോലെ തോന്നിക്കുന്ന വസ്ത്രം ധരിച്ചിരുന്നുവെന്നതാണ് പ്രത്യേകത. എന്നാൽ അവയിലൊന്നും ഒരുതരി പോലും സ്വർണാഭരണം ഉണ്ടായിരുന്നില്ല. 20 മൃതദേഹങ്ങളിൽ എട്ടെണ്ണം മൈസൂർ നഗരത്തിലെ ലഷ്കർ മൊഹല്ല ബസ് സ്റ്റാൻഡിൽ നിന്ന് മാത്രം കണ്ടെടുത്തു. ബാംഗ്ലൂരിലെ തിരക്കേറിയ കെമ്പെഗൗഡ ബസ് സ്റ്റേഷനിൽ നിന്ന് അഞ്ചെണ്ണവും കണ്ടെടുത്തു.
20 കേസുകളിലും പൊതുവായ ത്രെഡ് ഉണ്ടായിരുന്നെങ്കിലും പൊലീസ് കാര്യമായെടുത്തില്ല. എല്ലാ കേസുകളും അസ്വാഭാവിക മരണങ്ങൾ, സംശയിക്കപ്പെടുന്ന ആത്മഹത്യകൾ' എന്നീ ഗണത്തിൽപ്പെടുത്തി പൊലീസ് ക്ലോസ് ചെയ്തു. 10 പൊലീസ് സ്റ്റേഷനുകളിലായാണ് കേസുകൾ ഫയൽ ചെയ്തിരുന്നത്. ഇരകളെ തിരിച്ചറിയാനും അവരുടെ കുടുംബങ്ങളെ കണ്ടെത്താനും പൊലീസ് ഒരു ശ്രമവും നടത്തിയില്ല. 20 കേസുകളിലും വിഷബാധ കണ്ടെത്തിയെങ്കിലും, രണ്ട് ഇരകളുടെ രക്തസാമ്പിളുകൾ മാത്രമേ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുള്ളൂ. എളുപ്പത്തിൽ ലഭ്യമല്ലാത്തതും ആത്മഹത്യകളിൽ സാധാരണയായി ഉപയോഗിക്കാത്തതുമായ സയനൈഡാണ് വിഷബാധയ്ക്ക് കാരണമെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടും പൊലീസ് ഗൗരവമായെടുത്തില്ല.
നിര്‍ണായകമായ അനിത തിരോധാനം, ചിലന്തിവലപോലെ കണക്ടഡായ ഇരകള്‍…
2009 ജൂൺ 16 ന് കാണാതായ ബണ്ട്വാളിൽ നിന്നുള്ള 22 കാരിയായ അനിത ബാരിമറിനെ കാണാതായതോടെ കഥമാറി. സംഭവത്തിന് പിന്നിൽ വർഗീയ ആരോപണം പൊട്ടിപ്പുറപ്പെട്ടപ്പോൾ പൊലീസുകാർ ഉണർന്നു. അനിതയെ കണ്ടെത്തിയില്ലെങ്കിൽ പോലീസ് സ്റ്റേഷൻ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി അവരുടെ സമുദായം രംഗത്തെത്തി.
അനിതയുടെ ലാൻഡ്‌ലൈനിൽ നിന്നുള്ള കോൾ റെക്കോർഡുകൾ പ്രകാരം, രാത്രി വൈകിയും അവൾ ഒരാളോട് ദീർഘനേരം സംസാരിക്കാറുണ്ടായിരുന്നു. ഈ നമ്പർ മടിക്കേരിയിലെ കാവേരി മങ്കുവിന്റെതായിരുന്നു. അന്വേഷിച്ചപ്പോൾ പൊലീസ് ശരിക്കും ഞെട്ടി. കാവേരിയെയും കാണാനുണ്ടായിരുന്നില്ല. കാവേരിയുടെ സിഡിആർ രേഖകൾ പരിശോധിച്ചപ്പോൾ, അവരുടെ കുടുംബത്തിൽ ആർക്കും തിരിച്ചറിയാൻ കഴിയാത്ത ഒരു നമ്പറിൽ നിന്ന് സംശയാസ്പദമായി കോളുകൾ വന്നതായി കണ്ടെത്തി. ഈ നമ്പറാണ് അന്വേഷണ സംഘത്തെ കാസർഗോഡിലെ പുഷ്പ വാസുകോടയിലേക്ക് നയിച്ചത്. ഒരു വർഷം മുമ്പ് അവരെയും കാണാതായതായി റിപ്പോർട്ട് ചെയ്തിരുന്നു. പുഷ്പയുടെ കോൾ റെക്കോർഡുകൾ കാണാതായ മറ്റൊരു സ്ത്രീയിലേക്കെത്തിച്ചു. പുത്തൂരിൽ നിന്നുള്ള വിനുത പിജിന. വിനുതയുടെ ഫോൺ റെക്കോർഡുകൾ കാണാതായ മറ്റൊരു സ്ത്രീയിലേക്കും ഈ സ്ത്രീയുടെ ഫോൺ മറ്റൊരാളിലേക്കും നയിച്ചു, എല്ലാ നമ്പറുകളും ചിലന്തി വലപോലെ കണക്ടഡ് ആയിരുന്നു. ഈ നമ്പറുകളുടെയെല്ലാം ഡാറ്റ വിശകലനം ചെയ്യാൻ പൊലീസ് ഒരു സംഘത്തെ നിയോഗിച്ചു.
