
അത്ഭുതങ്ങളുടെ, തിരിച്ചുവരവുകളുടെ സംഘമാണത്, കണക്ക് പുസ്തകങ്ങളിലെ അസാധ്യമായ കടമ്പകളെപ്പോലും അതിജീവിച്ചവരാണ്. അവരുടെ തോല്‍വി ഉറപ്പിക്കാൻ അവസാന പന്തുവരെ നിങ്ങള്‍ക്ക് കാത്തിരിക്കേണ്ടി വന്നേക്കാം. അതിന് മുൻപ് നിങ്ങളുടെ മനസില്‍ വിജയത്തിന്റെ ചിരി പിറന്നെങ്കില്‍ അത് തല്ലിക്കെടുത്താൻ അവര്‍ കാത്തിരിക്കുന്നുണ്ടാകും. ക്രിക്കറ്റ് ദൈവത്തെ ഒന്ന് നോവിച്ചതിന് മൂന്ന് തവണ മഹേന്ദ്ര സിങ് ധോണിയെന്ന അതികായകനോട് പകരം ചോദിച്ചവരാണെന്ന് ഓര്‍ക്കണം. വാംഖഡയുടെ ഗ്യാലറികള്‍ പറയുന്നു, ആ കിരീടം മോഹിച്ച് ആരും ഇത്തവണ മൈതാനത്തേക്ക് ചുവടുവെക്കേണ്ട എന്ന്. ദ ഒജി മുംബൈ ഇന്ത്യൻസ്.
നാല് സീസണുകള്‍ക്ക് ശേഷം പേരിനോടും പെരുമയോടും നീതിപുലര്‍ത്തിയ 2025 എഡിഷൻ. ആറാം കിരീടമെന്ന മോഹം ശ്രേയസ് അയ്യർ അഹമ്മദാബാദില്‍ ഒറ്റയ്ക്ക് അവസാനിപ്പിച്ച രാത്രിക്ക് ശേഷവും ആരാധകര്‍ ഉറച്ച് പറഞ്ഞു, നമുക്കൊരു ഒന്നൊന്നര ടീമുണ്ട് എന്ന്. ആ സ്ക്വാഡിലേക്ക് നോക്കു, ആ പേരുകള്‍ ലോകക്രിക്കറ്റിലെ ഏതൊരു സംഘത്തെയും ഭയപ്പെടുത്താൻ പോന്നതാണ്.
പപര്‍പ്ലേ നേടാമെന്നോര്‍ത്ത് പന്തെടുക്കുന്ന എതിര്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ മഹാമേരുവിനെപ്പോലെ അയാള്‍, മുബൈയുടെ രാജാവ്, രോഹിത് ശര്‍മ. പഴയ അലസനല്ല അയാളെന്ന് ഓര്‍ക്കണം. ഒപ്പം ക്വിന്റണ്‍ ഡി കോക്കും റയാൻ റിക്കല്‍ട്ടണും. മധ്യഓവറുകളില്‍ കളിപിടിക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ അവിടെയും തെറ്റി, സൂര്യകുമാര്‍ യാദവും തിലക് വര്‍മയും വില്‍ ജാക്സുമെല്ലാം കാത്തിരിക്കുന്നു. ഡെത്ത് ഓവറുകളില്‍ ബൗളര്‍മാരുടെ മരണമണി മൈതാനങ്ങളില്‍ മുഴങ്ങും, ഹാര്‍ദിക്ക് പാണ്ഡ്യ, ഷെര്‍ഫെയ്ൻ റുഥര്‍ഫോര്‍ഡ്, നമൻ ധീര്‍. എല്ലാവരുടെ പീക്ക് ഫോമില്‍.
ഇനി മുറവശത്തെ കാര്യങ്ങളോ. എതിര്‍ ബാറ്റര്‍മാരുടെ സ്റ്റമ്പുകള്‍ ആദ്യ ഓവറുകളില്‍ തന്നെ നിലം പതിപ്പിക്കാൻ ട്രെൻ ബോള്‍ട്ടും ദീപക് ചാഹറും. ഇരുവരുടേയും ഭീതിയൊഴിയുമ്പോള്‍ ഹാര്‍ദിക്ക് പാണ്ഡ്യ ബുമ്രാസ്ത്രം പ്രയോഗിക്കും, ജസ്പ്രിത് ബുമ്ര. അത് തടയാൻ ലോക ക്രിക്കറ്റില്‍ തന്നെ ആരുണ്ട് എന്നത് ചോദ്യമാണ്. ഒപ്പം ഹാര്‍ദിക്കും, മിച്ചല്‍ സാന്റനര്‍ നയിക്കുന്ന സ്പിൻ നിരയും.
