തീർത്തും മലബാർ ഭാഗത്തെ, പ്രത്യേകിച്ച് കണ്ണൂർ ശൈലിയിലുള്ള സംസാരമാണ് മലബാറി കഫെയെ ഇത്രമാത്രം ജനപ്രിയമാക്കിയത്. വിജിലുമായി ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ അഭിമുഖം വായിക്കാം.
'മലബാറി കഫെ'യിലൂടെ ചിരിയും ചിന്തയും പകരുന്ന 'തളത്തിൽ ദിനേശനെ'യും 'സുലോചന'യെയും പലര്‍ക്കും പരിചയമുണ്ടാകും. ദുബൈയിലെ പ്രവാസി ദമ്പതികളായ കണ്ണൂർ അഴീക്കോട് സ്വദേശി വിജിൽ ശിവനും ഭാര്യ അംബികയുമാണ് 'മലബാറി കഫെ'യിലെ താരങ്ങള്‍. എമിറേറ്റ്സില്‍ വര്‍ക്ക് ചെയ്യുന്ന വിജിലിനും കംമ്പ്യൂട്ടര്‍ എൻജിനീയറിങ്ങ് കഴിഞ്ഞ അംബികയ്ക്കും യൂട്യൂബ്, ഫേസ്ബുക്ക് എന്നിവയിലൂടെ നിരവധി ആരാധകരാണുള്ളത്. യൂട്യൂബ് ചാനലിന് ഇതിനോടകം 3 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുണ്ട്. തീർത്തും മലബാർ ഭാഗത്തെ, പ്രത്യേകിച്ച് കണ്ണൂർ ശൈലിയിലുള്ള സംസാരമാണ് മലബാറി കഫെയെ ഇത്രമാത്രം ജനപ്രിയമാക്കിയത്. വിജിലുമായി ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ അഭിമുഖം വായിക്കാം.
പ്രതികാര പ്രണയം!
ഞാനും അംബികയും പ്ലസ് ടുവില്‍ ഒരുമിച്ച് പഠിച്ചവരാണ്. അന്ന് സുഹൃത്തുക്കള്‍ മാത്രമായിരുന്നു. ആ സമയത്താണ് അംബിക എന്നോട് പറയുന്നത് പ്ലസ് ടു കഴിഞ്ഞിട്ട് എയ്റോനോട്ടിക്കല്‍ എഞ്ചിനീയറിംഗ് പഠിക്കാന്‍, നല്ല ജോലി സാധ്യതയുണ്ട് എന്നൊക്കെ. അങ്ങനെ ബാംഗ്ലൂരുവില്‍ പോയി എയ്റോനോട്ടിക്കല്‍ എഞ്ചിനീയറിങ്ങിന് ചേര്‍ന്നു. എന്നിട്ട് ഒരു ദിവസം അംബികയെ വിളിച്ച് പറഞ്ഞു ഞാന്‍ ഇവിടെ ബാംഗ്ലൂരുവില്‍ ഒരു കോളേജില്‍ ചേര്‍ന്നു, നീ എവിടെയാ എയ്റോനോട്ടിക്കല്‍ എഞ്ചിനീയറിങ്ങിന് ചേര്‍ന്നത് എന്ന് ചോദിച്ചു. അപ്പോള്‍ അവള്‍ പറഞ്ഞത് 'അയ്യേ ഞാന്‍ എയ്റോനോട്ടിക്കല്‍ എഞ്ചിനീയറിങ്ങിന് ഒന്നുമല്ല, കംമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങിനാണ് ചേര്‍ന്നത്' എന്ന്. ഞാന്‍ അത് കേട്ടതും ഞെട്ടി, എന്നോട് ഇത് കിടിലന്‍ കോഴ്സ് ആണെന്ന് പറഞ്ഞ ആളല്ലേ. ഇത് ആണെങ്കില്‍ പഠിക്കാനും നല്ല ബുദ്ധിമുട്ടാണ്. പഠനം കഴിഞ്ഞിട്ടും ഒരിടത്തും ജോലിയും കിട്ടുന്നില്ല. അങ്ങനെ എനിക്കിട്ട് പണി തന്ന ആള്‍ക്ക് തന്നെ പണി കൊടുക്കാമെന്ന് കരുതി, അവളെ തന്നെ പ്രേമിച്ചു.
