
എപ്പോഴാണ് സൂര്യ അഭിനയിച്ച ഒരു സിനിമ അവസാനമായി തിയേറ്ററുകളിൽ ആഘോഷിച്ച്, ആസ്വദിച്ച് കണ്ടത് എന്ന് ഓർക്കുന്നുണ്ടോ? എല്ലാ കാലത്തും തമിഴ് സിനിമകളോടുള്ള സ്നേഹത്തിനൊപ്പം സൂര്യ ശിവകുമാർ എന്ന തമിഴ് താരത്തോടും സ്നേഹം പ്രകടിപ്പിച്ചവരാണ് മലയാളികൾ. പക്ഷേ ഒരു പക്കാ സൂര്യ ചിത്രം തിയേറ്ററിൽ കണ്ടത് എപ്പോഴാണ്?
ഒടുവിൽ ഇറങ്ങിയ റെട്രോയും തൊട്ടു മുൻപെത്തിയ കങ്കുവയും പൂർണ്ണ പരാജയങ്ങളും ട്രോൾ മെറ്റീരിയലുകളും. സർഫിയ എന്ന ഹിന്ദി ചിത്രത്തിലും റോക്കട്രിയിലും അതിഥി വേഷങ്ങൾ. എതർക്കും തുനിന്തവനും താനാ സേർന്ത കൂട്ടവും ആവറേജ് വിജയങ്ങൾ. എൻജികെയും കാപ്പാനും പരാജയ ചിത്രങ്ങളായപ്പോൾ സുരറൈ പോട്രും ജയ് ഭീമും ഒടിടി റിലീസുകളായത് തിയേറ്ററിനും സൂര്യയ്ക്കും നഷ്ടങ്ങളായി. ഇതിനിടയിൽ തിയേറ്ററിൽ കൊണ്ടാടിയ ഒരേയൊരു സൂര്യ കഥാപാത്രം 2022ൽ വിക്രമിലെ റോളെക്സ് എന്ന കാമിയോ വേഷം മാത്രം. ഒരു മുഴുനീള കഥാപാത്രമായി പ്രേക്ഷകർ തങ്ങളുടെ നടിപ്പിൻ നായകനെ ആഘോഷിച്ചത് 2017ലാണ്- സിംഗം 3യിൽ. മറ്റ് താരങ്ങളുടെ സിനിമകൾ തിയേറ്ററിൽ വർക്കാകാതെ പോയാലും തുടർച്ചയായി വിജയങ്ങൾ കൊയ്തിരുന്ന സൂര്യയുടെ പീക്ക് കാലം 90സ് കിഡ്സിനെ സംബന്ധിച്ച് സുവർണ്ണകാലമാണ്.
1997ൽ നേര്ക്കു നേർ എന്ന ചിത്രത്തിൽ വിജയ്ക്കൊപ്പം സഹനടനായാണ് സൂര്യ തൻ്റെ കരിയർ തുടങ്ങുന്നത്. കാതലേ നിമ്മതി, സന്ധിപ്പോമാ, പൂവെല്ലാം കേട്ടുപ്പാർ തുടങ്ങിയ ചിത്രങ്ങൾ പിന്നാലെയെത്തിയെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. ഡാൻസ് ചെയ്യാനോ ഫൈറ്റ് ചെയ്യാനോ അറിയില്ല. ഫ്രെയിമിൽ എങ്ങനെ നടക്കണം എന്നോ ഒരു ക്ലോസപ്പ് ഷോട്ടിൽ എങ്ങനെ ചിരിക്കണം എന്നോപോലും അറിയാത്ത ഇവനെ ആരാണ് നായകനാക്കുന്നത് എന്നായിരുന്നു പരിഹാസം.
