
മലയാള സിനിമയുടെ ആക്ഷൻ ഹീറോ ആര്? എന്ന ചോദ്യത്തിന് ഒരുത്തരമേ കാണൂ. പേര് ബാബു ആന്റണി. ഒരുകാലത്ത് മലയാള സിനിമയിൽ നായകനായും വില്ലനായും സഹതാരമായുമെല്ലാം അരങ്ങ് വാണിരുന്ന ബാബു ആന്റണിയ്ക്ക് ഇന്നും ആരാധകർ ഏറെയാണ്. അദ്ദേഹത്തിന്റെ മുഖം ബിഗ് സ്ക്രീനിൽ കാണുമ്പോൾ തന്നെ ഉയരുന്ന ഹർഷാരവത്തിനും പ്രേക്ഷകന്റെ മുഖത്ത് വിരിയുന്ന ചിരിയും തന്നെ അതിന് ഉദാഹരണമാണ്.
സമീപകാലത്ത് സോഷ്യൽ മീഡിയയിൽ സജീവമായ ബാബു ആന്റണി പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. തന്റെ കുടുംബത്തെ കുറിച്ചും സിനിമകളേയും കുറിച്ചുമൊക്കെയുള്ള പോസ്റ്റുകളായിരിക്കും അവ. അത്തരത്തിൽ ബാബു ആന്റണി പങ്കുവച്ചൊരു പോസ്റ്റ് വൈറലായിരിക്കുകയാണ്. ജീസസ് ക്രൈസ്റ്റിന്റെ ലുക്കിലാണ് ബാബു ആന്റണി പോസ്റ്റിലെ ഫോട്ടോയിൽ ഉള്ളത്. തന്റെ സാം എന്ന സുഹൃത്താണ് ഈ ഫോട്ടോയ്ക്ക് പിന്നിലെന്ന് അദ്ദേഹം പറയുന്നുണ്ട്. ഒപ്പം ചന്ത സിനിമ റിലീസ് ചെയ്ത സമയത്തെ ഒരു രസകരമായ ഓർമയും ബാബു ആന്റണി പങ്കുവച്ചിട്ടുണ്ട്.
"എന്റെ അമേരിക്കൽ സുഹൃത്ത് സാം, യേശുക്രിസ്തുവിനെ അവതരിപ്പിക്കാൻ ഞാൻ നല്ല ചോയ്സ് ആയിരിക്കുമെന്ന് പറഞ്ഞ്, അദ്ദേഹം ഈ ചിത്രം എനിക്ക് ഒരുക്കി തന്നു. ചന്ത എന്ന സിനിമ ഇറങ്ങിയപ്പോഴുള്ളൊരു കമന്റ് ഇതെന്നെ ഓർപ്പെടുത്തി. അതിങ്ങനെയാണ്, "ആരാടാ ക്രിസ്തുവിൻ്റെ പടം വെച്ചിട്ട് ചന്ത എന്ന് എഴുതിയിരിക്കുന്നേ", എന്നാണ് ബാബു ആന്റണി ഫോട്ടോയ്ക്ക് ഒപ്പം കുറിച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് പോസ്റ്റുകളുമായി പ്രത്യക്ഷപ്പെട്ടത്.
"എന്റീശോയെ.. എന്താ ലുക്ക്, ബ്ലാക് ബെൽറ്റ് ജീസസ്, നന്നായിട്ടുണ്ട്.. പണ്ടൊക്കെ ഞങ്ങൾ കൂട്ടുകാർ തമ്മിൽ പറയുമായിരുന്നു അച്ചായന് പിതാവിന്റെ മുഖസാദൃശ്യമുണ്ടെന്ന്, കരാട്ടെ അറിയാവുന്ന ജീസസ്, മലയാളത്തിൽ ജീസസ് ക്രൈസ്റ്റ് എടുത്താൻ ബാബുച്ചേട്ടനാകും മെയ്ൻ", എന്നിങ്ങനെ പോകുന്നു കമന്റുകൾ.