യൂട്യൂബിലേയ്ക്ക് എത്തിയത്
ആദ്യമായി വീഡിയോകള്‍ പങ്കുവച്ചത് ഫേസ്ബുക്കിലായിരുന്നു. തുടക്കത്തില്‍ ഞാനും സുഹൃത്തും കൂടി ചെയ്തിരുന്ന സീരയസ് ഷോര്‍ട്ട് ഫിലിമൊക്കെ വന്‍ ഫ്ലോപ്പായിരുന്നു. അന്ന് അത് പല സെലിബ്രിറ്റികള്‍ക്കും അയച്ചുകൊടുത്തിരുന്നു. ഒരു സംവിധായകന്‍ വലിയ കുഴപ്പില്ലാത്ത അഭിപ്രായം പറഞ്ഞു. അഭിനയിക്കാനുള്ള കഴിവൊക്കെയുണ്ട്, ഒന്ന് കൂടിയൊന്ന് നന്നാകണമെന്ന് പറഞ്ഞപ്പോള്‍ ഒരു ആത്മവിശ്വാസം തോന്നി. പിന്നീട് ഞാനും അംബികയും കൂടി കോമഡി കണ്ടന്‍റുകള്‍ ചെയ്യാന്‍ തുടങ്ങിയതിന് ശേഷമാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. കോമഡി ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെങ്കിലും ഞങ്ങള്‍ ശ്രമിച്ചു. ആദ്യ വീഡിയോ ഞങ്ങള്‍ക്ക് നല്ലതായി തോന്നിയില്ല, പക്ഷേ വീഡിയോ ഫേസ് ബുക്കില്‍ നാലോ അഞ്ചോ ലക്ഷം ആളുകള്‍ കണ്ടു. ഞങ്ങളുടെ കണ്ണൂര്‍ ശൈലിയെ കുറിച്ചൊക്കെ നല്ല കമന്‍റുകളും ലഭിച്ചു. കണ്ടന്‍റിനെ കുറിച്ചും നല്ല അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു. അവിടെ നിന്നാണ് ശരിക്കും ഇത് സീരിയസായി ഞങ്ങള്‍ എടുക്കാന്‍ തുടങ്ങിയത്. അങ്ങനെ 2017ന്‍റെ അവസാനമാണ് യൂട്യൂബ് ചാനല്‍ തുടങ്ങുന്നത്.
'മലബാറി കഫെ'
ചാനലിന് 'മലബാറി കഫെ' എന്നാണ് പേര് നല്‍കിയത്. ദുബൈയിലൊക്കെ മലയാളികളെ 'മലബാറീസ്' എന്ന് വിളിക്കാറുണ്ടായിരുന്നു. അങ്ങനെ ആലോചിച്ചപ്പോള്‍ പെട്ടെന്ന് കിട്ടിയ പേരാണ് 'മലബാറി കഫെ'. ശ്രീനിവാസൻ 'വടക്കുനോക്കിയന്ത്ര'ത്തില്‍ അവതരപ്പിച്ച തളത്തിൽ ദിനേശന്‍ എന്ന കഥാപാത്രത്തിന്‍റെ പേരാണ് എന്‍റെ പേരായി മിക്ക വീഡിയോകളിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. അംബിക സുലോചനയായും. ഞങ്ങളുടെ യഥാര്‍ത്ഥ പേരുകള്‍ മന:പൂര്‍വ്വം ഒഴിവാക്കിയതാണ്. ആളുകള്‍ ഇപ്പോള്‍ ഞങ്ങളെ കണ്ടാല്‍ ദിനേശന്‍ എന്നും സുലു എന്നുമാണ് വിളിക്കുന്നത്.
കണ്ടന്‍റ് മേക്കിങ് !
