2015 ലെ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഫിലിം അവാര്‍ഡും ഏയ്ഞ്ചലിന് ലഭിച്ചിട്ടുണ്ട്. ഏയ്ഞ്ചലുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ അഭിമുഖം വായിക്കാം.

സിനിമ ലോകം പല വിധത്തിലുള്ള മാറ്റങ്ങളിലൂടെ കടന്നുപോകുകയും പുതിയ പുതിയ പരീക്ഷണങ്ങള്‍ക്ക് വിധേയമാകുകയും ചെയ്യുമ്പോഴും മാറാത്ത ശബ്ദമായി കഴിഞ്ഞ 26 വര്‍ഷമായി ഏയ്ഞ്ചല്‍ ഷിജോയ് ഡബ്ബിംഗ് ഫീല്‍ഡിലുണ്ട്. തന്‍റെ എട്ടാം വയസിലാണ് ഏയ്ഞ്ചല്‍ ഡബ്ബിംഗ് തുടങ്ങിയത്. പരസ്യങ്ങള്‍, റേഡിയോ ജിങ്കിൾസ്, ടെലി ഫിലിം, സിനിമ തുടങ്ങി 12,000ത്തിലധികം വര്‍ക്കുകള്‍ ചെയ്തിട്ടുണ്ട്. ഇരുന്നൂറോളം സിനിമകള്‍ക്കും ഏയ്ഞ്ചല്‍ ശബ്ദം നൽകിയിട്ടുമുണ്ട്. എറണാകുളം സ്വദേശിയും മൂന്ന് കുട്ടികളുടെ അമ്മയുമായ ഏയ്ഞ്ചലിന് വീട്ടില്‍ തന്നെ ഒരു പ്രൊഫഷണല്‍ ഇന്‍ഹൗസ് സ്റ്റുഡിയോയുമുണ്ട്. 2015 ലെ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഫിലിം അവാര്‍ഡും ഏയ്ഞ്ചലിന് ലഭിച്ചിട്ടുണ്ട്. ഏയ്ഞ്ചലുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ അഭിമുഖം വായിക്കാം.

തുടക്കം എട്ടാം വയസില്‍

ഡബ്ബിംഗ് എന്ന വാക്ക് പോലും കേട്ടിട്ടില്ലാത്ത പ്രായമാണ് ഇങ്ങനെയൊരു അവസരം ലഭിക്കുന്നത്. ഒരൊറ്റ ഡയലോഗ് മാത്രമേ പറയാനുള്ളൂ. ആ കുട്ടി പറയുന്നതിനൊപ്പം ഇത് മാച്ച് ചെയ്യണം എന്നുള്ളത് മനസ്സിലായി. അങ്ങനെ ആദ്യ വര്‍ക്ക് വളരെ പെട്ടെന്ന് ചെയ്യാന്‍ കഴിഞ്ഞു. അങ്ങനെ കുട്ടികളുടെ പരസ്യങ്ങള്‍, ടെലി ഫിലിം, പിന്നീട് സിനിമകള്‍ അങ്ങനെ ഒരു ചെറിയ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി വളരുകയായിരുന്നു.

പ്രധാനപ്പെട്ട വർക്കുകള്‍

26 വര്‍ഷമായി ഫീല്‍ഡിലുണ്ട്. 14-ാം വയസ് മുതല്‍ മുടങ്ങാതെ വർക്ക് ചെയ്യുന്നുണ്ട്. പഠിനത്തിന്റെ ഒപ്പം തന്നെ വർക്കും കൊണ്ടു പോകുന്നുണ്ടായിരുന്നു. പരസ്യം ഉള്‍പ്പടെ ഇപ്പോള്‍ 12000ത്തിലധികം വര്‍ക്കുകള്‍ ചെയ്തിട്ടുണ്ടാവും. ഇരുന്നൂറോളം സിനിമകള്‍ക്കും ശബ്ദം നൽകിയിട്ടുണ്ട്. മലയാളത്തിന് പുറമേ അന്യ ഭാഷകളിലും വര്‍ക്ക് ചെയ്യുന്നുണ്ട്. 