2001ൽ ഇറങ്ങിയ മലയാള ചിത്രം ഫ്രണ്ട്സിൻ്റെ അതേ പേരിലെത്തിയ തമിഴ് റീമേക്കിൽ മുകേഷ് കഥാപാത്രമായിരുന്നു സൂര്യയ്ക്ക്. സൂര്യയുടെ ചന്ദ്രു ശ്രദ്ധിക്കപ്പെട്ടു. തമിഴ് സിനിമയിൽ സൂര്യ തന്റെ സാന്നിധ്യം ഉറപ്പിച്ചത് ബാല സംവിധാനം ചെയ്ത് അതേ വർഷം പുറത്തിറങ്ങിയ 'നന്ദ'യിലൂടെ ആയിരുന്നു. നന്ദയിലെ പ്രകടനത്തിലൂടെ സൂര്യ വിമർശകരുടെ വായടച്ചു, നിരൂപകരുടെ ശ്രദ്ധ പിടിച്ചുപറ്റി. കുറ്റബോധത്തിനും അതിജീവനത്തിനും ഇടയിൽ കുടുങ്ങി നീറുന്ന നന്ദ എന്ന കഥാപാത്രം അദ്ദേഹത്തിൻ്റെ കരിയറിലെ തന്നെ മികച്ച സിനിമകളിൽ ഒന്നായി.
അതൊരു തുടക്കമായിരുന്നു. 2001 മുതൽ 2010വരെയുള്ള കാലഘട്ടത്തിൽ മറ്റേത് താരത്തിൻ്റെ സിനിമകൾ പ്രേക്ഷകർ സ്വീകരിക്കാതെ പോയാലും സൂര്യ ചിത്രങ്ങളെല്ലാം ഹിറ്റോ ബ്ലോക്ബസ്റ്ററുകളോ ആയി. 2002ൽ ഇറങ്ങിയ മൗനം പെസിയതേ, ഉന്നൈ നിനൈത്ത് എന്നീ ചിത്രങ്ങളും സൂപ്പർഹിറ്റ്. മൗനം പേസിയതേ ആണ് സൂര്യയ്ക്ക് ഫാൻ ബേസ് ഉണ്ടാക്കിക്കൊടുത്തെങ്കിൽ അത് ഊട്ടിയുറപ്പിച്ചത് പിന്നീട്ട് കൾട്ട് സ്റ്റാറ്റസിൽ വിലയിരുത്തപ്പെട്ട കാഖ കാഖയാണ്. 2003ൽ ഗൗതം വാസുദേവ് മേനോൻറെ സംവിധാനത്തിൽ വന്ന ‘കാഖ കാഖ‘ സൂര്യയെ തെന്നിന്ത്യയ്‌ക്ക് മുഴുവൻ പ്രിയങ്കരനാക്കി. അജിത്, വിജയ്, വിക്രം എന്നിവരെ സമീപിച്ച് അവരുടെ ഡേറ്റ് ലഭിക്കാതെ പോയപ്പോൾ ജ്യോതികയാണ് ജിവിഎമ്മിനോട് സൂര്യയെ ആ കഥാപാത്രത്തിലേയ്ക്ക് നിർദ്ദേശിക്കുന്നത്. പോലീസ് വേഷത്തിൽ സൂര്യ അത്ഭുതപ്പെടുത്തിയ ഈ ചിത്രം അദ്ദേഹത്തിൻറെ അതുവരെയുള്ള ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റർ വിജയമായി.
പിന്നീട് വിക്രമിനൊപ്പം 'പിതാമഗനി'ൽ. വിക്രം,സൂര്യ എന്നീ താരങ്ങളിലെ നടന്മാരെ ഉപയോഗിച്ച ബാല ചിത്രം. വിജയ്യുടെ തിരുമലൈ അജിത്തിൻ്റെ ആഞ്ജനേയ എന്നീ ചിത്രങ്ങൾക്കൊപ്പം ക്ലാഷ് റിലീസ് ആയായിരുന്നു തമിഴിൻ്റെ കൊമേഷ്യൽ ഫോർമുലകളെയൊന്നും പിൻപറ്റാതെ വന്ന പിതാമഗൻ്റെ റിലീസ്. കാഖാ കാഖായുടെ വിജയത്തിനപ്പുറം സ്റ്റാർ ലീഗിലേയ്ക്ക് തന്നെതന്നെ ഉയർത്തി നിൽക്കുമ്പോൾ നടനെന്ന നിലയിൽ എടുത്ത തെരഞ്ഞെടുപ്പ്. ബോക്സ് ഓഫീസ് വിജയത്തിനപ്പുറം പിതാമഗൻ എന്ന സിനിമ ചർച്ച ചെയ്യുന്നത് അതിൻ്റെ ക്വാളിറ്റിയും അഭിനേതാക്കളുടെ പ്രകടനങ്ങളുടെയും പേരിലാണ്.
