
'ലേഡീസ് റൂം' എന്ന പരമ്പരയിലൂടെ മിനി സ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് വി.എസ്. സൗമ്യ. അടുത്തിടെ ഏഷ്യാനെറ്റിൽ സംപ്രേഷണം അവസാനിപ്പിച്ച 'ടീച്ചറമ്മ' എന്ന സീരിയലിലെ കനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചും സൗമ്യ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സൗമ്യയുടെ വിവാഹം. ദീർഘകാല സുഹൃത്തായ ഗൗതമിനെയാണ് വിവാഹം ചെയ്തത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. സൗമ്യയുടെ ഉറ്റസഹൃത്തും നടിയുമായ അശ്വതി നായരും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഇരുവരുടെയും സൗഹൃദത്തെക്കുറിച്ച് മുൻപ് പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഇതിനോട് പ്രതികരിച്ച് അശ്വതി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
"കുറേപ്പേർ ഞങ്ങളെ ലെസ്ബിയൻ, ലെസ്ബിയൻ എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ മൈന്റ് ചെയ്യാറില്ലായിരുന്നു. പറയുന്നവർ പറഞ്ഞോട്ടെ. നിങ്ങൾക്ക് ഇഷ്ടമുള്ളത് നിങ്ങൾ പറഞ്ഞോളൂ. നമുക്കാരുടേയും വായടപ്പിക്കാൻ പറ്റില്ല. എനിക്ക് ഇപ്പോൾ പറയാനുള്ളത്, ഇനിയും ലെസ്ബിയൻ എന്ന് പറയുന്നത് നിർത്തിക്കോ, സൗമ്യ.. എന്റെ ചോച്ചോ കല്യാണം കഴിച്ചിരിക്കുന്നു. എനിക്കും നല്ലൊരു ലൈഫുണ്ട്. ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്‌സാണ്. എന്റെ ജീവിതകാലം മുഴുവൻ അവൾ എന്റെ ചക്കരയായി കൂടെയുണ്ടാകും. അവർ രണ്ടു പേരും എന്റെ ബെസ്റ്റ് ഫ്രണ്ട്‌സാണ്. അവരെ എനിക്കൊരുപാട് ഇഷ്ടമാണ്. മുത്തുകളാണ്," എന്ന് അശ്വതി പറഞ്ഞു.
കോഴിക്കോട് ആനക്കാംപൊയിൽ സ്വദേശിയാണ് ഒരു ഫിറ്റ്നസ് ട്രെയ്നർ കൂടിയായ സൗമ്യ. ഗൗതമും ഫിറ്റ്നസ് ട്രെയ്നറാണ്. പാലാ അൽഫോൺസ കോളജിൽ ബി.കോം പഠനം പൂർത്തിയാക്കിയ ശേഷമാണ് സൗമ്യ അഭിനയരംഗത്തേക്കെത്തുന്നത്. സൗമ്യയുടെ ഇൻസ്റ്റഗ്രാം വീഡിയോകൾ കണ്ടാണ് 'ലേഡീസ് റൂമി'ന്റെ സംവിധായകൻ സീരിയലിലേക്ക് വിളിക്കുന്നത്. കായികരംഗത്തും തിളങ്ങിയ പ്രതിഭയാണ് സൗമ്യ. പോൽ വോൾട്ടിൽ ദേശീയതലത്തിൽ വെങ്കല മെഡൽ കരസ്ഥമാക്കിയ ഒരു അത്‌ലറ്റ് കൂടിയാണ് താരം.