
മലയാള സിനിമയുടെ പ്രിയ നിർമാതാവാണ് ഗോകുലം മൂവീസിന്റെ ഉടമ ഗോകുലം ഗോപാലൻ. കാലങ്ങളായുള്ള നിർമാണ സംരംഭത്തിൽ ഒട്ടനവധി ബിഗ് ബജറ്റ് സിനിമകളൊരുക്കിയ അദ്ദേഹത്തിന്റേതായി വരാനിരിക്കുന്നത് ‘ആയിരം ആശകൾ’ എന്ന സിനിമയാണ്. ജയറാമും മകൻ കാളിദാസും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രം ഫെബ്രുവരി 6ന് തിയറ്ററുകളിൽ എത്തും. ചിത്രത്തിന്റെ പ്രൊമോഷനിടെ ഗോകുലം ഗോപാലൻ തന്നെ സഹായിച്ചതിനെ കുറിച്ച് പറയുകയാണ് ജയറാം.
37 വർഷങ്ങൾക്ക് മുൻപ് താമസിക്കാൻ ഒരിടം തേടി ഏറെ അലഞ്ഞിരുന്നുവെന്നും അന്ന് തന്നെ സഹായിച്ചത് ഗോകുലം ഗോപാലനാണെന്നുമാണ് ജയറാം പറയുന്നത്. "ചില ബന്ധങ്ങൾ, ഒരുപാട് വർഷത്തെ സൗഹൃദങ്ങൾ. ഞങ്ങൾ തമ്മിലുള്ള വർഷങ്ങളായുള്ള സൗഹൃദത്തെ കുറിച്ച് ഗോപാലേട്ടൻ പറഞ്ഞിട്ടുണ്ട്. 37 വർഷങ്ങൾക്ക് മുൻപ് ഞാൻ ആദ്യമായി മദ്രാസിൽ പോയപ്പോൾ, താമസിക്കാനായി ഒരിടം നോക്കി നടന്ന കാലമായിരുന്നു അത്. അന്ന് സ്വന്തമായിട്ടൊരു ഫ്ലാറ്റ് വാങ്ങിക്കണമെന്ന് പറഞ്ഞ് 5 ലക്ഷം രൂപ തന്ന് ആദ്യമായി സഹായിച്ചത് ഗോപാലേട്ടനാണ്. അങ്ങനെയാണ് ഞാൻ ആദ്യമായിട്ട് മദ്രാസിൽ ഒരു ഭവനം സ്വന്തമാക്കുന്നത്. അന്ന് തുടങ്ങിയ ബന്ധമാണ് ഞങ്ങൾ തമ്മിൽ", എന്നായിരുന്നു ജയറാമിന്റെ വാക്കുകൾ.
23 വർഷങ്ങൾക്ക് ശേഷം ജയറാമും കാളിദാസും ഒന്നിക്കുന്ന സിനിമയാണ് ആയിരം ആശകൾ. ആശാ ശരത്,ഷറഫുദ്ധീൻ, ഇഷാനി കൃഷ്ണ, ആനന്ദ് മന്മഥൻ, അഖിൽ എൻ ആർ ഡി, രമേശ് പിഷാരടി, ദിലീപ് മേനോൻ, സിൻസ് ഷാൻ, രാജേഷ് അഴിക്കോട്, വൈശാഖ് വിജയൻ, അഭിനന്ദ് അക്കോട്, മുകുന്ദൻ, ആനന്ദ് പദ്മനാഭൻ, രഞ്ജിത് ബാലചന്ദ്രൻ, സുധീർ പരവൂർ, നിഹാരിക, ഭാഗ്യ, കുഞ്ചൻ, ഷാജു ശ്രീധർ, റാഫി, സുരേഷ് കുമാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.