മലയാള സിനിമ കുഞ്ഞിക്കൂനൻ്റെ തമിഴ് റീമേക്ക് പേരഴകൻ നടനെന്ന നിലയിലും താരമെന്ന നിലയിലും സൂര്യയ്ക്ക് മുതൽക്കൂട്ടായി. പിന്നീട് മണീരത്നത്തിൻ്റെ സംവിധാനത്തിൽ ആയുധ എഴുത്ത്. മൈക്കിൾ എന്ന കഥാപാത്രത്തെയും സിനിമയുടെ ക്ലൈമാക്സും ഓരോ സൂര്യ ആരാധകനും പ്രിയപ്പെട്ടതാണ്. 2005ലാണ് ഗജനിയുടെ വരവ്. എ ആർ മുരുഗദോസിൻ്റെ സംവിധാനത്തിൽ സൂര്യ, അസിൽ, നയൻതാര, റിയാസ് ഖാൻ, പ്രദീപ് റാവത്ത് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ഈ ഒരൊറ്റ ചിത്രമാണ് തെന്നിന്ത്യ വിട്ട് രാജ്യം മുഴുവൻ സൂര്യയെ കൊണ്ടെത്തിച്ചത്. കാഖാ കാഖയ്ക്ക് ശേഷം അടുത്ത കരിയർ ബെഞ്ച് മാർക്ക്.
ആറ്, സില്ലിൻ ഒരു കാതൽ, വേൽ, വാരണം ആയിരം അങ്ങനെ തുടർന്നുള്ള വർഷങ്ങളിലും ബാക്ക് ടു ബാക്ക് ഹിറ്റുകൾ. വാരണം ആയിരത്തിൻ്റെ റിപ്പീറ്റ് വാല്യൂ തെലുങ്ക്, തമിഴ് ഭാഷകളിലെ റീറിലീസുകളിൽ പ്രേക്ഷകർ തെളിയിച്ചതുമാണ്. വാരണം ആയിരം തന്ന ഫീൽ 2008ൽ യുവാക്കളായിരുന്നവർക്ക് മറ്റൊരു സിനിമയും നൽകിക്കാണാൻ ഇടയില്ല. ഒരു പാഠപുസ്തകം പോലെയാണവർ സൂര്യ ഡബിൾ റോളിലെത്തിയ ചിത്രത്തെ സ്വീകരിച്ചത്. ഒരു സിനിമ കണ്ട് അതിലെ കഥാപാതൃങ്ങൾ വ്യക്തി ജീവിതത്തിൽ സ്വാധീനിച്ചിട്ടുണ്ടെങ്കിൽ അത് വാരണം ആയിരമായിരിക്കും. മനോഹരമായി പ്രണയിക്കാൻ പഠിപ്പിച്ചത് മാത്രമല്ല, ആൺകുട്ടികൾക്ക് ജിമ്മിൽ പോകാൻ മോട്ടിവേഷൻ കൊടുത്തതും കുടുംബവുമായി സമയം ചെലവിടാൻ പറഞ്ഞുകൊടുത്തതും ആർമിയിൽ ചേരാൻ പ്രേരിപ്പിച്ചതും തുടങ്ങി വാരണം ആയിരവുമായി ചേർത്ത് ഒരു മോട്ടിവേഷൻ സ്റ്റോറിയെങ്കിലും കാണും ഓരോരുത്തർക്കും. പിന്നാലെ അയൻ എത്തിയതോടെ കൊമേഷ്യൽ ഹിറ്റുകളുടെ കാര്യത്തിൽ അതായി സൂര്യയ്ക്ക് നമ്പർ വൺ. 2009ൽ ആദവൻ ഫാമിലി ഓഡിയൻസിനിടയിൽ സൂര്യയ്ക്കുള്ള പിന്തുണ ഒന്നുകൂടി വർധിപ്പിച്ചു. കൃത്യമായ ലക്ഷ്യത്തോടെയുള്ളതായിരുന്നു സൂര്യയുടെ തെരഞ്ഞെടുപ്പുകൾ. കഴിവുതെളിയിച്ച സംവിധായകർക്കു ഒന്നിലധികം തവണ ഡേറ്റു നൽകി സൂര്യ കരിയറിലുടനീളം വ്യത്യസ്‌ത സിനിമകൾ ചെയ്തു.