എല്ലാം അനുകൂലമാണ്. പക്ഷേ, മുംബൈക്ക് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയും അതുതന്നെയാണ്. ഈ പേരുകളില്‍ നിന്ന് എങ്ങനെ 11 പേരെ തിരഞ്ഞെടുക്കുമെന്നത്. രോഹിത്, സൂര്യ, തിലക്, ഹാര്‍ദിക്ക്, ബുമ്ര, ബോള്‍ട്ട് - ഈ കോര്‍ ടീമിനെ മുംബൈയുടെ എല്ലാ മത്സരങ്ങളിലും പ്രതീക്ഷിക്കാം. കഴിഞ്ഞ സീസണിലെ പോലെ കേവലം ഇംപാക്റ്റ് പ്ലെയറായി രോഹിതിനെ പ്രതീക്ഷിക്കേണ്ടതില്ല, അയാളുടെ മുന്നില്‍ വലിയൊരു ലക്ഷ്യം ബാക്കിയായുണ്ട് എന്നത് തന്നെ കാരണം.
വിദേശ താരങ്ങളിലായിരിക്കും മുംബൈയുടെ പരീക്ഷണങ്ങള്‍ നടക്കുക. ഓപ്പണിങ് സ്ഥാനത്ത് തന്നെ റിക്കല്‍ട്ടണും ഡി കോക്കുമുണ്ട്. ഡി കോക്കിനെ പ്രത്യേക അഭ്യര്‍ത്ഥന നടത്തിയാണ് മുംബൈ ലേലത്തില്‍ ഉള്‍പ്പെടുത്തിയത് പോലും. ഇരുവരിലാരാണ് രോഹിതിനൊപ്പം ക്രീസിലെത്തുമെന്നതാണ് ആദ്യ ആശങ്ക. റിക്കല്‍ട്ടണിന്റെ കഴിഞ്ഞ സീസണിലെ പ്രകടനങ്ങളോട് മാനേജ്മെന്റിന് എളുപ്പം കണ്ണടയ്ക്കാനാകില്ല. ബോള്‍ട്ടിനൊപ്പം ഓപ്പണറായും വിദേശതാരം. ഇനി അവശേഷിക്കുന്നത് രണ്ട് സ്ഥാനങ്ങള്‍ മാത്രം. അവശേഷിക്കുന്ന പ്രധാന പേരുകള്‍ വില്‍ ജാക്ക്‌സ്, മിച്ചല്‍ സാന്റനര്‍, ഷെര്‍ഫെയൻ റുഥര്‍ഫോര്‍ഡ്, കോര്‍ബിൻ ബോഷ്.
തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിലാണ് ജാക്സ്. ടി20 ലോകകപ്പില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 176 സ്ട്രൈക്ക് റേറ്റില്‍ 226 റണ്‍സ്, ഇതിന് പുറമെ ഒൻപത് വിക്കറ്റുകളും. ജാക്ക്‌സിന് മാറ്റി നിര്‍ത്തുക എന്നത് ഏറെക്കുറെ അസാധ്യമാണെന്ന് പറയേണ്ടി വരും. 179 സ്ട്രൈക്ക് റേറ്റിലാണ് റുഥര്‍ഫോര്‍ഡ് 183 റണ്‍സെടുത്ത്, വിൻഡീസിന് ലോകകപ്പില്‍ സമ്മാനിച്ചത് എക്സ്പ്ലോസീവ് ഫിനിഷുകള്‍. പരിചയസമ്പത്തുള്ള സ്പിന്നറാണ് സാന്റനര്‍, കോര്‍ബിൻ ബോഷ് മാത്രമാണ് അല്‍പ്പെമെങ്കിലും ഫോം ഔട്ടായി നില്‍ക്കുന്നത്.
വിദേശതാരങ്ങളുടെ തിരഞ്ഞെടുപ്പായിരിക്കും മുംബൈയെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകം, വിന്നിങ് കോമ്പിനേഷൻ തുടക്കത്തിലെ കണ്ടെത്തേണ്ടതും അനിവാര്യമാണ്. ഈ ഒരു ആശങ്ക മാറ്റി നിര്‍ത്തിയാല്‍ മുംബൈക്ക് അനുകൂല ഘടകങ്ങളാണ് കൂടുതല്‍. മാച്ച് വിന്നിങ് ഓള്‍ റൗണ്ടര്‍മാരുടെ നിര. ഹാര്‍ദിക്ക്, ജാക്ക്സ്, സാന്റനര്‍, ബോഷ്, ശാര്‍ദൂല്‍ താക്കൂര്‍, ചാഹര്‍ എന്നിങ്ങനെ നീളുന്നു. ഇതിനെല്ലാം ഉപരി കിരീടത്തിലേക്ക് എത്തിക്കാൻ കെല്‍പ്പുള്ള ക്രിക്കറ്റിങ് ബ്രെയിനുകള്‍. രോഹിത്, സൂര്യ, സാന്റനര്‍ എന്നിവരുടെ സേവനം ഹാര്‍ദിക്കിനൊപ്പമുണ്ട്. ആറാം കിരീടമെന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ മുംബൈക്ക് മുന്നില്‍ ഇത്രത്തോളം അനുകൂലമായ സാഹചര്യങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷമുണ്ടായിട്ടില്ല.