
മലയാളികൾ ഏറെ സ്നേഹിക്കുന്ന താരങ്ങളിൽ ഒരാളാണ് ഐശ്വര്യ റാംസായ്. ഐശ്വര്യ എന്ന പേരിനേക്കാളും 'കല്യാണി'യെ ആയിരിക്കും മലയാളികൾ അടുത്ത് അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നത്. 'മൗനരാഗം' എന്ന ഏഷ്യാനെറ്റ് പരമ്പരയിൽ ഊമയായ കല്യാണിയെന്ന പെൺകുട്ടിയെ അവതരിപ്പിച്ചുകൊണ്ടാണ് ടെലിവിഷൻ പ്രേക്ഷകരിലേക്ക് ഐശ്വര്യ ചുവടുവച്ചതും, പ്രിയപ്പെട്ടവളായതും. അന്യഭാഷ താരമാണെങ്കിലും മലയാള മിനി സ്‌ക്രീൻ രംഗത്ത് തന്റേതായ ഇടം നേടിയെടുക്കാൻ ഐശ്വര്യക്ക് ഇതിനോടകം സാധിച്ചിട്ടുണ്ട്.
സംസാരശേഷിയില്ലാത്ത നായികാ കഥാപാത്രമായ 'കല്യാണി'യുടെ വിവാഹവും അതിന് ശേഷം നടക്കുന്ന ആശങ്കകളും പ്രതിസന്ധികളുമൊക്കെയായിരുന്നു 'മൗനരാഗ'ത്തിന്റെ അടുത്ത കാലത്തെ കഥാഗതി. 'കല്യാണി'യായി ഐശ്വര്യ എത്തുമ്പോൾ തമിഴ് താരമായ നലീഫാണ് പരമ്പരയിൽ നായക വേഷത്തിലെത്തുന്നത്. പരമ്പരയിലെ 'കല്യാണി'യെ അവതരിപ്പിക്കുന്ന ഐശ്വര്യയെ മാത്രമല്ല, എല്ലാ താരങ്ങളും സോഷ്യൽ മീഡിയയിൽ താരങ്ങളാണ്.
അടുത്തിടെ തമിഴ് സീരിയലിലും ഐശ്വര്യ വേഷമിടുന്നുണ്ട്. ഇപ്പോഴിതാ തമിഴ് കല്യാണ സ്റ്റൈലിൽ പുടവ ചുറ്റി കിടിലൻ ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. മഞ്ഞ സാരിയിൽ പച്ചക്കരയും, പച്ച ബ്ലൗസും ധരിച്ച് അതീവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾക്ക് കമന്റുകളുമായി ആരാധകർ എത്തുന്നുണ്ട്. തമിഴ് പൊണ്ടാട്ടി ആയോ എന്നാണ് ചില മലയാളി ആരാധകരുടെ ചോദ്യം.
പ്രദീപ് പണിക്കരുടെ രചനയിൽ മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പരമ്പരയാണ് 'മൗനരാഗം'. 'ഭാര്യ' എന്ന പരമ്പരയ്ക്കു ശേഷമാണ് പുതിയ പരമ്പരയുമായി മനു സുധാകരന്‍ എത്തിയത്. ഏഷ്യാനെറ്റിനായി നിരവധി സൂപ്പർ ഹിറ്റ് സീരിയലുകളിൽ പ്രവര്‍ത്തിച്ചയാളാണ് പ്രദീപ് പണിക്കര്‍. പ്രദീപ് പണിക്കരാണ് ഐശ്വര്യയെ ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ചത്. ഐശ്വര്യയ്ക്കൊപ്പം നായക വേഷത്തിലെത്തുന്ന നലീഫും തമിഴ് താരമാണ്. ഇരുവരും മലയാളം സംസാരിക്കും.