2010ൽ സൂര്യയുടെ ഇരുപത്തി അഞ്ചാമത് ചിത്രമായണ് സിങ്കം എത്തുന്നത്. ദുരൈ സിങ്കം എന്ന കഥാപാത്രം സൂര്യയുടെ കരിയറിനെ പിന്നെയും ഷിഫ്റ്റ് ചെയ്യുകയായിരുന്നു. പ്രേക്ഷക പ്രീതിയും വാണിജ്യവിജയവും നേടി കരിയറിൽ മറ്റൊരു ബെഞ്ച് മാർക്ക്. തുടർച്ചയായി മൂന്നു ഭാഗങ്ങളിലെത്തിയ വിജയങ്ങളുടെ തുടക്കമായിരുന്നു അത്. എ ആർ മുരുഗദോസിനൊപ്പം വീണ്ടും ഒന്നിച്ച് ഏഴാം അറിവ് എത്തുന്നത് 2011ലാണ്. വ്യത്യസ്തമായ കഥാപശ്ചാത്തലത്തിൽ സയൻസ് കൂടി ചേർത്ത് ഒരുക്കിയ ഏഴാം അറിവ് പക്ഷേ അതേ കാരണങ്ങൾ കൊണ്ടു തന്നെ വലിയ വിഭാഗം തമിഴ് പ്രേക്ഷകർക്ക് കണക്ട് ആയില്ല. അയനു ശേഷം കെ വി ആനന്ദിനൊപ്പം ഒന്നിച്ച് 2012ൽ എത്തിയ മാട്രാൻ സയൻസ് കൂടുതൽ സംസാരിച്ചതോടെ പ്രേക്ഷകർക്ക് ഒട്ടും കണക്ട് ആകാതെ പോയി. ഈ ക്ഷീണം മാറ്റി വീണ്ടും വിജയ ഫോർമുലയിലേയ്ക്ക് മടങ്ങിയൊരുക്കിയതാണ് സിങ്കം 2. ട്രാക്ക് മാറ്റി ചെയ്ത അഞ്ചാൻ, മാസ് എങ്കിരാ മാസിലാമണി, പസങ്ക 2, 24 എന്നീ ചിത്രങ്ങൾ പരാജയങ്ങളായി. സിങ്കം 3 ചെയ്തെങ്കിലും ആദ്യ രണ്ടു ഭാഗങ്ങളുടെ അത്ര വിജയമാകാൻ മൂന്നാം ഭാഗത്തിനായില്ല.
വിജയ് സേതുപതി, ശിവകാർത്തികേയൻ ഉൾപ്പെടെയുള്ള താരങ്ങളുടെ വളർച്ചയും ഇതേസമയത്തായിരുന്നു. പുതിയ സംവിധായകരെ പരീക്ഷിക്കാൻ തീരുമാനിച്ച സൂര്യ വിഗ്നേശ് ശിവനൊപ്പം ചേർന്ന് ഒരുക്കിയ താനാ സേർന്ത കൂട്ടവും വിജയം കണ്ടില്ല. 2013നു ശേഷം സിനിമകൾ ചെയ്യാതിരുന്ന സൂപ്പർഹിറ്റ് സംവിധായകൻ സെൽവരാഘവനു കൈകൊടുത്ത് ഒരുക്കിയ എൻജികെയും പ്രതീക്ഷകൾക്ക് വിപരീതമായി ഫലിച്ചു. സൂര്യയുടെ 2ഡി എൻ്റർടെയിന്മെൻസ് നിർമ്മാണ പങ്കാളികൂടിയായ സുരറൈ പോട്ര് കൊവിഡ് സമയത്ത് ഒടിടിയിലെത്തി വലിയ സ്വീകാര്യത നേടി. സുധ കൊങ്കാര സംവിധാനം ചെയ്‌ത ചിത്രത്തിലൂടെ തകർപ്പൻ തിരിച്ചുവരവ് നടത്തി, സൂര്യ ദേശീയ പുരസ്‌കാരവും കൈക്കുള്ളിലാക്കി. എന്നാൽ ജയ് ഭീം ഒടിടിയിൽ റിലീസ് ചെയ്തത് തങ്ങൾക്കു പറ്റിയ തെറ്റാണെന്ന് സൂര്യ തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. പക്ഷേ വിക്രമിലെ റോളെക്സ് ആണ് വർഷങ്ങൾക്കിപ്പുറം സൂര്യ എന്ന സ്റ്റാറിനെക്കുറിച്ച് പ്രേക്ഷകരെക്കൊണ്ട് പറയിച്ചത്.
