
ആരാകും കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ? ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും കേരളക്കരയിലും ഉയരുന്ന ചോദ്യം. പലരും അവരവരുടെ അഭിപ്രായങ്ങൾ പങ്കുവച്ച് രംഗത്ത് എത്തുന്നുണ്ട്. ഇതോടൊപ്പം തന്നെ തമിഴ്നാട്ടിലെ വിജയിയുടെ പാർട്ടിയായ ടിവികെയുടെ ഉജ്ജ്വല വിജയത്തെ കുറിച്ചും ചർച്ചകളുണ്ട്. തതവസരത്തിൽ ഒരു കമന്റ് വൈറലായി മാറിയിരിക്കുകയാണ്.
രാം ചരണിന്റെ പ്രൊഫൈൽ ഫോട്ടോയ്ക്കൊപ്പം അബിൻ മധു എന്ന അക്കൗണ്ടിൽ നിന്നുമാണ് കമന്റ് വന്നിരിക്കുന്നത്. ഏത് പോസ്റ്റിന് താഴെ വന്ന കമന്റാണ് എന്ന കാര്യത്തിൽ വ്യക്തതയില്ല. 'വിജയ് നിന്നപ്പോള്‍ ഇങ്ങനെ ആണെങ്കില്‍, കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള ലാലേട്ടന്‍ മത്സരിച്ചാല്‍ എന്തായിരിക്കും അവസ്ഥ', എന്നായിരുന്നു കമന്റ്. ഒപ്പം ഒരു തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാൻ എത്തിയ മോഹൻലാലിന്റെ എഎൻഐ ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്.
കമന്റ് പുറത്തുവന്നതിന് പിന്നാലെ പതിവ് പോലെ കമന്റുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു. എങ്കിൽ ബഹുഭൂരിപക്ഷത്തിൽ മോഹൻലാൽ ജയിക്കുമെന്ന് ഒരുവിഭാഗം കമന്റ് രേഖപ്പെടുത്തുമ്പോൾ, സിനിമ അല്ല രാഷ്ട്രീയം എന്ന് പറയുന്നവരും ധാരാളമാണ്. "ഇവിടുള്ളവർക്ക് രാഷ്ട്രീയ ആശയങ്ങൾ ഉണ്ടായിരിക്കും. പക്ഷേ സിനിമയല്ല പൊളിറ്റിക്സ്, വിജയ് എന്ന് പറഞ്ഞാൽ തമിഴ്നാടിന് മക്കളാണ്. തമിഴ് മക്കൾ സിനിമാനടന്മാർ എന്ന് പറഞ്ഞാൽ അവരുടെ ദൈവങ്ങളാണ്. അവർക്ക് എന്തെങ്കിലും സംഭവിച്ചാൽ അവർ ജീവിതം പോലും കളയാൻ സന്നദ്ധരാണ്. പക്ഷേ കേരളം അങ്ങനെയല്ല. ഒരാളെയും ഒരു ദൈവമായിട്ട് കാണുന്നില്ല. അവർ ഒരു അഭിനയം. പ്രതിഭ. കലാകാരൻ. എന്ന നിലയിലാണ് മലയാള സിനിമയിലുള്ള നടന്മാരെ കാണുന്നത്", എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ.
അതേസമയം, "പ്രിയപ്പെട്ട വിജയ്, ഈ അത്ഭുതകരമായ വിജയത്തിന് അഭിനന്ദനങ്ങൾ അറിയിക്കുകയാണ്. ജനം നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു. അവരുടെ വിശ്വാസം എന്നത് ഒരു ബഹുമതിയാണ്. നിങ്ങൾ ഈ പുതിയ സേവന യാത്ര ആരംഭിക്കുമ്പോൾ അഭിമാനത്തോടെയും ലക്ഷ്യത്തോടെയും അത് മുന്നോട്ട് കൊണ്ടുപോകുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങൾക്കും നിങ്ങളുടെ ടീമിനും എൻ്റെ ആശംസകൾ", എന്നാണ് ആശംസകള്‍ അറിയിച്ച് മോഹന്‍ലാല്‍ കുറിച്ചത്.