ജലദോഷം ഒരു അനുഗ്രഹമായി!

ആദ്യമൊക്കെ ജലദോഷം വന്നാല്‍ വർക്കിന് പോകാതിരിക്കായിരുന്നു. കാരണം വോയിസ് ജോബ് എന്ന് പറയുമ്പോൾ സൗണ്ട് ഏറ്റവും പെർഫെക്റ്റ് ആയിട്ടിരിക്കുമ്പോൾ മാത്രമേ ചെയ്യാൻ പറ്റുള്ളൂ. അപ്പോൾ തുടക്കത്തിലൊക്കെ ജലദോഷം ആണെന്ന് പറഞ്ഞ് വർക്കുകൾ വരുന്നത് ഒഴിവാക്കി വിടുമായിരുന്നു. പക്ഷേ ഒരു പരസ്യത്തിന് വേണ്ടി ജലദോഷവും വച്ച് ഡബ്ബ് ചെയ്തു നോക്കി. മൈക്കിൽ ഔട്ട് വന്നപ്പോള്‍ ആ ഒരു ടോൺ വ്യത്യാസം രസമുണ്ടായിരുന്നു. ശരിക്കും ആ വർക്ക് നന്നായിട്ട് വർക്കൗട്ടായി. അത് കഴിഞ്ഞ് കുറച്ച് വര്‍ക്കുകള്‍ അതേ രീതിയിൽ തന്നെ വേണമെന്ന് പറഞ്ഞ് വരാൻ തുടങ്ങി. അപ്പോള്‍ ഐസ്ക്രീം കഴിച്ചും മറ്റും ജലദോഷം വരുത്തി പോയി വര്‍ക്ക് ചെയ്തിട്ടുണ്ട്. പിന്നെ അതൊരു കോൺഫിഡൻസ് ആയി. ജലദോഷമാണ്, സൗണ്ട് മാറിയിരുന്നാലും കുഴപ്പമില്ല, വർക്ക് ചെയ്യാം എന്നുള്ളൊരു രീതിയിലേയ്ക്കെത്തി. ആ സമയത്ത് ഒരു മൂവിയില് ട്രാക്ക് എടുക്കാന്‍ പോയി. ഒരു ഫസ്റ്റ് ഹാഫ് ഞാൻ ജലദോഷം വെച്ച് തന്നെ ചെയ്തു. നമ്മുടെ വോയിസ് അല്ല ഫൈനലില്‍ യൂസ് ചെയ്യാൻ പോകുന്നത് എന്നുള്ളതുകൊണ്ടാണ് ജലദോഷമായിട്ടും വര്‍ക്കിന് പോയത്. പക്ഷേ അത് കഴിഞ്ഞിട്ടാണ് അവര്‍ തീരുമാനിക്കുന്നത് എന്‍റെ ശബ്ദം വെച്ച് തന്നെ അവര് ഫൈനലിൽ പോവുകയാണ് എന്നത്. പക്ഷേ സെക്കൻഡ് ഹാഫ് എടുക്കുന്ന സമയം ആയപ്പോഴേക്കും ജലദോഷം പോയി. പിന്നെയും ജലദോഷം വരാൻ വേണ്ടി കുറച്ച് തണുപ്പൊക്കെ കഴിച്ച് ജലദോഷമാക്കിയിട്ടാണ് ചെയ്യുന്നത്.

