വില്ലന്‍ വേഷങ്ങളില്‍ പ്രശസ്തന്‍, അഞ്ച് തവണ വിവാഹം: അഴുകിയ മൃതദേഹം കിടന്നത് മൂന്ന് ദിവസം, ആരും വന്നില്ല!

Published : May 05, 2025, 10:48 AM ISTUpdated : May 05, 2025, 10:52 AM IST
വില്ലന്‍ വേഷങ്ങളില്‍ പ്രശസ്തന്‍,  അഞ്ച് തവണ വിവാഹം: അഴുകിയ മൃതദേഹം കിടന്നത് മൂന്ന് ദിവസം, ആരും വന്നില്ല!

Synopsis

300-ലധികം സിനിമകളിൽ അഭിനയിച്ച മഹേഷ് ആനന്ദ് എന്ന നടന്റെ ദാരുണമായ അന്ത്യം. അഞ്ച് വിവാഹിതനായിരുന്നിട്ടും, 2019-ൽ ഏകനായി മരിച്ച നിലയിൽ കണ്ടെത്തി, ആരും മൃതദേഹം ഏറ്റെടുക്കാൻ പോലും എത്തിയില്ല.

മുംബൈ: ഇന്ത്യന്‍ സിനിമയില്‍ നായകന്‍മാരോളം പ്രധാനപ്പെട്ടവരാണ് വില്ലന്‍മാരും. വില്ലന്‍മാരുടെ പ്രകടനം എത്രത്തോളം നന്നാകുന്നുവോ അത്രയും നായകനും തിളങ്ങും എന്നത് ഒരു ഫോര്‍മുല തന്നെയാണ്. അടുത്തിടെ ഇറങ്ങിയ ഹിറ്റ് മലയാളം ചിത്രത്തില്‍ പോലും അത് കണ്ടതകാണ്. ഹിന്ദി സിനിമാ ചരിത്രത്തിൽ ചില വില്ലന്‍ കഥാപാത്രങ്ങളും അത് അവതരിപ്പിച്ചവരും ശ്രദ്ധിക്കപ്പെട്ടപ്പോള്‍ ചിലര്‍ ആരും അറിയാതെ കാലയവനികയില്‍ മറയും. 

അമിതാഭ് ബച്ചൻ, സീനത്ത് അമൻ, ജയപ്രദ, ഡിംപിൾ കപാഡിയ, വിനോദ് ഖന്ന, ധർമ്മേന്ദ്ര, ഋഷി കപൂർ, സഞ്ജയ് ദത്ത്, ഗോവിന്ദ, അക്ഷയ് കുമാർ തുടങ്ങി നിരവധി താരങ്ങൾക്കൊപ്പം 300-ലധികം സിനിമകളിൽ പ്രവർത്തിച്ച അത്തരമൊരു നടനുണ്ടായിരുന്നു. 2019 ല്‍ ആരും അടുത്തില്ലാതെ മരണപ്പെട്ട ഈ നടന്‍ അഞ്ച് വിവാഹം കഴിച്ചിരുന്നെങ്കിലും അനാഥമായ മൃതദേഹം ഏറ്റെടുക്കാന്‍ പോലും ആരും വന്നില്ല. 

മലയാളത്തില്‍ അടക്കം വില്ലന്‍ വേഷങ്ങള്‍ ഏറെ ചെയ്ത മഹേഷ് ആനന്ദിനാണ് ഒരു ദുരന്ത സിനിമയുടെ ക്ലൈമാക്സിനെപ്പോലും തോല്‍പ്പിക്കുന്ന ജീവിത അവസാനം ഉണ്ടായത്. സനം തേരി കസം' എന്ന ചിത്രത്തിലൂടെയാണ് നടൻ ആദ്യമായി ഒരു ഡാന്‍സറായി സിനിമയിലേക്ക് കടന്നുവന്നത്. 

1984-ൽ പുറത്തിറങ്ങിയ 'കരിഷ്മ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. ഷെഹെൻഷാ, ഗംഗാ ജമുന സരസ്വതി, തൂഫാൻ, കൂലി നമ്പർ 1, ഏക് ഔർ ഏക് ഗ്യാരാ തുടങ്ങിയ നിരവധി ബ്ലോക്ക്ബസ്റ്ററുകളിൽ അഭിനയിച്ചു. ജീവിതത്തിൽ നിരവധി വ്യക്തിപരമായ തിരിച്ചടികൾ നേരിടുകയും ഏകാന്തമായ മരണത്തിന് കീഴടങ്ങുകയും ചെയ്തു മഹേഷ് ആനന്ദ്. 