സമകാലിക വിഷയങ്ങളെ നർമ്മത്തില്‍ ചാര്‍ത്തി അവതരിപ്പിക്കാനാണ് ഞങ്ങള്‍ ശ്രമിക്കാറുളളത്. ചുറ്റും നടക്കുന്ന കാര്യങ്ങള്‍ തന്നെയാണ് 'കണ്ടന്‍റ്' ആയി തിരഞ്ഞെടുക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ നിന്നാണ് നമ്മുക്ക് പല ഐഡിയകളും കിട്ടുന്നത്. ചിലപ്പോള്‍ ചില ആളുകള്‍ നമ്മളോട് വന്ന് പറയും, ഞങ്ങളുടെ ജീവിതത്തില്‍ ഇങ്ങനെയൊരു സംഭവമുണ്ടായി, ഇത് നിങ്ങള്‍ക്ക് കണ്ടന്‍റ് ആക്കാമോ എന്നൊക്കെ. അങ്ങനെ പല വഴികളിലൂടെ വിഷയങ്ങള്‍ കിട്ടാറുണ്ട്. അത് പിന്നെ ഞങ്ങളുടേതായ രീതിയില്‍ ചെയ്യും. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍റിങ്ങായി നില്‍ക്കുന്ന വിഷയങ്ങള്‍, സമകാലിക വിഷയങ്ങള്‍ അവയെ തമാശ രൂപേണ ചെയ്യുന്നത് പലപ്പോഴും വര്‍ക്ക് ആകാറുണ്ട്.
സ്ക്രിപ്റ്റ്, ക്യാമറ, എഡിറ്റിങ്..എല്ലാം ഞങ്ങള്‍ തന്നെ!
സ്ക്രിപ്റ്റ് ഞാന്‍ തന്നെയാണ് എഴുതുന്നത്. അംബികയുമായി ചര്‍ച്ച ചെയ്താണ് തയ്യാറാക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന പല കാര്യങ്ങളും ആദ്യം ശ്രദ്ധയില്‍പ്പെടുത്തുന്നത് അംബികയായിരിക്കും. പിന്നെ അത് അങ്ങനെ ഞങ്ങളുടെ രീതിയില്‍ നര്‍മ്മം ഉള്‍പ്പെടുത്തി ചെയ്യും. ക്യാമറ, എഡിറ്റിങ്, ടൈറ്റില്‍ ഇടുന്നത് എല്ലാം ഞങ്ങള്‍ തന്നെയാണ്. ഇതിനായി ഒരു ടീമോ, മൂന്നാമതൊരാളോ ഇല്ല.
അംബികയാണ് ഇപ്പോള്‍ മുന്നില്‍
അംബികയ്ക്ക് തുടക്കത്തില്‍ ഇതിനോട് വലിയ താല്‍പര്യം ഒന്നും ഉണ്ടായിരുന്നില്ല. ഞാന്‍ അവളെ ഇതിലേയ്ക്ക് കുരുക്കിയിട്ടകതാണ്. ഇപ്പോള്‍ പക്ഷേ അംബികയാണ് മുന്നില്‍ നില്‍ക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. ഷൂട്ട് ചെയ്യുന്ന സമയത്ത് അങ്ങോട്ടും ഇങ്ങോട്ടും അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ പറയാറുണ്ട്. ചില ഡയലോഗൊക്കെ അംബിക ഇടപ്പെട്ട് മാറ്റം വരുത്താറുണ്ട്.
കണ്ണൂര്‍ ശൈലി ഫാന്‍സ്!
കണ്ണൂര്‍ ഭാഷയിലാണ് കൂടുതല്‍ വീഡിയോകള്‍ ചെയ്യുന്നത്. അത് തന്നെയാണ് ആളുകളെ പെട്ടെന്ന് ആകര്‍ഷിച്ചത് എന്നാണ് എനിക്ക് തോന്നുന്നത്. ആദ്യത്തെ വീഡിയോകളിലൂടെ ആളുകള്‍ അത് കമന്‍റുകളില്‍ പറയാറുമുണ്ടായിരുന്നു.