സീരിയലും പരസ്യവും പോലെയല്ല സിനിമ

സിനിമകളില്‍ പണ്ട് കുറച്ചും കൂടി നമ്മൾ കൃത്യതയോടെ, ക്ലാരിറ്റിയോടെ ഓരോ അക്ഷരങ്ങളും എടുത്തു പറയണം എന്നുള്ള രീതിയായിരുന്നു. പക്ഷേ ഇപ്പോഴത്തെ മൂവീസ് നോക്കുമ്പോൾ അങ്ങനെയല്ല. ഒരു കാഷ്വൽ കോൺവെർസേഷനിൽ എങ്ങനെ പറയുന്നു അതനുസരിച്ച് പറഞ്ഞാൽ മതി. അവിടെ ക്ലാരിറ്റി ഇച്ചിരി നഷ്ടപ്പെടുന്നതാണ് ടെക്നീഷ്യൻസ് ഡിമാൻഡ് ചെയ്യുന്നത്. ഇത്ര ക്ലാരിറ്റി വേണ്ട എന്നേ അവർ പറയുകയുള്ളൂ. കാരണം കുറച്ചുകൂടി സിനിമകള്‍ റിയലിസ്റ്റിക് ആയതുകൊണ്ട് ഡയലോഗുകള്‍ പറയുന്നതിലും ആ മാറ്റം ഉണ്ട്. വോയിസ് ക്വാളിറ്റി അത്ര ഡിമാൻഡിങ് അല്ല. നായികയുടെ ഏറ്റവും നല്ല മനോഹരമായ, മധുരമായ ശബ്ദം വേണമെന്നുള്ളതിന് പകരം ആ ക്യാരക്ടറിന് മാച്ച് ചെയ്യുന്ന ഒരു വോയിസ് വേണമെന്നാണ് ഇപ്പോള്‍ ഡിമാൻഡ് ചെയ്യുന്നത്. പരസ്യത്തില്‍ കുറച്ചു കൂടി ക്ലാരിറ്റി ആവശ്യമാണ്. പല ടോൺ ട്രൈ ചെയ്യുന്നതുകൊണ്ടും, സമയം കൺസ്യൂമിംഗ് അല്ലാത്തത് കൊണ്ടും പരസ്യങ്ങല്‍ ചെയ്യാനാണ് കൂടുതല്‍ ഇഷ്ടം. 

ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട സിനിമകൾ

'മമ്മി ആൻഡ് മി'യിലും സാള്‍ട്ട് ആന്‍ഡ് പെപ്പറിലും അര്‍ച്ചന കവിക്ക് വേണ്ടി, കളേഴ്സില്‍ റോമയ്ക്ക് വേണ്ടി, കേരള കഫേയില്‍ നിത്യ മേനന് വേണ്ടി, എബിസിഡിയില്‍ അപര്‍ണ ഗോപിനാഥന് വേണ്ടി, ജെയിംസ് ആന്‍ഡ് ആലീസ് എന്ന ചിത്രത്തിന് വേണ്ടി വേദികയ്ക്ക്, അങ്ങനെ കുറച്ചധികം കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അപര്‍ണയ്ക്കും ഹണി റോസിനും സ്ഥിരമായി കുറച്ചധികം സിനിമകള്‍ ചെയ്തിട്ടുണ്ട്. ഒരു സിനിമയില്‍ തന്നെ ഒന്നിലധികം പേര്‍ക്കും ഡബ്ബ് ചെയ്തിട്ടുണ്ട്. ടു കൺട്രീസിൽ ഇഷാ തൽവാറിനും പിന്നെ ഒരു നെഗറ്റീവ് റോൾ ചെയ്തയാള്‍ക്കും വേണ്ടി ചെയ്തിട്ടുണ്ട്.

ഭക്ഷണം കഴിച്ചുകൊണ്ട് ഡബ്ബിംഗ്!

നല്ല കിതച്ചുകൊണ്ട് പറയുന്ന ഡയലോഗ് ആണെങ്കിൽ ഒരു കിതപ്പ് വരാൻ വേണ്ടി ചിലപ്പോള്‍ മൈക്കിന്‍റെ മുമ്പിൽ തന്നെ രണ്ട്- മൂന്ന് തവണ നിന്ന് ചാടിയിട്ടൊക്കെ ആയിരിക്കും പറയുന്നത്. ഇതുപോലെ ഫുഡ് കഴിക്കുന്ന ഡയലോഗ് ആണെങ്കില്‍ ഫുഡ് വായിൽ ഉള്ളതുപോലെ നമ്മൾ ആക്ട് ചെയ്തിട്ട് ചെയ്യേണ്ടിവരും. ഭക്ഷണം കിട്ടിയില്ലെങ്കില്‍ ചിലപ്പോള്‍ കൈയില്‍ കിട്ടിയ പേപ്പര്‍ വരെ വായിലിട്ട് ഡയലോഗ് പറയും.

