മേല്‍വിലാസം 'പേരിട്ടു കുളമാക്കിയ സിനിമ'യെന്ന് ആരാധകന്‍; അഭിപ്രായം മാനിക്കുന്നുവെന്ന് മാധവ് രാമദാസന്‍

By Web TeamFirst Published Jun 4, 2020, 6:13 PM IST
Highlights

നിലവാരമുള്ള സിനിമകളായിരുന്നിട്ടും ഈ ചിത്രങ്ങള്‍ തീയേറ്ററുകളില്‍ വേണ്ടത്ര വിജയിക്കാതിരിക്കാനുള്ള കാരണം പേരിട്ടതിലെ അപാകതയാണെന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് ഒരു പ്രേക്ഷകന്‍.

മേല്‍വിലാസം എന്ന ആദ്യ സിനിമയിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് രംഗപ്രവേശം ചെയ്‍ത സംവിധായകനാണ് മാധവ് രാമദാസന്‍. വലിയ ബോക്സ് ഓഫീസ് വിജയം നേടിയില്ലെങ്കിലും ചിത്രം ഒരു വിഭാഗം പ്രേക്ഷകരുടെ പ്രിയചിത്രമായി മാറി. പുരസ്‍കാരങ്ങളും നേടിയിരുന്നു മേല്‍വിലാസം. ഒന്‍പത് വര്‍ഷത്തെ കരിയറില്‍ രണ്ട് സിനിമകള്‍ കൂടി മാധവ് രാമദാസന്‍റേതായി പുറത്തുവന്നിട്ടുണ്ട്. സുരേഷ് ഗോപി നായകനായ അപ്പോത്തിക്കിരിയും ഗിന്നസ് പക്രു നായകനായ ഇളയരാജയും. ഇപ്പോഴിതാ നിലവാരമുള്ള സിനിമകളായിരുന്നിട്ടും ഈ ചിത്രങ്ങള്‍ തീയേറ്ററുകളില്‍ വേണ്ടത്ര വിജയിക്കാതിരിക്കാനുള്ള കാരണം പേരിട്ടതിലെ അപാകതയാണെന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് ഒരു പ്രേക്ഷകന്‍. സോഷ്യല്‍ മീഡിയയിലൂടെ ഒരു സിനിമാപ്രേമി പങ്കുവച്ച അഭിപ്രായത്തിന്‍റെ സ്ക്രീന്‍ഷോട്ട് മാധവ് രാമദാസന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

ആരാധകന്‍റെ അഭിപ്രായപ്രകടനം ഇങ്ങനെ, "താങ്കളുടെ മേല്‍വിലാസം, അപ്പോത്തിക്കിരി, ഇളയരാജ എന്നീ സിനിമകള്‍ കണ്ടിരുന്നു. ഓരോന്നും ഒന്നിനൊന്നു മെച്ചം. പക്ഷേ സിനിമകളുടെ ടൈറ്റില്‍ ഇടുന്നതിലെ അപാകത താങ്കള്‍ക്ക് ഒഴിവാക്കാമായിരുന്നു. മേല്‍വിലാസം എന്താണ് സിനിമ! പേരിട്ടു കുളമാക്കിയതല്ലേ.. അപ്പോത്തിക്കിരി- അതെന്താണ് സാധനമെന്നു പോലും ആര്‍ക്കും അറിഞ്ഞുകൂട. പിന്നെ ഇളയരാജ. ഇതുപോലെ പേരു കൊടുത്താല്‍ ഇംപാക്ട് കിട്ടില്ല. നല്ല ടൈറ്റില്‍ കൊടുത്താല്‍ ഇംപാക്ട് കിട്ടും. ഈ സിനിമയൊക്കെ ടിവിയിലും യുട്യൂബിലും വരുമ്പോഴാണ് ജനങ്ങളുടം കണ്ണു തള്ളുന്നത്."

പേരുകളെക്കുറിച്ചുള്ള വിമര്‍ശനത്തോട് മാധവ് രാമദാസന്‍റെ പ്രതികരണം ഇങ്ങനെ, "ഇത് ഒരു സുഹൃത്തിന്‍റെ സ്നേഹത്തോടെയുള്ള അഭിപ്രായമാണ്. തീര്‍ച്ഛയായും ഇതിനെ ഞാന്‍ മാനിക്കുന്നു. ഇതേപോലെ നിങ്ങളുടെയും കാഴ്ചപ്പാട് പങ്കുവെക്കുവാന്‍ അഭ്യര്‍ഥിക്കുന്നു."

click me!