പത്താം വിവാഹ വാർഷികത്തിൽ നടി അസിന്‍റെ ഭർത്താവ് രാഹുൽ ശർമ്മ പങ്കുവെച്ച ആശംസ ശ്രദ്ധേയമായി. സിനിമ വിട്ടിട്ടും താരത്തോടുള്ള ആരാധകരുടെ സ്നേഹം കുറഞ്ഞിട്ടില്ലെന്നും അവരുടെ തിരിച്ചുവരവ് ആഗ്രഹിക്കുന്നുവെന്നും പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്.
മലയാളത്തിലൂടെ വെള്ളിത്തിരയിൽ എത്തി പിന്നീട് തെന്നിന്ത്യയിലെ വമ്പൻ താരമായി ഉയർന്ന നടിയാണ് അസിൻ. വിജയ്, സൂര്യ, രവി മോഹൻ ഉൾപ്പടെയുള്ളവർക്കൊപ്പം പെയറായി എത്തി വൻ ആരാധകവൃന്ദത്തെ സ്വന്തമാക്കാൻ അസിന് സാധിച്ചിരുന്നു. തെന്നിന്ത്യയ്ക്ക് പുറമെ ബോളിവുഡിലും എത്തിയ അസിൻ വിവാഹ ശേഷം സിനിമയോട് ബൈ പറഞ്ഞത് ആരാധകരെ നിരാശയിലാക്കി. പിന്നീട് അസിന്റെ യാതൊരുവിധ അപ്ഡേറ്റുകളൊന്നും പുറത്തുവന്നില്ല. ഇതിനിടെയാണ് ഏതാനും ദിവസങ്ങൾക്ക് മുൻപ് അസിന് വിവാഹ വാർഷിക ആശംസ അറിയിച്ചു കൊണ്ട് ഭർത്താവും മൈക്രോമാക്സ് സഹസ്ഥാപകനുമായ രാഹുൽ ശർമ പോസ്റ്റ് പങ്കിട്ടത്. ഇരുവരുടേയും പത്താം വിവാഹ വാർഷികം ആയിരുന്നു.
രാഹുലിന്റെ പോസ്റ്റിന് പിന്നാലെ ആശംസകൾക്ക് ഒപ്പം ചോദ്യങ്ങളുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. മികച്ചൊരു നടിയാണ് അസിൻ എന്നും എന്തുകൊണ്ടാണ് അഭിനയിക്കാൻ വിടാത്തതെന്നുമാണ് രാഹുലിനോട് ആരാധകർ ചോദിക്കുന്നത്. ഭൂരിഭാഗം പേരുടെയും ചോദ്യം ഇത് തന്നെയാണ്. എവിടെയാണ് താരമിപ്പോൾ ഉള്ളതെന്നും എന്ത് ചെയ്യുന്നുവെന്ന് ചോദിക്കുന്നവരും ധാരാളമാണ്. എന്തായാലും സിനിമ വിട്ടിട്ടും അസിനോടുള്ള പ്രിയം സിനിമാസ്വാദകർക്ക് കുറഞ്ഞിട്ടില്ലെന്നതിന്റെ തെളിവാണ് ഈ കമന്റുകൾ എന്ന വ്യക്തമാണ്.
ജനുവരി 19ന് ആയിരുന്നു അസിന്റെയും രാഹുൽ ശർമയുടേയും വിവാഹ വാർഷികം. 'ഇൻക്രെഡിബിൾ കോ-ഫൗണ്ടർ' എന്നാണ് അസിനെ രാഹുൽ വിശേഷിപ്പിച്ചത്. "അവളുടെ സഹനടനാകാൻ സാധിച്ചതിൽ ഞാൻ ഭാഗ്യവാനാണ്! എന്റെ പ്രിയേ.. പത്താം വിവാഹ വാർഷിക ആശംസകൾ. നമ്മുടെ വീടിനെയും എന്റെ ഹൃദയത്തെയും ഹൈ-ഗ്രോത്ത് സ്റ്റാർട്ടപ്പ് പോലെ നീ നയിക്കട്ടെ, നിന്റെ ജീവിതത്തിന്റെ സെറ്റിൽ എല്ലാദിവസവും ഞാൻ ഹാജരായിക്കോളാം. നമ്മൾ ഒരുമിച്ച് അവിശ്വസനീയമായ ഒരു ഭാവിയുണ്ട്", എന്നായിരുന്നു രാഹുലിന്റെ പോസ്റ്റ്. അസിന് ഒപ്പമുള്ള ഫോട്ടോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. പ്രായം 40 ആയെങ്കിലും അന്നും ഇന്നും അസിനെ കാണാൻ ഒരുപോലെ ആണെന്നാണ് ഫോട്ടോ കണ്ട് ആരാധകർ കുറിക്കുന്നത്.