പ്രമുഖരുടെ പ്രശംസകള്‍

കേരളത്തില്‍ എനിക്ക് തോന്നുന്നു നമ്മൾ ചെയ്യുന്ന വർക്കുകൾക്ക് അപ്രിസിയേഷൻ കൊടുക്കുക എന്നുള്ളത് വളരെ ലിമിറ്റഡ് ആണ്. ഇപ്പോള്‍ ഓര്‍മ്മയുള്ളത് എം ജയചന്ദ്രന്‍ സാര്‍ ഒരു വര്‍ക്ക് കണ്ടിട്ട് വിളിച്ച് നല്ലതു പറഞ്ഞു. മറ്റ് ഭാഷകളില്‍ കുറച്ചധികം പ്രശംസകള്‍ ലഭിച്ചിട്ടുണ്ട്.

2015 ലെ സ്റ്റേറ്റ് അവാര്‍ഡ്!

2015 ലെ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഫിലിം അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. അത് ഏറെ അഭിമാനം തോന്നിയ നിമിഷമായിരുന്നു. കൂടാതെ രണ്ട് തവണ സംസ്ഥാന സര്‍ക്കാരിന്റെ ടെലിവിഷന്‍ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

വേണ്ട രീതിയിൽ പരിഗണിക്കപ്പെടുന്നുണ്ടോ?

പണ്ട് ഭാഗ്യലക്ഷ്മി ആന്‍റിയൊക്കെ പറഞ്ഞിട്ടുണ്ട് ഒരുപാട് ഫൈറ്റ് ചെയ്തിട്ടാണ് ഡബ്ബിങ് ആർട്ടിസ്റ്റ് എന്നുള്ളത് സിനിമയിൽ ഫൈനൽ കാർഡ്സിൽ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്. എന്നാലും ഇന്നിപ്പോള്‍ ഒരുപാട് മാറ്റം വന്നിട്ടുണ്ട്. എന്നാല്‍ ബോളിവുഡിലോ ഹോളിവുഡിലോ ഉള്ള പെയ്മെന്റ് നമുക്കൊരിക്കലും കേരളത്തിൽ കിട്ടില്ല. പക്ഷേ ഇപ്പോള്‍ നമുക്ക് അസോസിയേഷൻസ് ഒക്കെ ഭയങ്കര സ്ട്രോങ്ങ് ആയിട്ടുള്ളതുകൊണ്ട് വലിയ കൊഴുപ്പമില്ല.

എഐയുടെ കാലമല്ലേ!

എഐ ജനറേറ്റഡ് വോയ്സിന്‍റെ ഇക്കാലത്തും ഡിമാന്‍ഡ് കുറഞ്ഞതായി തോന്നുന്നില്ല. ചിലപ്പോള്‍ എ ഐ പോലെ പറയണം എന്ന് പറഞ്ഞിട്ടുള്ള വർക്കുകൾ ചെയ്തിട്ടുണ്ട്. 'മൈ ജി'യുടെ ഒക്കെ പരസ്യം ചെയ്യുമ്പോൾ അതിന് എ ഐ റോബോട്ട് സംസാരിക്കുന്ന പോലെ വേണമെന്ന് പറഞ്ഞിട്ട് അങ്ങനെ ചെയ്തിട്ടുണ്ട്. എ ഐയെ കൊണ്ട് ചെയ്യിപ്പിച്ച വർക്കുകൾ ഫൈനല്‍ ഔട്ട് വരുമ്പോൾ മാറ്റിയിട്ട് ഞങ്ങള്‍ വോയിസ് ആർട്ടിസ്റ്റിനെ കൊണ്ട് തന്നെ ചെയ്തിട്ടുള്ള വര്‍ക്കുകളുമുണ്ട്. ഭാവിയില്‍ എഐ വോയ്സിന്‍റെയൊക്കെ പെർഫെക്ഷൻ കൂടിക്കൂടി വന്നു കഴിഞ്ഞാൽ ചിലപ്പോള്‍ അത് ഞങ്ങളെ ബാധിക്കാം. തല്‍ക്കാലം അങ്ങനെ ഉണ്ടാകില്ല എന്നാണ് വിശ്വാസം.