'അമ്മയും മകനും പോലെയുണ്ടല്ലോ'
കമന്‍റുകളൊക്കെ നല്ലതും മോശവും വരാറുണ്ട്. തെറി കമന്‍റുകളും കിട്ടാറുണ്ട്. ഞാന്‍ അതൊന്നും കാര്യമാക്കാറില്ല. കമന്‍റുകളൊക്കെ കൂടുതലും വായിക്കുന്നത് അംബിക ആയിരിക്കും. മോശം കമന്‍റുകള്‍ വരുമ്പോള്‍ അത് അവള്‍ എന്‍റെ ശ്രദ്ധയില്‍പ്പെടുത്താറുമുണ്ട്. കമന്‍റുകള്‍ക്ക് പൊതുവേ മറുപടി കൊടുക്കാന്‍ ശ്രമിക്കുന്നത് അംബികയാണ്. തെറി കമന്‍റുകള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ഞാന്‍ തന്നെ കൊടുക്കാറുണ്ട്, ഞാന്‍ തന്നെയായിരിക്കും മറുപടി കൊടുക്കുന്നത്. 'അമ്മയും മോനും പോലെയുണ്ട്', 'അമ്മയും മോനും വന്നല്ലോ' എന്നൊക്കെ ഒരു പെണ്ണിനെ തളര്‍ത്താന്‍ വേണ്ടി കമന്‍റ് ചെയ്യുന്നവരുമുണ്ട്. അതൊന്നും ഞങ്ങളെ ബാധിക്കാറില്ല. തിരിച്ച് അതേ നാണയത്തില്‍ തന്നെ മറുപടിയും കൊടുക്കാറുണ്ട്.
യൂട്യൂബ് വരുമാനം
യൂട്യൂബ് വരുമാനം എന്ന് പറയുമ്പോള്‍, പ്രൊമോഷന്‍ പോലെയുള്ള കാര്യങ്ങളൊന്നും ചെയ്യാറില്ല. അല്ലാതെ യൂട്യൂബില്‍ നിന്ന് കിട്ടുന്ന പണം മാത്രമേയുള്ളൂ. കൂടുതല്‍ പണി എടുത്താല്‍ കൂടുതല്‍ പണം കിട്ടും എന്നതാണ് ഇതിന്‍റെ ഒരു രീതി. യൂട്യൂബ് ഒരിക്കലും പൂട്ടി പോകല്ലേ എന്നാണ് ആഗ്രഹം. ആളുകള്‍ നമ്മളെ തിരിച്ചറിയാന്‍ തുടങ്ങി എന്നതാണ് യൂട്യൂബര്‍മാര്‍ ആയതിന്‍റെ ഒരു പ്രധാന നേട്ടം. കാണുമ്പോള്‍ വന്ന് സംസാരിക്കുന്നു, നല്ല അഭിപ്രായങ്ങള്‍ പറയുന്നു, അതൊക്കെ സന്തോഷം തരുന്ന കാര്യങ്ങളാണ്.
ബിഗ് ബോസില്‍ നിന്നും ക്ഷണം ലഭിച്ചിട്ടുണ്ടോ?
ബിഗ് ബോസില്‍ നിന്നും ക്ഷണം ലഭിച്ചിട്ടില്ല. ലഭിച്ചാലും പോകാനുള്ള സാധ്യത വളരെ കുറവാണ്.
സ്വപ്നം സിനിമ!
സ്വപ്നം ഉറപ്പായും സിനിമ തന്നെയാണ്. ദുബൈയിലായത് കൊണ്ട് മാത്രം പെട്ടെന്ന് വന്ന ചില ഓഫറുകള്‍ സ്വീകരിക്കാന്‍ കഴിഞ്ഞില്ല. നല്ല ഓഫറുകള്‍ ലഭിച്ചാല്‍ ഉറപ്പായും സിനിമകള്‍ ചെയ്യും. സിനിമയ്ക്ക് വേണ്ടി നല്ലൊരു കഥ എഴുതണമെന്നും ആഗ്രഹമുണ്ട്.
