
പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പാചകവാതക ക്ഷാമം രൂക്ഷമായി തുടരുകയാണ്. രാജ്യം മുഴുവനും പാചക വാതകം ലഭിക്കാതെ വലിയ പ്രതിസന്ധിയാണ് നേരിട്ടു കൊണ്ടിക്കുന്നത്. ഭൂരിഭാഗം കടകളും ഇതിനകം അടച്ചു പൂട്ടി കഴിഞ്ഞു. വീടുകളിലെ അവസ്ഥയും ഇങ്ങനെ തന്നെയാണ്. ഒരു ഗ്യാസ് സിലിണ്ടർ ലഭിക്കുമോന്നറിയാൻ പരക്കം പായുകയാണ് ജനങ്ങൾ. നാട്ടിൽ പുറങ്ങളിലെ അമ്മമാർ ഇതിനകം വിറക് കൊള്ളികളെ ആശ്രയിച്ചു കഴിഞ്ഞു.
പാചക വാതകം ലഭിക്കാതെ വന്നതോടെ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കിടുന്നത്. സാധാരണക്കാർ മുതൽ സിനിമ താരങ്ങൾ അടക്കം ഇക്കൂട്ടത്തിലുണ്ട്. ഇക്കൂട്ടത്തിൽ തെന്നിന്ത്യൻ താരം സമീറ റെഡ്ഡി പങ്കുവച്ച റീൽ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധനേടിയിരിക്കുകയാണ്. കാത്തിരിപ്പുകൾക്ക് ഒടുവിൽ ഗ്യാസ് സിലിണ്ടർ ലഭിച്ച സന്തോഷമാണ് സമീറ പങ്കുവച്ചത്. ഒപ്പം രസകരമായ റീലും. ഗ്യാസ് സിലിണ്ടറിന് രാജകീയ സ്വീകരണമാണ് താരം നൽകിയിരിക്കുന്നത്. കിംഗ് ഗ്യാസ് എന്ന് കുറിച്ച് സിലിണ്ടറിന് കിരീടവും ചൂടി കൊടുത്തിട്ടുണ്ട് സമീറ.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. പലരും സിലിണ്ടറിന് 'ദീർഘായുസ്' ആണ് നേരുന്നത്. ‘വിഐപി രാജ ഒരു ഹ്രസ്വ സന്ദർശനത്തിനായി എത്തിയിരിക്കുന്നു. രാജ നീണാൾ വാഴട്ടെ, ഇതൊക്കെയാണ് രാജവാഴ്ച’, എന്നിങ്ങനെ പോകുന്നു കമന്‍റ്. 'ലേ ഗ്യാസ്- എന്നെ നന്നായി നോക്കണം കേട്ടോ. ആഹാരം പാകം ചെയ്യണ്ട. പെട്ടെന്ന് തീരും. പകരം വിറക് എടുത്തോ', എന്നാണ് ഒരാളുടെ കമന്‍റ്. എന്തായാലും റീല്‍ വലിയ ശ്രദ്ധനേടി കഴിഞ്ഞു.
ബേളിവുഡിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് സമീറ റെഡ്ഡി. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ സിനിമകളില്‍ അഭിനയിച്ച സമീറയ്ക്ക് പക്ഷേ ഇന്‍റസ്ട്രിയില്‍ വേണ്ട രീതിയില്‍ ശോഭിക്കാനായിട്ടില്ല. വിവാഹം കഴിഞ്ഞ് കുടുംബ ജീവിതവുമായി മുന്നോട്ട് പോകുന്ന താരം സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്.