മലയാളത്തില്‍ അഭിമന്യൂ (1991), ഊട്ടിപ്പട്ടണം( 1992), ദ ഗോഡ്മാന്‍ (1999), പ്രജ (2001) എന്നീ ചിത്രങ്ങള്‍ മഹേഷ് ആനന്ദ് വില്ലന്‍ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

മഹേഷ് ആനന്ദ് ഒരു മോഡലും കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റും ആയിരുന്നു. നീണ്ട മുടിയും കട്ടിയുള്ള മീശയുമുള്ള വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചതിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. എന്നിരുന്നാലും, അദ്ദേഹം ഒരിക്കലും നായക നിരയിലേക്ക് എത്തിയില്ല.

അദ്ദേഹത്തിന്റെ ആദ്യ രണ്ട് ചിത്രങ്ങൾ നിർമ്മിച്ചത് നടി റീന റോയിയുടെ സഹോദരി ബർഖ റോയ് ആയിരുന്നു. ഇരുവരും ഒടുവിൽ പ്രണയത്തിലാവുകയും ആനന്ദ് റോയിയെ വിവാഹം കഴിക്കുകയും ചെയ്തു. പിന്നീട് ഇരുവരും വേർപിരിയുകയും മഹേഷ് മിസ് ഇന്ത്യ ഇന്റർനാഷണൽ എറിക്ക മരിയ ഡിസൂസിനെ വിവാഹം കഴിക്കുകയും ചെയ്തു ഇതില്‍ ഒരു മകനുണ്ട്. 

എന്നാല്‍ ഈ ബന്ധം അധിക കാലം നീണ്ടു നിന്നില്ല. പിന്നീട് അദ്ദേഹം മധു മൽഹോത്രയെയും, ഉഷ ബച്ചാനിയെയും വിവാഹം കഴിച്ചു. ഈ ബന്ധങ്ങളൊന്നും നീണ്ടുനിന്നില്ല.അവസാനം റഷ്യൻ സ്ത്രീയായ ലാനയെ വിവാഹം കഴിച്ചിരുന്നു ഇദ്ദേഹം എന്നാല്‍ ഈ ബന്ധവും കൂടുതല്‍ കാലം നിന്നില്ല.


ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷയിലും വില്ലനായി പേരും പണവും നേടിയെങ്കിലും അവസാന കാലത്ത് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന അവസ്ഥയിലേക്ക് അദ്ദേഹം എത്തിയിരുന്നു എന്നാണ് അന്ന് വന്ന വാര്‍ത്തകള്‍ പറയുന്നത്. ഭക്ഷണം പോലും ഒരു വെല്ലുവിളിയായിരുന്നു. ഏകദേശം 18 വർഷത്തോളം സിനിമ രംഗത്ത് നിന്നും അപ്രത്യക്ഷനായിരുന്നു മഹേഷ്.

ബോളിവുഡ് ഷാദിയുടെ റിപ്പോർട്ട് അനുസരിച്ച്, ഒരിക്കൽ അദ്ദേഹത്തിന് അക്ഷയ് കുമാറുമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. 'വഖ്ത് ഹുമാര' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ, ഒരു നൈറ്റ്ക്ലബിൽ ഒരു സ്ത്രീയോട് അദ്ദേഹം മോശമായി പെരുമാറിയതായും അക്ഷയ് കുമാർ ഇതിനെതിരെ പ്രതികരിച്ചപ്പോള്‍ സംഘർഷം ഉണ്ടായതായും ആരോപിക്കപ്പെടുന്നു. 

2019 ൽ, 57 വയസ്സുള്ള ആനന്ദിനെ അദ്ദേഹത്തിന്റെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടില്‍ നിന്നും ദുര്‍ഗന്ധം വരുന്നത് അനുഭവപ്പെട്ട അയല്‍ക്കാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. അവിടെയാണ് അഴുകിയ നിലയില്‍ മഹേഷ് ആനന്ദിന്‍റെ മൃതദേഹം ലഭിച്ചത്. ഒറ്റപ്പെട്ടായിരുന്നു അവസാനകാലത്തെ ജീവിതം. ആരും മൃതദേഹം ഏറ്റെടുക്കാനും എത്തിയില്ല. 

 

PREV
Read more Articles on
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