ഈ പരിശോധനയിൽ പൊലീസ് ട്രാക്ക് ചെയ്തിരുന്ന എല്ലാ ഫോണുകളും മംഗളൂരുവിലെ ഡെറാലക്കട്ടെ എന്ന ഗ്രാമത്തിൽ എപ്പോഴോ സജീവമായിരുന്നു. പോലീസ് ഡെറാലക്കട്ടെയിൽ ചെറിയ ഹോട്ടലുകളിലും ലോഡ്ജുകളും കേന്ദ്രീകരിച്ച് അന്വേഷണം മുന്നോട്ട് കൊണ്ടുപോയി. വേശ്യാവൃത്തിയടക്കമുള്ള സംശയങ്ങൾക്ക് ശേഷം, ധനുഷ് എന്ന ചെറുപ്പക്കാരനിലേക്ക് അന്വേഷണം എത്തി. പൊലീസ് തിരഞ്ഞിരുന്ന നമ്പറിന്റെ ഉടമ താനല്ലെന്നും തനിക്ക് ഈ ഫോൺ നൽകിയത് തന്റെ അമ്മാവനായ മോഹൻകുമാറാണെന്നും ധനുഷ് വെളിപ്പെടുത്തി. ഈ സമയത്ത് മോഹൻ കുമാർ മറ്റൊരു സ്ത്രീയായ സുമിത്ര ശേഖര പൂജാരിയുമായി ഫോണിൽ വിളിക്കുകയായിരുന്നു. പൊലീസ് അദ്ദേഹത്തെ ഒരു മീറ്റിംഗിനെന്ന വ്യാജേന ക്ഷണിച്ച് അറസ്റ്റ് ചെയ്തു.
32 സ്ത്രീകളെ കൊലപ്പെടുത്തിയതായി മോഹൻ പറഞ്ഞു. വിവാഹ വാഗ്ദാനം നൽകി അവരെ വശീകരിക്കുകയും, അവരോടൊപ്പം ഒരു രാത്രി ചെലവഴിക്കും. പിറ്റേദിവസം വളരെ സ്വാഭാവികമായി ബസ് സ്റ്റാൻഡിൽ കൊണ്ടുപോയി ഗർഭനിരോധന ഗുളിക കഴിക്കാൻ ആവശ്യപ്പെടുകയും ചെയ്യും. പുറത്ത് പോകുമ്പോൾ കള്ളന്മാർ മോഷ്ടിക്കാൻ സാധ്യതയുള്ളതിനാൽ ആഭരണം ധരിക്കരുതെന്ന് പ്രത്യേക നിർദേശം നൽകിയിരുന്നതിനാല്‍ ആരും ആഭരണം ധരിച്ചിരുന്നില്ല. ഗുളികയിൽ സയനൈഡ് കലർത്തിയിരുന്നു. സ്ത്രീകൾക്ക് ക്ഷീണം വരാൻ സാധ്യതയുള്ളതിനാൽ വാഷ്‌റൂമിൽ ഗുളിക കഴിക്കാനാണ് മോഹൻ ആവശ്യപ്പെടുക. വാഷ് റൂമില്‍ കയറിയാല്‍ പിന്നീട് ഇവര്‍ പുറത്തിറങ്ങില്ല, പിന്നീട് മോഹൻ ഹോട്ടൽ മുറിയിലേക്ക് മടങ്ങുകയും അവരുടെ ആഭരണങ്ങളും മറ്റ് വസ്തുക്കളുമെടുത്ത് മുങ്ങുകയും ചെയ്യും.
വിചാരണ, വിധി
ഓരോ കേസും വെവ്വേറെയാണ് കോടതി പരിഗണിക്കുന്നത്. 20 പേരുടെ വിചാരണയ്ക്ക് വിധേയമാക്കാൻ ആവശ്യമായ തെളിവുകളും സാക്ഷികളും ശേഖരിക്കാൻ അന്വേഷണ സംഘങ്ങൾക്ക് കഴിഞ്ഞിട്ടില്ല. താൻ ഒരാളെ പോലും കൊന്നിട്ടില്ലെന്നും 20 സ്ത്രീകളും താൻ വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനാൽ സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്തുവെന്നും മോഹൻ കോടതിയിൽ പറയുന്നു. മോഹനന് ഇതുവരെ അഞ്ച് കേസുകളില്‍ വധശിക്ഷയും 14 കേസുകളില്‍ ജീവപര്യന്തവും വിവിധ കോടതികള്‍ വിധിച്ചിട്ടുണ്ട്. ഇപ്പോൾ 61കാരനായ മോഹൻ കേസുകൾ സ്വന്തമായാണ് വാദിക്കുക. മുടി കറുത്ത ചായം പൂശി വൃത്തിയായി ചീകി വച്ചിൽ, പോക്കറ്റിൽ ഒരു പേനയും കുത്തി വൃത്തിയായാണ് മോഹൻ ജയിലിൽ ജീവിക്കുന്നത്.