
ചെന്നൈ: നടന്‍ രവി മോഹനും പിരിഞ്ഞിരിക്കുന്ന ഭാര്യ ആരതിയും ചെന്നൈ കുടുംബ കോടതിയില്‍ വിവാഹ മോചന ഹര്‍ജി നല്‍കി. ബുധനാഴ്ച കോടതിയില്‍ ഹാജറായ ഇവര്‍ വ്യത്യസ്ത വിവാഹ മോചന ഹര്‍ജികളാണ് നല്‍കിയിരിക്കുന്നത്. വിവാഹം തുടരാൻ ഉദ്ദേശിക്കുന്നില്ലെന്ന് രവി ഹര്‍ജിയില്‍ പറഞ്ഞപ്പോൾ, പിരിയുമ്പോള്‍ പ്രതിമാസം 40 ലക്ഷം രൂപ ജീവനാംശം നൽകണമെന്ന് ആരതി ആവശ്യപ്പെട്ടു.
നേരത്തെ രവി മോഹൻ വിവാഹമോചനം ആവശ്യപ്പെട്ട് ഹർജി നൽകിയിരുന്നു, തുടർന്ന് ദമ്പതികളോട് കൗണ്‍സിലിംഗ് സെഷനുകളിൽ പങ്കെടുക്കാൻ കോടതി നിർദ്ദേശിച്ചു. നിർദ്ദേശപ്രകാരം ഇരുവരും ഈ സെഷനുകളിൽ പങ്കെടുത്തിരുന്നു.
അതിന് ശേഷമാണ് മെയ് 21ന് കോടതി വാദം കേട്ടത്. രവി വിവാഹമോചനത്തിനുള്ള തന്റെ അപേക്ഷ വീണ്ടും ആവർത്തിച്ചു, വിവാഹമോചനം അനുവദിക്കരുത് എന്ന ആരതിയുടെ അപേക്ഷ നിരസിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു. ഇരു കക്ഷികളും അവരുടെ ഹർജികൾ പുനഃപരിശോധിക്കാൻ ജഡ്ജി ഉപദേശിക്കുകയും കേസ് ജൂൺ 12 വരെ മാറ്റിവയ്ക്കുകയും ചെയ്തു.
അതേസമയം, മെയ് 20 ന്, തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ അഭിസംബോധന ചെയ്ത് ഒരു പ്രസ്താവന ആരതി പുറത്തിറക്കിയിരുന്നു. തങ്ങളുടെ വിവാഹബന്ധം തകർന്നതിന് ഒരു "മൂന്നാം വ്യക്തി"യെ അവർ കുറ്റപ്പെടുത്തി, താനും കുടുംബവും ഉപദ്രവമാണ് എന്ന് തോന്നുവെങ്കില്‍ രവി എന്തിനാണ് ഒരു പതിറ്റാണ്ടിലേറെയായി പുറത്തുപോകാൻ കാത്തിരുന്നതെന്ന് അവർ ചോദിച്ചു.
അവർ എഴുതി "എന്‍റെ വീട്ടുകാര്‍ ഒരിക്കലും ഞങ്ങളുടെ ബന്ധത്തെ ബാധിച്ചിരുന്നില്ല. ഞങ്ങളുടെ ബന്ധത്തിനിടയില്‍ മൂന്നാമതൊരു വ്യക്തിയുണ്ട്. ഞങ്ങളുടെ ബന്ധം തകരാനുള്ള കാരണം ഈ പുറത്തുള്ള ആളാണ്. 'അയാളുടെ ജീവിതത്തിന്റെ വെളിച്ചം' ഞങ്ങളുടെ ജീവിതത്തിലേക്ക് ഇരുട്ട് കൊണ്ടുവന്നു. അതാണ് സത്യം." ആരതി എഴുതി.
വിവാഹമോചന രേഖകൾ സമർപ്പിക്കുന്നതിന് മുമ്പുതന്നെ ഈ "മൂന്നാം വ്യക്തി" ഉൾപ്പെട്ടിട്ടുണ്ടെന്നതിന് തന്റെ പക്കൽ തെളിവുണ്ടെന്ന് ആരതി അവകാശപ്പെട്ടു. 2009 ൽ വിവാഹിതരായ രവി മോഹനും ആരതിയും നിയമപോരാട്ടം തുടരുന്നതിനിടെ പരസ്പരം പരസ്യമായി ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്.