പൊരുതി നേടിയതാണ് സൂര്യ തൻ്റെ താര പദവി. തമിഴ് സിനിമയിലെ പ്രശസ്‌തനായ നടനും നിർമാതാവുമൊക്കെയായ ശിവകുമാറിൻറെ മകനായിരുന്നിട്ടും അച്ഛൻറെ പേര് പറഞ്ഞ് സൂര്യ എവിടെയും പ്രീതി നേടാൻ ശ്രമിച്ചിട്ടില്ല. ഓരോ തവണയും സ്വയം പുതുക്കി, പരീക്ഷണങ്ങൾക്ക് മുതിർന്ന്, കുറവുകൾ പരിഹരിച്ച്, കഠിന പ്രയത്നത്തിലൂടെയാണ് അയാൾ ഇതുവരെ എല്ലാം നേടിയത്. ഓൺസ്ക്രീനിൽ മാത്രമല്ല ഓഫ്സ്ക്രീനിലും താരമാണ് സൂര്യ. ഒരു അഭിനേതാവ് എന്ന നിലയിൽ തനിക്ക് വ്യക്തിത്വവും അർഥവും നൽകിയ സമൂഹത്തിന് വേണ്ടി അഗരം ഫൗണ്ടേഷൻ എന്ന കൂട്ടായ്മയിലൂടെ തുടർച്ചയായി സഹായങ്ങൾ നൽകുന്ന സൂര്യയെയും ഈ കാലത്തെല്ലാം പ്രേക്ഷകർ കണ്ടിട്ടുണ്ട്.
വിജയിക്കുമെന്ന് ഉറപ്പുള്ളത് മാത്രം തെരഞ്ഞെടുത്താൽ തുടർച്ചയായ വിജയങ്ങൾ കിട്ടിയെന്നു വരാം. പക്ഷേ ഒരു നടൻ എന്ന നിലയിൽ തന്നിലെ അഭിന സിദ്ധിയെ വെളിപ്പെടുത്താനായെന്നു വരില്ല. ഒരു താരം മാത്രമായി ഒരു വൃത്തത്തിനുള്ളിൽ ഒതുങ്ങിയാൽ തന്നിലെ അഭിനേതാവ് മുരടിച്ചു പോകും.അഭിനയിക്കുന്ന സിനിമകളുടെ ജയപരാജങ്ങൾ എന്തുമാകട്ടെ, നാളെ സൂര്യ ഒരു നല്ല നടനാണെന്നുകൂടി എല്ലാവരും പറയണം. കച്ചവട വിജയങ്ങളിൽ മാത്രം കണ്ണുനടാത്ത കരിയറിനെക്കുറിച്ച് സൂര്യതന്നെ പറഞ്ഞതാണ്. അതുകൊണ്ടു തന്നെയാണ് ഓരോ സൂര്യ പടവും തിയേറ്ററിലെത്തുമ്പോൾ കഴിഞ്ഞ പരാജയ ചിത്രത്തെ ഓർക്കാതെ പ്രേക്ഷകർ തിയേറ്ററിലേയ്ക്ക് പോകുന്നത്. ആർ ജെ ബാലാജിക്കൊപ്പം കറുപ്പും വെങ്കി അറ്റ്ലൂരിക്കൊപ്പം സൂര്യ 46ഉം ആണ് അണിയറയിലുള്ള സൂര്യ ചിത്രങ്ങൾ. അയാളിലെ അഭിനേതാവിനെ ഒരു തരിപോലും സംശയിക്കാതെ ഒരു ഗംഭീര കംബാക്കിനായി കാത്തിരിക്കുകയാണ് സൂര്യ ആരാധകരും.